ലിസ മാത്യു
മലയാളികളെയൊക്കെയും ഗൃഹാതുരത്വത്തിന്റെ വിസ്മൃതികളിലേക്ക് നയിക്കുന്ന ഒരു ഓണക്കാലം കൂടെ വരവായി. നാടെങ്ങും ഓണാഘോഷത്തിന്റെ മാറ്റൊലികൾ ഉയരുമ്പോൾ, അറിയാതെ മലയാളി മനസ്സുകൾ ഒരിക്കൽ കൂടി 2018 ലെ ഓണക്കാലത്തിലേക്ക് എത്തും. പ്രളയത്തിന്റെ അതിഭീകരമായ ദുരവസ്ഥ 2018 ഓഗസ്റ്റ് മാസം പകുതിയോടെ കേരള മണ്ണിൽ ആഞ്ഞടിച്ചപ്പോൾ, അക്കാലത്തെ ഓണവും അതോടൊപ്പം മലയാളിക്ക് നഷ്ടമായി. അതിനുശേഷം പിന്നീട് അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും 2050 ഓടെ ആലപ്പുഴയുടെയും എറണാകുളത്തിന്റെയും കോട്ടയത്തിന്റെയുമൊക്കെ പ്രദേശങ്ങൾ സമുദ്രനിരപ്പിന് താഴെയാകുമെന്ന പ്രവചനങ്ങളും നമ്മളെ ഓർമിപ്പിക്കുന്നത് എന്താണ്? പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പ്രവർത്തനങ്ങളെ ഇനിയെങ്കിലും പൂർണ്ണമായി അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഓരോന്നും നമ്മെ ഓർമിപ്പിക്കുന്നത്.
ഇക്കാലത്ത് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥ വ്യതിയാനം. അത് നാം ഭയന്നതിലും വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ലോകത്തിന്റെ ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സമുദ്രനിരപ്പുകൾ ക്രമാതീതമായി ഉയരുന്നു, ആർട്ടിക് പ്രദേശത്തെ ഗ്ലെഷിയറുകൾ ഉരുകുന്നു, പവിഴപ്പുറ്റുകൾ നശിക്കുന്നു, സമുദ്രങ്ങൾ അമ്ലീകരിക്കപ്പെടുന്നു, വനങ്ങൾ കാട്ടുതീയാൽ നശിപ്പിക്കപ്പെടുന്നു, കടുത്ത വരൾച്ച പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നു. ഇങ്ങനെ ലോകമെമ്പാടും വിവിധ തരത്തിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രതിഫലിക്കപ്പെടുന്നു.
കൽക്കരി, എണ്ണ, വാതകം മുതലായവയുടെ ഉൽപ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും ഭാഗമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളിൽ കാര്യമായ കുറവൊന്നും ഇല്ലെന്ന് തന്നെയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളൊക്കെയും സൂചിപ്പിക്കുന്നത്. ഇതുമൂലം ലോകത്തെമ്പാടും താപനില ക്രമാതീതമായി ഉയരുകയാണ്. ഊർജം, വ്യവസായം, ഗതാഗതം, കൃഷി, ഭൂവിനിയോഗം എന്നിവയാണ് ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്ന പ്രധാന മേഖലകൾ .ഭൂമിയുടെ ഉപരിതലത്തിലെ ശരാശരി താപനില ഇപ്പോൾ 1800-കളുടെ അവസാനത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വിലയിരുത്തുവാൻ യു എൻ സംഘടന സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി ) ന്റെ റിപ്പോർട്ട് പ്രകാരം ആഗോള കാലാവസ്ഥയിൽ ഇപ്രകാരം ഒരു മാറ്റം മുൻപ് ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്നുണ്ട്. ഇതിൽ പ്രകാരം കൂടുതൽ ഉഷ്ണ തരംഗങ്ങളും, കടുത്ത വരൾച്ചകളും ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇത്തരം ഒരു സാഹചര്യത്തിൽ ലോകരാജ്യങ്ങൾ എല്ലാം തന്നെ ഈ ഒരു പ്രതിസന്ധിയെ മറികടക്കാനായി ഒറ്റക്കെട്ടായി നിൽക്കാനുള്ള തീരുമാനമാണ് പാരിസ് ഉടമ്പടിയിലൂടെ മുന്നോട്ടുവെച്ചത്. നാം ജീവിക്കുന്ന നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് മനുഷ്യൻ പിന്തിരിയേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. നമ്മുടെ വികസന പ്രക്രിയകൾ പ്രകൃതിയെ നശിപ്പിക്കാതെയാകണം. സുസ്ഥിര വികസന മാതൃകകൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇതോടൊപ്പം തന്നെ പ്രകൃതിദുരന്തങ്ങളെ നേരിടുവാൻ തക്കതായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യൻ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രകൃതി തന്നെയും നമ്മെ ഓർമിപ്പിക്കുന്നു.
ലിസ മാത്യു
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ബി എ പഠനവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും എം എ പഠനവും പൂർത്തിയാക്കി.
Leave a Reply