ശിവജ കെ.നായർ
മനുഷന്മാരുടെ ഓണവിശേഷങ്ങൾ നിറച്ചു വച്ചിട്ടുള്ള പത്തായത്തില് അധികമൊന്നും ബാക്കിയില്ലാണ്ടായിരിയ്ക്കുന്നുവത്രേ! പക്ഷേ, അത്രയ്ക്കങ്ങ് ഇല്ലാണ്ടായിട്ടൊന്നുമില്ലെന്നേ. ഉണ്ടായിരുന്നതൊക്കെ ഓരോരുത്തരങ്ങ് വാരിയെടുത്തെഴുതിപ്പൊലിപ്പിയ്ക്കുകയല്ലേ . പിന്നെങ്ങനെയാ ബാക്കിയുണ്ടാവുക. പക്ഷേ സങ്കടം വേണ്ട കേട്ടോ . ഈ പൊലിപ്പിക്കലുകൾ പൂത്തു വിരിഞ്ഞ് കായ്ച് പാകം വന്ന് കാറ്റിൽ പൊട്ടിത്തെറിച്ച് വീണിടങ്ങളിൽ മുള പൊട്ടി തഴച്ചുവളർന്ന് വേരുകളിൽ പിന്നെയും പൊട്ടിപ്പടർന്ന് തഴച്ചങ്ങനെ മുട്ടൻ മരങ്ങളാവും. പൂക്കും. കായ്ക്കും. വിത്തെടുത്ത് നമ്മൾ പത്തായം നിറയ്ക്കും.
ചുട്ടുപൊള്ളിയ രാവുകൾ മാത്രമാണിക്കുറി കർക്കിടകം തന്നു പോയത്. രാമായണത്താളിൽ അക്ഷരങ്ങൾ ചുട്ടുപൊള്ളി നിന്ന പോലെ …..! ഇരുട്ടു വീണാൽ പറമ്പിലെ റമ്പുട്ടാൻ മരത്തിൽ നിറയെ വവ്വാലുകൾക്ക് ആഘോഷരാവാണ്. ചിറകു കുടഞ്ഞും, ചില്ലയുലച്ചും അവരങ്ങനെ അടിച്ചു പൊളിക്കും. വ്യവസ്ഥകളില്ലാതെ പടർന്നു കായ്ച്ച ആ മറുനാടൻ മരം അവർക്ക് ആഹാരസമൃദ്ധിയുടെ ഓണം കൊണ്ടുവന്നു. ഇരുട്ടിനെ കീറിമുറിച്ച് അവരങ്ങനെ പറന്നു പോകുമ്പോഴും ഊഴമിട്ടൂഴമിട്ട് ചില്ലകളിൽ അമർന്ന് തൂങ്ങുമ്പോഴും പതിറ്റാണ്ടുകൾക്കപ്പുറത്ത് ആറ്റുതീരത്തെ പുളിമരച്ചില്ലയുലച്ചുയർന്ന് ഒരൂഞ്ഞാൽ ഓർമ്മകളുടെ മേഘത്തുണ്ടുകളിലേയ്ക്കങ്ങനെ ഊളിയിട്ടു പോയിട്ടുണ്ടാവും. വെട്ടിയൊതുക്കി ചട്ടം പഠിപ്പിക്കാതെ കാടു കയറി വളർന്നുല്ലസിക്കാൻ വിട്ട പേരമരം വെളിച്ചം കാണുന്നിടത്തേയ്ക്കൊക്കെയും തല നീട്ടി നീട്ടി കൂസലില്ലാതെ കായ്ച്ചു നിൽക്കുമ്പോൾ അതിൽ കേൾക്കാം പച്ചിലക്കുടുക്കകളുടെ ഓണപ്പാട്ട് . പഴങ്ങളുടെ ചുവപ്പൻ കാമ്പിലേയ്ക്ക് കൊതി കൊത്തി വച്ചിട്ടുണ്ടാവും അവരപ്പോൾ !
പരന്ന പഞ്ചായത്തിൽ പത്തടി വയ്ക്കുമ്പോഴേയ്ക്ക് ഒരു വീടാണ്. ചുരുക്കം ചില വീടുകൾക്ക് മാത്രമാണ് വിശാലമായ പറമ്പുള്ളത്. ഇത്തരം പറമ്പുകളിൽ മഞ്ഞക്കറുപ്പിന്റെ മിന്നലാട്ടം തീർക്കുന്ന ” കോമള ബാലന്മാരായ “ഓണക്കിളികളെ കാണാം. കറുപ്പഴകുള്ള മേനിയിൽ ഇത്തിരി വെള്ളപ്പൊട്ട് വീഴുമ്പോൾ കാക്കകൾക്ക് ഓണമായെന്നാണ് പറച്ചിൽ . ഉച്ചവെയിൽ തളർന്ന് മയങ്ങുന്ന നേരത്ത് അണ്ണാറക്കണ്ണൻമാർ മരത്തടിമേൽ അമർന്നിരുന്ന് ആഹരിയ്ക്കുന്നതു കാണാം. ഒരു മരത്തിന്റെ കായ്ക്കാലം അവർ ഓണമാക്കുകയാണ്.
ഓണമെന്നും പ്രകൃതിയിലാണ് ആദ്യം വെട്ടപ്പെടുന്നത്. വലുതും ചെറുതുമായ ഒരു പാട് പൂക്കളിൽ നിറവും മണവുമാകുന്നത് , നിലാവിന് ചേലു ചാർത്തുന്നത് , അതിനെയെല്ലാം ഓരോ ജീവസാന്നിദ്ധ്യങ്ങളും തങ്ങളോട് ചേർത്തു വയ്ക്കുമ്പോഴാണ് ഓണം ഉത്സവമാവുന്നത്. മനുഷന്മാര് തമ്മിൽ കാണുമ്പോൾ വല്ലാതെ അടുപ്പക്കാരാകും. ആശംസിച്ചാശംസിച്ചങ്ങ് ഓണമാക്കിക്കളയും . പക്ഷിമൃഗാദികളെപ്പോഴും തമ്മിൽ ഒരു മനോഹര ദൂരം സൂക്ഷിയ്ക്കും. അകലവും അടുപ്പവും മനോഹങ്ങളായിരിയ്ക്കട്ടെ . ഉത്സവ സീസണുകളിൽ ആശംസിയ്ക്കാനായി മാത്രം എവിടെയും കടന്ന് ചെല്ലുകയും അടുത്ത ഉത്സവത്തിന് മാത്രം വീണ്ടും വരികയും ചെയ്യുന്ന പോളീഷ് ചിരികളെ മാറ്റി നിർത്തി ഓണമെന്ന ആശയത്തെ ആഴത്തിൽ സംഭവിപ്പിക്കുന്ന ബന്ധങ്ങളെ ചേർത്തുപിടിയ്ക്കാം. ഓണം ഓളവും മേളവും മാത്രമല്ല അത് ഒരിയ്ക്കലും പിഴയ്ക്കാത്ത ,ഹൃദയ ബന്ധങ്ങളുടെ താളം കൂടിയാണ്. –
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശിയാണ് , തൃക്കടിത്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
Leave a Reply