സ്നേഹപ്രകാശ്. വി. പി.
ഇനിയൊരു കഥ പറയാം. ഒരു പഴയ കഥ. പാണന്റെ പഴംപാട്ടു പോലെ, പാടിപ്പതിഞ്ഞ ഈരടികൾ പോലെ, പറഞ്ഞു പതം വന്ന കഥ.
പണ്ട് എന്നുവെച്ചാൽ പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു. അതാണല്ലോ പഴങ്കഥകളുടെ ഒരു ശൈലി. ഒരു വലിയ മലയും, മലയിലെ വിഭവങ്ങളും, അതിന്റെ താഴ്‌വരയിലെ ജനങ്ങളും രാജാവിന്റേതായിരുന്നു. തികഞ്ഞ രാജഭക്തിയുള്ളവരായിരുന്നു പ്രജകൾ. രാജാവ് മലമുകളിലെ കൊട്ടാരത്തിലിരുന്ന് സസുഖം തന്റെ സാമ്രാജ്യം ഭരിച്ചു പോന്നു.
എന്നാൽ നമ്മുടെ രാജാവിന് ഒരു ദൗർബല്യമുണ്ടായിരുന്നു. രാജാവാണെന്ന് വെച്ച് ദൗർബല്യമില്ലാതാവില്ലല്ലോ. അദ്ദേഹം എലികളെ വളർത്തിയിരുന്നു. മലയിൽ മുഴുവൻ എലികളുടെ മടകളായിരുന്നു. എലികളും രാജാവിനെപ്പോലെത്തന്നെ സുഭിക്ഷതകൊണ്ട് തടിച്ചു കൊഴുത്തിരുന്നു.
കാലം കഴിയവേ കാട്ടിലെ മൂപ്പന് ഒരു സംശയം. ഈയിടെയായി കാട്ടിലെ വിഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടോ ? എലികളല്ലേ മല നിറയെ. പിന്നെ കാട്ടിലെ വിഭവങ്ങൾ കുറയാതിരിക്കുമോ. മൂപ്പൻ ഈ കാര്യം വളരെ രഹസ്യമായി മൂപ്പത്തിയോട് പറഞ്ഞു. രഹസ്യമായതുകൊണ്ടാവാം മുപ്പത്തി, അത് മറ്റു പെണ്ണുങ്ങളോടും അവർ അവരുടെ ആണാളുകളോടും… അങ്ങനെയങ്ങനെ കാര്യം എല്ലാവരും അറിഞ്ഞു. പെട്ടെന്നുതന്നെ കാട്ടിലെയും നാട്ടിലെയും ജനം സംഘടിച്ച് മൂപ്പന്റെ നേതൃത്വത്തിൽ രാജാവിനോട് പോരിനിറങ്ങി. ഒരു നാടിന്റെ മുഴുവനും പിന്തുണയുണ്ടായിരുന്നതിനാൽ ഒടുവിൽ മൂപ്പൻ രാജാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. അണികൾ മൂപ്പനെ തോളിലേറ്റി മൂപ്പനാണ് ഇനി തങ്ങളുടെ രാജാവെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആനന്ദനൃത്തം ചവിട്ടി.
ഇനിയെന്ത് ?
എല്ലാവരും ആലോചിച്ചു.
“എലികളാണ് നമ്മുടെ ശത്രു.. ”
ഒന്നാമൻ പറഞ്ഞു.
“ഈ കാടും, നാടും മുഴുവൻ നശിപ്പിച്ചത് എലികളാ… നമുക്കവയെ നശിപ്പിക്കണം.. ”
ചുണ്ടിലെരിയുന്ന ബീഡി ആഞ്ഞു വലിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.
“എങ്കിലും അവയെ കൊല്ലണോ..? ”
മൂന്നാമന്റെ ഒരു സംശയം.
“അവയെക്കൊന്ന് നാടിനെ രക്ഷിക്കാമെന്നു പറഞ്ഞിട്ടാ ഞാൻ നിങ്ങളുടെ കൂടെ നിന്നത് .. ”
നാലാമൻ ന്യായം പറഞ്ഞു.
ഇത്രയധികം എലികളെ കൊന്നൊടുക്കുക അത്ര എളുപ്പമാണോ ?
മൂപ്പൻ തല പുകഞ്ഞാലോചിച്ചു. മൂപ്പന്റെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ നഗ്നമായ നെഞ്ചിലേക്കിറങ്ങി. മൂപ്പന്റെ അവസ്ഥ കണ്ട് മൂപ്പത്തിയുടെ മനമലിഞ്ഞു. അവർ പറഞ്ഞു.
“നമുക്കീ മല മറിച്ചിടാം… അപ്പോൾപ്പിന്നെ എലികളുടെ പ്രശ്നമില്ലല്ലോ.. ”
മൂപ്പൻ സമ്മതിച്ചു. അങ്ങനെ അവർ എല്ലാവരും കൂടി മല മറിച്ചിടാൻ തയ്യാറായി. മൂപ്പൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി.
“ഇനി നമുക്ക് മല മറിക്കാം… മല മറിക്കാം കൂട്ടരേ.. ”
ഒരായിരം കണ്ഠങ്ങളിലൂടെ ഒരു വിപ്ലവ ഗാനം പോലെ അവരത് ഏറ്റുപാടി.
” ഇനി നമുക്ക് മല മറിക്കാം, മല മറിക്കാം കൂട്ടരേ…
മല മറിച്ച് മല മറിച്ച് എലികളെ തുരത്തിടാം..
എലികളെന്ന വർഗ്ഗമിനി നാട്ടിൽ വേണ്ട കൂട്ടരേ..
എലിയില്ലാത്ത, മലയില്ലാത്ത ലോകമെത്ര സുന്ദരം…
“അപ്പോൾ എല്ലാ മലയും മറിച്ചിടണോ മൂപ്പാ…? ”
ഒരു ഡൗട്ടിങ്ങ് തോമസ്.
മൂപ്പന്റെ കണ്ണിൽ തീ ആളി. ചോദ്യകർത്താവിനെ ദഹിപ്പിക്കുന്ന പോലെ നോക്കി മൂപ്പൻ ചൊല്ലി.
“ഈ മല, ഈ മല, ഈ മല മാത്രം
ഈ മല, എലിമല, എലിമല മാത്രം
ഈ മല എലിമല, ചതി മല മാത്രം ”
പിന്നീടയാളുടെ നാക്ക് പൊങ്ങിയില്ല. മൂപ്പനും കൂട്ടരും തങ്ങളുടെ കോറസ്സിലേക്ക് തന്നെ മടങ്ങിപ്പോയി.
“എലിയില്ലാത്ത, മലയില്ലാത്ത
ലോകമെത്ര സുന്ദരം..
പങ്കു ചേരുക, പങ്കുചേരുക
പുണ്യമാമീ കർമത്തിൽ… ”
മൂപ്പന്റെ ഉണർത്തുപാട്ട് ഏറ്റുപാടിക്കൊണ്ട് അവർ മലക്കുചുറ്റുമായി കൈകോർത്തു പിടിച്ചു നിന്നു. പിന്നീട് തങ്ങളുടെ ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് അവർ മല മറിച്ചിടാൻ ശ്രമിച്ചു. പക്ഷേ മല ഒന്നിളകാൻ പോലും കൂട്ടാക്കിയില്ല. ഈയിടെയായി രാജാവിനെതിരെ സംസാരിക്കുന്നതിൽ കവിഞ്ഞു അവർ ഒന്നും ചെയ്യാറില്ലയിരുന്നു. വേല ചെയ്യാൻ പോലും മറന്നു പോയിരുന്ന അവരുടെ ശരീരത്തിലെ മാംസപേശികളിൽനിന്നും ശക്തി ചോർന്നു പോയിരുന്നു. ഒടുവിൽ തളർന്നു വീണ തന്റെ ആൾക്കാരെ നോക്കി മൂപ്പൻ പറഞ്ഞു.
” ഇതൊരു പാഴ്‌വേലയാ… നമുക്കൊരു കാര്യം ചെയ്യാം…. രാജാവ് മുൻപ് ഉപയോഗിച്ച മലമുകളിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റാം… ”
“ഇത്രയും കാലം എലികളുണ്ടായിട്ടും നമ്മളിവിടെ താമസിച്ചില്ലേ…? ”
“ശരിയാ … ”
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
തളർന്നു പോയ അവരുടെ തൊണ്ടയിലൂടെ എന്തെല്ലാമോ ശബ്ദങ്ങൾ പൊങ്ങി വന്നു. ഒടുവിൽ എല്ലാവരും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.
“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”
അങ്ങനെ മൂപ്പനും, മൂപ്പത്തിയും കൂട്ടരും മല കയറാൻ തുടങ്ങി. കുറെ ദൂരം താണ്ടിയപ്പോൾ പലർക്കും മടുപ്പായി. വീണ്ടും അവരിൽ നിന്നും പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
“ഇതിലും നല്ലത് രാജാവ് തന്നെയായിരുന്നു.. ”
“ആര് ഭരിച്ചാലും നമുക്ക് ഒരു പോലെത്തന്നെ… ”
“എങ്കിൽ മൂപ്പൻ മാത്രം രാജാവായി മലമുകളിൽ താമസിക്കട്ടെ.. ‘
അങ്ങനെ മലയുടെ പല മടക്കുകളിൽ നിന്നായി പലരും പല വഴിക്ക് പിരിഞ്ഞു. അവർ താഴ്‌വരയിലേക്ക് തിരിച്ചു പോയി. ഒടുവിൽ യാത്രാദുരിതം സഹിക്കവയ്യാതെ എവിടെയോ വെച്ച് മൂപ്പത്തിയും, മൂപ്പനെ കൈവിട്ടു. എന്നാൽ മൂപ്പനും അനുയായികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ പഴയ രാജാവിന്റെ കൊട്ടാരത്തിലെത്തി. സ്വർണം പതിച്ച സിംഹാസനത്തിൽ മൂപ്പൻ ഉപവിഷ്ടനായി. ചെങ്കോലും കൈയിലേന്തി ഭരണം തുടങ്ങി. പഴയ രാജാവിന്റെ ഖജനാവ് കാലിയായിരുന്നില്ല. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു താനും. മൂപ്പൻ പിന്നീട് താഴ്‌വരയിലേക്ക് നോക്കിയതേയില്ല.
വളരെ പെട്ടെന്ന് തന്നെ അധികാരം തലക്കുപിടിച്ച മൂപ്പന്റെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. ഒരിക്കൽ താഴ്‌വരയിൽ നിന്നും ആൾക്കാർ സങ്കടമുണർത്തിക്കാനായി വന്നു. അവർ മൂപ്പന് നേദിക്കാനായി പനങ്കള്ളും കാട്ടുപെണ്ണിനേയും കൊണ്ടു വന്നിരുന്നു. മൂപ്പൻ അവർക്ക് തന്റെ അരമനയിലെ അപ്സരസ്സുകളെയും, വിദേശ നിർമിതമായ മദ്യശേഖരവും കാണിച്ചു കൊടുത്തു. മേലിൽ കൊട്ടാരത്തിൽ കാലുകുത്തരുതെന്ന താക്കീതോടെ അവരെ ആട്ടിയോടിച്ചു.
കാലചക്രം വീണ്ടും തിരിഞ്ഞു. മൂപ്പന്റെ ദുർഭരണം അതിന്റെ പാരമ്യത്തിലെത്തി. നാടുമുഴുവൻ പട്ടിണിയിലായപ്പോഴും മൂപ്പനും കൂട്ടരും മദോന്മത്തരായി കൊട്ടാരത്തിൽ വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ മൂപ്പന് ആകെ ഒരു വല്ലായ്മ. ഒരു വിധത്തിൽ എഴുന്നേറ്റ് ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. താൻ ഒരു വലിയ എലിയായി മാറിയിരിക്കുന്നു. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട് മൂപ്പൻ സിംഹാസനത്തിൽ നിന്നും ചാടിയിറങ്ങി ജാലകത്തിലൂടെ താഴ്‌വരയിലേക്ക് നോക്കി. അവിടെ നിന്നും ഒരു വല്ലാത്ത ആരവം കേൾക്കുന്നുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും ചില വെളുത്ത പൊട്ടുകൾ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. മൂപ്പൻ താഴ്‌വരയിലെ കാഴ്ച്ചകൾ കാണാൻ വേണ്ടി ഒരുക്കിയിരുന്ന ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കി. അവ പൂച്ചകളായിരുന്നു. എലികളെ തിന്നൊടുക്കിക്കൊണ്ട് അവ മലമുകളിലേക്ക് വരികയായിരുന്നു. എലികളുടെ രക്തം കവിളുകളിലൂടെ ഒലിച്ചിറങ്ങി പൂച്ചകളുടെ തലകൾ ചുവപ്പു നിറമായിരുന്നു. അവ അതിശീഘ്രം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. അവയ്ക്ക് ഒരു നേതാവില്ലായിരുന്നു.!
സ്നേഹപ്രകാശ് വി. പി. :- കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയി പ്രവർത്തിച്ചു. വിരമിച്ചതിനുശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്.
2008 ൽ ബേപ്പൂർ ശാഖ മാനേജർ ആയിരിക്കെ ബഷീർ ജന്മ ശദാബ്‌ദിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനു വേണ്ടി ശ്രീ. അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. 2021 ൽ “ഉടലുകൾ” എന്ന പേരിൽ 60 കുറുംകഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply