റ്റിജി തോമസ്

ഇന്നലത്തെ മഴയ്ക്ക് ഒരു അവസാനമുണ്ടാകുമെന്ന് അവൻ കരുതിയില്ല , അവളും ..

എന്നിട്ടും തോർന്നു , ഇനിയും തെളിഞ്ഞിട്ടില്ലാത്ത ആ പകൽ പതിവിൽ കൂടുതൽ സമയമെടുത്ത് ഇഴഞ്ഞു നീങ്ങി .

തിരിച്ചറിവുകളുടെ കാര്യത്തിൽ അവൻ മിടുക്കാനാണെന്ന് പുകഴ്ത്തിയവരാണ് അവന്റെ അധ്യാപകർ എല്ലാവരും .. പക്ഷേ ഇന്ന് അവൻ പതറിപ്പോയി..

നിലപാടുകളുടെ കാര്യത്തിൽ അവളും എല്ലാവരേക്കാളും ഒരുപടി മുന്നിലായിരുന്നു .എന്നാൽ അവൾക്ക് പിഴവ് പറ്റിയിട്ട് കുറച്ചു കാലമായി . ഭർത്താവിന്റെ നിഴലിൽ സ്വയം മറഞ്ഞ് , ആവർത്തന വിരസതയുടെ പ്രതീകമായി പത്രങ്ങളിലും ടെലിവിഷൻ ന്യൂസിലും കാണുന്ന ഒരു സാധാരണ പെണ്ണായി മാറേണ്ടി വരുമെന്ന് അവളും കരുതിയിരുന്നില്ല .

അവളുടെ തിരിച്ചറിവിന് മുപ്പത്തൊൻപതിന്റെ പക്വത മതിയായില്ല , എന്നാൽ അവൻ കുട്ടിയാണെന്ന് അവൾക്ക് മനസ്സിലായി . പ്രണയവും വിരഹവും ഒക്കെ നിശ്വാസത്തെപ്പോലും ബാധിക്കുന്ന അവസ്ഥകളാണെന്ന് കരുതുന്ന പ്രായം . അവൻ ഒപ്പമിരുന്ന് യാത്ര ചെയ്യാൻ തുടങ്ങിയ നിമിഷം തന്നെ അവൾ തിരിച്ചറിഞ്ഞു ,, ആ ചെറുപ്പക്കാരനെ എന്തോ അലട്ടുന്നുണ്ട് .. പൂർവ്വ വിദ്യാർത്ഥിയുടെ അധികാരം വിനിയോഗിച്ച് അവൾ പലതും അവനിൽ നിന്ന് ചികഞ്ഞെടുത്തു ..

‘ജ്യോതി’ അതായിരുന്നു അവന്റെ ദുഖം . ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയ കഥയുടെ ബാക്കിപത്രം . എങ്ങോട്ടെന്നോ എന്തിനെന്നോ ഉറപ്പിക്കാതെ നീണ്ട യാത്രയിലേക്ക് തിരിച്ചതാണ് അവൻ . അത് ഒരിക്കലും പ്രതീക്ഷയുടെ വഴിയിലേക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി .

അവൻ ആ വഴി പിരിഞ്ഞിട്ട് അധികമായിരുന്നില്ല ,അതുപോലെ അവൾക്കും പുതുവഴി തേടിപ്പോകാൻ അവസരം ലഭിച്ചതും ഇന്ന് മാത്രമായിരുന്നു ,

പ്രണയം കൊടുമ്പിരി കൊള്ളുമ്പോൾ വിവേകവും വിചാരവും നഷ്ടമാകുമെന്ന് പറഞ്ഞു കേട്ടത് സത്യമാണെന്ന് അവൾക്ക് ഇപ്പോൾ ഉൾക്കൊള്ളാനാകുന്നു . അയാൾ തന്നിൽ നിന്ന് അകന്നത് എപ്പോഴാണ് . വാസ്തവത്തിൽ അയാൾ എപ്പോഴെങ്കിലും ഉള്ളുകൊണ്ട് തന്നോട് അടുത്തിട്ടുണ്ടോ . എന്തായാലും അവസാന കയ്യൊപ്പോടെ ഇന്നത്തെ ഇരുണ്ട പുലരിയിൽ എല്ലാം അവസാനിച്ചപ്പോഴാണ് , ഇന്നോളം വെറുത്തിരുന്ന മഴ ദിവസത്തിന് ഇത്ര ഭംഗിയുണ്ടെന്ന് അവൾക്ക് മനസ്സിലായത് ..

“ജ്യോതിയുടെ നിറഞ്ഞ ചിരിയിൽ നിന്ന് എനിക്ക് ഒരു മോചനമില്ല , എല്ലാം അവസാനിച്ചകന്നാലും ഉൾക്കൊള്ളാനാകാത്ത ചിലരുണ്ടല്ലോ, പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലർ .. ഞാൻ അങ്ങനെയാ .” ഇന്ന് രാവിലെ ഡയറിയിൽ എഴുതിയ വാചകത്തിന് മരണത്തിന്റെ തണുപ്പുണ്ടെന്ന് അവനു തന്നെ തോന്നിയിരുന്നു . ഇതുവരെ അത് ആരും കാണാത്തത് കൊണ്ട് അവന്റെ ഉള്ളിലുള്ളത് ആർക്കും കണ്ടെത്താനുമായില്ല .

എന്നാൽ അവന്റെ ചിന്തകളുടെ അപൂർണ്ണ രൂപം ഉൾക്കുരുക്കിൽ നിന്ന് അഴിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു . ഊഹം ശരിയാണെങ്കിൽ അവനും അടുത്ത വളവിൽ ഈ യാത്ര അവസാനിപ്പിക്കും , ഒരു പക്ഷേ അവളുടെ യാത്ര പുതിയ തുടക്കത്തിലേക്കും അവന്റേത് അവസാനത്തിലേക്കും ആയേക്കുമോ എന്ന് അവൾ ഭയന്നു .

ചോദ്യങ്ങളുടെ വലയത്തിനുള്ളിൽ അവനെ തളയ്ക്കാൻ അവളും ആഗ്രഹിച്ചില്ല , ആറാം വളവിൽ ഇരുവരുടെയും യാത്ര അവസാനിച്ചു . അവസാനയാത്രയിൽ പലരും ബാക്കിവച്ച നിശ്വാസങ്ങൾ ഇരുവരെയും പൊതിഞ്ഞു . ഇരുട്ടും കുളിരും കൊണ്ട് പകൽ വീണ്ടും യൌവ്വനം വീണ്ടെടുക്കുന്നത് പോലെ അവൾക്ക് തോന്നി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചുവപ്പ് കുപ്പായക്കാരൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനിയങ്ങോട്ട് അയാൾ എന്ന് മാത്രം അവൾ വിശേഷിപ്പിക്കാൻ ആഗ്രഹിച്ചയാൾ .ചുവന്ന ടി ഷർട്ടിൽ അയാളും ഒരിക്കൽ കൂടി യൌവ്വനം പകർന്നാടാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു . മുപ്പത്തിന്റെ തുടിപ്പ് നാൽപ്പതുകളിലും അയാളെ വിട്ടുപോയിരുന്നില്ല ,

ഇന്നത്തെ മോചനം അയാളുടെ പ്രസരിപ്പ് ഇരട്ടിപ്പിച്ചു .

അവനും അവൾക്കൊപ്പം ഉണ്ടായിരുന്നു , അയാൾ മുഖവുരയില്ലാതെ ഒരു വലിയ പെട്ടി അവൾക്ക് മുന്നിലേയ്ക്ക് ഇട്ടുകൊണ്ടു പറഞ്ഞു , “നിന്റെ നിഴൽ പോലും ഇനി എന്റെ മുന്നിൽ കണ്ടു പോകരുത് ” ..

അവളും വാക്കുകൾ കരുതിയിരുന്നു . “എന്റെ നിഴലിന് പോലും നിങ്ങളുടെ വഴി മുടക്കാനാവുമെന്ന തിരിച്ചറിവ് ഉണ്ടല്ലോ അത് മതി”.

അയാൾ കരുതി വെച്ച വാക്കുകൾ പൂർത്തിയാക്കാതെ അകന്നു .

അവൾ അവന്റെ നേർക്ക് തിരിഞ്ഞു ..

“കാലം തെറ്റാതെ ഓരോ ശിശിരത്തിലും ഇല പൊഴിയുന്നത് വൃക്ഷത്തിന്റെ അവസാനത്തിനല്ല , അടുത്ത് തന്നെ ഉണ്ടാവുന്ന പുതുമഴയിൽ മുളയ്ക്കുന്ന തളിരിലകൾക്ക് ഇടം നൽകാനാണ് ..”

അവൾ അത് പറഞ്ഞു നിർത്തുമ്പോൾ .. ഇന്നലത്തെ മഴയിൽ കുതിർന്ന് ഇന്ന് ഇപ്പോഴും അവസാനിക്കാത്ത പുലരിയിൽ തളിരിലകൾക്ക് ഇടം കൊടുക്കാൻ കൊതിക്കുന്ന ഒരു വൻമരം അവന്റെ ഉള്ളിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . ആ വളവും ആ വഴിയും തന്റേതല്ല എന്ന് മനസ്സിലാക്കാൻ അവന് അവളുടെ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു ..

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.