ഡോ. ഐഷ വി
ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.
ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.
പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.
പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply