ശിവജ കെ.നായർ
സമൃദ്ധിയുടെ പര്യായമാണ് നമ്മൾ മലയാളികൾക്ക് ഓണം. സ്കൂൾ കാലത്ത് ഒരോണത്തിനാണ്
എനിയ്ക്കും അനുജത്തിയ്ക്കും അച്ഛൻ വെള്ളി കൊണ്ടുള്ള ഒരു മാങ്ങാക്കൊലുസ് തീർപ്പിച്ചു തന്നത്. നാട്ടിൻപുറത്തെ സ്വർണ്ണപ്പണിക്കാരൻ തന്റെ സ്വന്തം പണിശാലയിൽ പണിതു തന്ന ആ കൊലുസ്സ് കൈയിൽ കിട്ടാൻ കാത്തിരുന്ന കാലത്ത് അത് കാലിലിട്ടു നടക്കുന്നതിന്റെ ഒരു പാട് റിഹേഴ്സലുകൾ മനസ്സിൽ നടന്നിരുന്നു. കാത്തിരുന്നു കിട്ടുന്ന സന്തോഷങ്ങളൊക്കെ ഇന്ന് കഥ മാത്രമായിരിയ്ക്കുന്നു. ചെന്ന് കണ്ട് ഇഷ്ടമുള്ളത് കൈക്കലാക്കുന്ന കാലവും കടന്ന് വേണ്ടതൊക്കെ ഒരു ക്ലിക്കിൽ വീട്ടിലെത്തിച്ചേരുന്ന കാലത്തെത്തി നിൽക്കുമ്പോഴും ആഘോഷങ്ങൾ മാറിയിട്ടില്ല. ആഘോഷിക്കുന്നവന്റെ ചുറ്റുപാടുകളാണ് മാറിയത്.
ഓണം എന്നാൽ മേളമായിരുന്നു. ഹൃദയങ്ങളുടെ മേളനമായിരുന്നു. പിന്നീടെപ്പോഴോ അത് മേളയായി മാറി. അണിഞ്ഞൊരുങ്ങലിന്റെ ,ആഹരിയ്ക്കലിന്റെ – ഒക്കെ മേളകൾ . ആചാരങ്ങളെ , ആഘോഷങ്ങളെ
ഒക്കെ ഒരു വാണിജ്യ സംസ്കാരം വിലയ്ക്കെടുത്തു. കിഴിവുകളും വാഗ്ദാനങ്ങളും മലയാളികളുടെ ദൗർബല്യങ്ങളായതോടെ ഓണവും മേളയായി. എന്നിരുന്നാലും മലയാളിയുടെ സ്വത്വബോധത്തോട് മറ്റെന്തിനെക്കാളും ഇഴയടുപ്പമാണ് ഓണത്തിനുള്ളത്. നേട്ടങ്ങളെ , നഷ്ടങ്ങളെ, ബന്ധുസമാഗമങ്ങളെ
എന്നു വേണ്ട എല്ലാറ്റിനെയും നമ്മൾ ഉത്രാടത്തിന്, തിരുവോണത്തിന് , അവിട്ടത്തിന് എന്നടയാളപ്പെടുത്തി. ” അതിന് നീ കുറെ ഓണം കൂടി ഉണ്ണണം ”
” നിന്നെക്കാൾ കുറെ ഓണം ഞാൻ കൂടുതലുണ്ടതാ ” എന്നൊക്കെ സ്വയം ഊറ്റം കൊണ്ടു .
” അച്ഛനിങ്ങു വരട്ടെ, ഇന്നു നിനക്കോണമാ ” എന്നു പറഞ്ഞ്
കുട്ടികളെ വിരട്ടി .
കുഗ്രാമങ്ങളെ ” ഓണം കേറാ മൂല ” എന്ന് വിശേഷിപ്പിച്ചു. ഇതിനിടയിലെപ്പൊഴൊക്കെയോ
ഓണമെന്ന സങ്കല്പത്തെ ,
അതിനു പിന്നിലുള്ള ഐതിഹ്യത്തെ ഒക്കെ
അവനവന്റെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു പരിഹസിച്ചു ചിരിച്ചു.
ആധികൾ, വ്യാധികൾ ഒന്നുമില്ലാത്ത കാലത്തെപ്പറ്റി നാം പാടി നടന്നപ്പോൾ ഒരിത്തിരിക്കുഞ്ഞൻ വന്ന് ആഘോഷങ്ങൾക്കും നമുക്കുമിടയിൽ വ്യാധി കൊണ്ടൊരു വരയിട്ടുകളഞ്ഞു. കൊറോണക്കാലത്തെ ഒരോണക്കാലം നാം പിന്നിട്ടു.
ആഘോഷങ്ങൾ മനസ്സിലും ആവാമെന്ന് നമ്മെപ്പഠിപ്പിച്ച കാലം.
ഇല്ലായ്മക്കാരന്റെ ഓണത്തെ ഇല്ലോളമെങ്കിലും തിരിച്ചറിഞ്ഞ കാലം..
കാലചക്രം കറങ്ങിക്കറങ്ങി ഒരു വേള പഴയ കാലത്തിലെത്തി നിൽക്കുന്ന പോലെ. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന് നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞിരുന്നു.
രാവിലെ കുളിപ്പിച്ച് നെറ്റിയിൽ മഞ്ഞൾ കൊണ്ട് ഗോപിക്കുറി ചാർത്തിച്ച് ഇഞ്ചിയില ,പയറില , ഉപ്പുമാങ്ങ, മഞ്ഞൾ, അരി വറുത്തത് , ശർക്കര ഇവയെല്ലാം ചേർത്ത് പശുക്കൾക്ക് , അരിമാവിൽ കൈപ്പത്തി മുക്കി നിരകളിൽ പതിപ്പിച്ച് ഗൗളികൾക്ക് , സന്ധ്യയായാൽ മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഉരുള ഉരുട്ടി നാക്കിലയിൽ വച്ച് ദീപം കൊളുത്തി, അതു കൂടാതെ ഒരു പന്തം കൊളുത്തി എച്ചിൽക്കുഴിയിലും വച്ച്
ഉറുമ്പുകൾക്ക് , എല്ലാം ഓണമൂട്ടിയിരുന്നു എന്റെ മുത്തശ്ശിമാർ .
കാലദേശഭേദങ്ങളനുസരിച്ച് ഇവയ്ക്കു മാറ്റമുണ്ടാവാം. എന്നാലും ഇക്കുറി നമുക്ക് ഇതൊക്കെ ഒന്ന് ആവർത്തിച്ചു കൂടേ ? പക്ഷിമൃഗാദികൾക്ക് മനുഷ്യരെ ഭയമാണ്. അതിനാൽ അവർ അകലം പാലിച്ചു കൊള്ളും. നാം വ്യാകുലപ്പെടേണ്ടതില്ല.
നമുക്കു ലഭിച്ച ഓണക്കാല സമൃദ്ധികളെ ആർക്കും കവർന്നു തീർക്കാനാവില്ല. കടലെടുപ്പുകളെ , കാറ്റെതിർപ്പുകളെ , പ്രളയഭയത്തെ, ഒക്കെ അതിജീവിച്ച നമ്മൾ നഷ്ടമായതിന്റെ പതിന്മടങ്ങ് ശോഭയുള്ള
ആഘോഷനാളുകളിലേക്ക് തിരിച്ചു വരിക തന്നെ ചെയ്യും അതുവരെ മനസ്സുകൊണ്ടടുക്കാം മനസ്സു കൊണ്ടാഘോഷിയ്ക്കാം. കൊറോണ വന്നതിൽ പിന്നെ രണ്ടാമത്തെ ഓണം എന്ന് നമ്മൾ വ്യാധിയോടു പോലും ഓണത്തെ ചേർത്തു വയ്ക്കും. കൊറോണ പോയതിൽ പിന്നെ ആദ്യത്തെ ഓണം – അതും വരാതിരിക്കില്ല. ഓർക്കണം എന്നതിന്റെ തുടക്കവും ഒടുക്കവും ചേർന്നതാണ് ഓണം. ഓർത്തിരിയ്ക്കാനും
കാത്തിരിയ്ക്കാനും ഒരോണമുണ്ടല്ലോ നമുക്ക് . ലോകമെമ്പാടുമുള്ള മലയാളം യു.കെ.യുടെ വായനക്കാർക്ക്
മനസ്സിൽ തൊട്ടു നേരുന്നു ഓണാശംസകൾ !
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
Leave a Reply