ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വീട് വാങ്ങി,പുതിയ സ്ഥലത്തേക്ക് താമസ്സം മാറാൻ അവർ തീരുമാനിച്ചപ്പോൾ അവരെ ഏറ്റവും വിഷമിപ്പിച്ചത് കുട്ടികളുടെ നിലപാടുകൾ ആയിരുന്നു.
ഇളയ കുട്ടി ഒന്നാം ക്ലസ്സിലും മൂത്ത ആൾ മൂന്നിലും പഠിക്കുന്നു.ആറും ഒൻപതും വയസ്സ് പ്രായം.
പുതിയ സ്ഥലത്തേക്ക് താമസ്സം മാറുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരെ നഷ്ട്ടപെടും. സ്‌കൂൾ മാറണം,പുതിയ അദ്ധ്യാപകർ എങ്ങിനെയുള്ളവരായിരിക്കും, തുടങ്ങി ഒരുപാട് പ്രശനങ്ങൾ കുട്ടികൾ രണ്ടുപേരേയും വിഷമിപ്പിച്ചു.അതുകൊണ്ട് രണ്ടുപേരും പുതിയ സ്ഥലത്തേക്ക് മാറുന്നതിന് ഇഷ്ടപ്പെട്ടില്ല.കുട്ടികളുടെ വിഷമം കണ്ട് ഭാര്യയും അവരുടെ ഒപ്പം കൂടി .
എങ്കിലും വാങ്ങാൻ തീരുമാനിച്ച പുതിയ വീടും പരിസരങ്ങളും എല്ലാം വന്നുകണ്ടപ്പോൾ അവരുടെ എതിർപ്പിൻ്റെ ശക്തി കുറഞ്ഞു.ഇപ്പോൾ താമസ്സിക്കുന്നതിലും വളരെയധികം സൗകര്യമുള്ളതും സുന്ദരവും ആയിരുന്നു,പുതിയ സ്ഥലം.പ്രതീക്ഷിച്ചിരുന്നതിലും കുറഞ്ഞ വിലക്ക് സൗകര്യപ്രദമായ ഒരു ഫ്ലാറ്റ് കിട്ടിയപ്പോൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവസാനം അവർ സമ്മതം മൂളി.
സ്വിറ്റ്സർലണ്ടിൽ എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളാണ് ,അല്ലെങ്കിൽ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളാണ്,എന്നും പറയാം.പ്രകൃതിക്ക് കഴിവതും കോട്ടം വരാതെയുള്ള നിർമ്മാണമാണ് അവരുടേത്.

പുതിയ താമസസ്ഥലത്തു് എത്തിയപ്പോൾ ആദ്യത്തെ ഒരാഴ്ച, സ്‌കൂളിൽ പോകാൻ മക്കൾ രണ്ടുപേർക്കും മടിയായിരുന്നു.എന്നാൽ അവർ രണ്ടുപേരും പെട്ടന്ന് പുതിയ സാഹചര്യങ്ങളും കൂട്ടുകാരുമായി ഇണങ്ങി.
വീടിൻറെ അടുത്ത് തന്നെയുള്ള പാർക്കും കളിസ്ഥലങ്ങളും കുറച്ചുനടന്നാൽ സായാഹ്ന സവാരിക്ക് പോകാൻ പറ്റിയ വനങ്ങളും എല്ലാമായി മനോഹരമായ ഭൂപ്രദേശം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമായി.
വിസ്‌തൃതമായ റോഡിൻറെ ഇരുവശങ്ങളിലുമായി പുതിയതായി പണിത മനോഹരമായ വീടുകളും ഫ്ലാറ്റുകളും ആർക്കും ഇഷ്ടപ്പെടുമായിരുന്നു.
രണ്ടാമത്തെ നിലയിൽ ഉള്ള ഒരു ഫ്ലാറ്റ് ആണ് അവർ വാങ്ങിയത്. എല്ലാ വീടുകളിലും ആൾ താമസമുണ്ടെങ്കിലും എല്ലാവരും ജോലിക്കാരായതുകൊണ്ടായിരിക്കാം അധികം ആളുകളെ പുറത്തു കാണാറില്ല.
ഒരു ദിവസം ജോലികഴിഞ്ഞു അയാൾ വരുമ്പോൾ അവരുടെ വീടിന് മുൻഭാഗത്തുള്ള റോഡിന് എതിർവശത്തുള്ള ഫ്ളാറ്റിലെ ആരോടോ മകൾ ആഞ്ചല എന്തോ വിളിച്ചുപറയുന്നു.അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ ഫ്ളാറ്റിന് നേരെ എതിർവശത്തുള്ള ഫ്ളാറ്റിലെ വൃദ്ധനോടാണ് സംസാരം.
എന്താണ് അവൾ അയാളോട് സംസാരിക്കുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് അയാൾ അവൾ കാണാതെ അവിടെ നിന്നു.
വീടുകൾ തമ്മിൽ ഏതാണ്ട് അൻപതുമീറ്ററെങ്കിലും അകലം ഉണ്ട്.അതുകൊണ്ട് വൃദ്ധൻ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.വൃദ്ധന് ഒരു തൊണ്ണൂറു വയസ്സ് എങ്കിലും കാണും ,അയാൾ വിചാരിച്ചു .
തലമുടി നരച്ചു് ഒരു വെള്ളികെട്ടുപോലെയുണ്ട് . പ്രായം ഏറെയുണ്ടെങ്കിലും നല്ല സ്മാർട്ടായി ഡ്രസ്സ് ധരിച്ചിട്ടുണ്ട്.വൃദ്ധൻ ചെവിയിൽ തൂങ്ങിക്കിടന്നിരുന്ന ഹിയറിങ് എയിഡ് എടുത്ത് ശരിയായി ഫിറ്റ് ചെയ്തു.കണ്ണട ശരിയാക്കി , കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അവൾ ചോദിച്ചു.”ഓപ്പ?”
ഓപ്പ എന്നാൽ മുത്തച്ഛൻ എന്ന് ജർമ്മൻ ഭാഷയിൽ അർത്ഥം.
“യാ ”
“ഓപ്പക്ക് എത്ര വയസുണ്ട്?”
“നൂറ്”
“എത്ര നൂറ്?”
സാധാരണ ജർമ്മൻ ഭാഷയിൽ വെറുതെ നൂറ് എന്ന് പറയാറില്ല ഒരു നൂറ് ഇരു നൂറ് ,അങ്ങനെയേ പറയൂ.വൃദ്ധൻ പറഞ്ഞു,”ആക്ട് ഹുൻഡർട്ട് “.
എണ്ണൂറ് എന്ന് സാരം .
“മൈൻ ഗോറ്റ് ,ആക്ട് ഹുൻഡർട്ട് ?”എൻ്റെ ദൈവമേ,എണ്ണൂറ്?
“നിനക്ക് എത്ര വയസ്സുണ്ട്?”
“വെറും ആറ്.ഓപ്പയുടെ ബർത്തു ഡേ എന്നാണ്?”
“പ്രായമായി,എണ്ണൂറു വയസ്സായില്ലേ എല്ലാം മറന്നു”.
“എൻ്റെ ബർത്തു് ഡേ അടുത്ത ആഴ്ചയാണ്.ഓപ്പ വരുമോ?”
“തീർച്ച ആയിട്ടും വരും.എന്താ നിൻറെ പേര് ? അത് പറഞ്ഞില്ലല്ലോ”
“ആഞ്ചല, മമ്മിയും പപ്പയും വിളിക്കുന്നത്? വേറെ പേരാണ്.”
“അതെന്താ?”
“അത് പറയില്ല”.
രണ്ടുപേരും വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത്.അവളുടെ കൊഞ്ചിയുള്ള സംസാരവും ജർമ്മൻ ഭാഷയും വൃദ്ധന് മനസ്സിലാകുന്നുണ്ട്.
“ഓപ്പ എൻ്റെ ബർത്തു് ഡേയ്ക്ക് തീർച്ചയായും വരും?”അവൾ വീണ്ടും ചോദിച്ചു.
“തീർച്ചയായും വരും.” വൃദ്ധൻ പറഞ്ഞു.
“ഞാൻ മമ്മിയോട് പറയും”
“ഞാൻ നീ വിളിക്കുന്നത് കാത്തിരിക്കും.”
അത്രയും പറഞ്ഞതിനുശേഷം അവളെ കൈ വീശി കാണിച്ചിട്ട് വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.
അയാളെ കണ്ടപ്പോൾ ആഞ്ചല പറഞ്ഞു,”പാവം ഓപ്പ, അവിടെ ഒറ്റക്കാണ് താമസിക്കുന്നത്.”
പലപ്പോഴും വൈകുന്നേരത്തെ ഇളവെയിലിൽ അയാൾ വീടിൻ്റെ ബാൽക്കണിയിൽ വന്നിരിക്കും.
പ്രായം ഏറെ ആയെങ്കിലും അയാൾ ഒറ്റക്കാണ് അവിടെ താമസിക്കുന്നത്.ദിവസവും സഹായിക്കുന്നതിനായി ജോലിക്കാർ വന്നുപോകുന്നതുകാണാം.നല്ല കാലാവസ്ഥയുള്ളപ്പോൾ വൃദ്ധൻ പുറത്തിറങ്ങും.കുറച്ചു സമയം കുട്ടികൾ കളിക്കുന്ന ആ കളിസ്ഥലത്തിനും പാർക്കിനും ഇടയിലുള്ള വഴിയിൽക്കൂടി ഒരു വാക്കിങ് സ്റ്റിക്കുമായി നടക്കും.
സ്വിറ്റ്സർലൻഡിൽ സാധാരണ ഈ പ്രായത്തിലുള്ളവർ വൃദ്ധമന്ദിരങ്ങളിലേക്ക് മാറുകയാണ് പതിവ്.എന്തുകൊണ്ടോ വൃദ്ധൻ അവിടെ ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടപെടുന്നു എന്ന് വേണം കരുതാൻ.
സാധാരണ ദിവസ്സങ്ങളിൽ നിർജ്ജീവമായ ആ വീട് വാരാന്ത്യങ്ങളിൽ ശബ്ദമുഖരിതമാകും.മക്കളും കൊച്ചുമക്കളുമായി ധാരാളം സന്ദർശകർ വൃദ്ധനെ കാണാൻ വരും.
ആഞ്ചല അയാളുടെ കയ്യിൽത്തൂങ്ങി വീടിനകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു ,”ഞാൻ ഒപ്പയെ എൻ്റെ ബർത്തു് ഡേയ്ക്ക് വിളിച്ചിട്ടുണ്ട്.”
“എന്നിട്ട് എന്ത് പറഞ്ഞു?”
“ഓപ്പ വരും.പാവം ഓപ്പ.തനിച്ചു താമസിക്കാൻ ഓപ്പക്ക് പേടിയാകില്ലേ?”
“എന്തിനെ പേടിക്കണം.?”
സായാഹ്നങ്ങളിൽ ആഞ്ചലയും വൃദ്ധനുമായുള്ള സംസാരം പതിവായി.വൃദ്ധൻ ക്ഷീണിച്ച ശബ്ദത്തിൽ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.പക്ഷെ മകൾക്ക് എല്ലാം മനസ്സിലായി ,അല്ലെങ്കിൽ മനസ്സിലായിഎന്നു വിചാരിച്ചു അവൾ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നതും ആവാം.
വൃദ്ധൻ പട്ടണത്തിലുള്ള ഏതോ സ്ഥാപനത്തിൽ ഉയർന്ന ജോലിയിലായിരുന്നു.നല്ല സാമ്പത്തികശേഷിയുള്ള അയാൾ ഭാര്യയുടെ മരണശേഷം ഇവിടെ, ഫ്ലാറ്റിലേക്ക് താമസം മാറിയതാണ് എന്ന് അയൽവക്കത്തെ താമസ്സക്കാരിൽനിന്നും അറിഞ്ഞു.
ആ വൃദ്ധനും ആഞ്ചലയുമായുള്ള സംഭാഷണം അയൽക്കാർക്കെല്ലാം ഒരു തമാശ ആയിട്ടാണ് തോന്നിയത്..
ആഞ്ചലയുടെ ജന്മദിനത്തിൽ കാലത്തു് എഴുന്നേറ്റപ്പോളെ അവൾ അന്വേഷിച്ചത് ഓപ്പയെയായിരുന്നു പക്ഷെ വൃദ്ധനെ ബാൽക്കണിയിൽ കണ്ടില്ല. തന്നെയുമല്ല വൃദ്ധൻ ഒരിക്കൽ പോലും കാലത്തു ബാൽക്കണിയിൽ വരാറുമില്ല.
ജന്മദിനത്തിന്, ഒരിക്കലും അടുത്ത് കണ്ടിട്ടില്ലാത്ത ഓപ്പയെ അടുത്തുകാണാം എന്ന് അവൾ വിചാരിച്ചിട്ടുണ്ടാകും. അവിടെ ഓപ്പയെ വിളിക്കാൻ പോകണമെന്ന് അവൾ വാശിപിടിച്ചു.അവളുടെ സങ്കടം കണ്ട് ഭാര്യ പറഞ്ഞു,”നിൻറെ ബർത്ത് ഡേ കേക്ക് കൊണ്ടുപോയി കൊടുക്കാം.ബെർത്ത് ഡേ കേക്ക് മുറിച്ചിട്ട് പോകാം” എന്ന്.
അത് അവൾക്കും സമ്മതമായി.
എന്നാൽ കൂട്ടുകാരുമായി ജന്മദിനാഘോഷത്തിൻ്റെ തിരക്കിൽ അവൾ ഒപ്പയെ മറന്നുപോയി.
ആഘോഷമെല്ലാം കഴിഞ്ഞു, അവൾ അയൽവക്കത്തെ കൂട്ടുകാരിയുമായി ഓപ്പയെ കാണാൻ പോയി. വാതിൽ തുറന്നത് അവിടെ ജോലിക്ക് വരാറുള്ള സ്ത്രീയായിരുന്നു.അവർ പറഞ്ഞു,”ഓപ്പയ്ക്ക് നല്ല സുഖമില്ല പിന്നെ വരൂ.”
നിരാശയായി അവളും കൂട്ടുകാരിയും കൂടി പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി വിളിച്ചു പറഞ്ഞു “നിൽക്ക്,നിൻറെ പേര് ആഞ്ചല എന്നല്ലേ?”
“അതേ. ”
“ഓപ്പ, നിനക്ക് തരാൻ ഒരു ബർത്തഡേ സമ്മാനം എന്നെ ഏൽപ്പിച്ചിരുന്നു.”
അവർ അകത്തുപോയി ഒരു വലിയ പാക്കറ്റുമായി വന്നു.അത് ഒരു വലിയ ബാർബിയാണ് എന്ന് അവൾക്ക് മനസ്സിലായി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
“ഓപ്പയോട് എൻ്റെ താങ്ക്സ് പറയണം.ഓപ്പയ്ക്ക് സുഖമാകുമ്പോൾ ഞാൻ വരും ഓപ്പയെ കാണാൻ.”
ജോലിക്കാരി എല്ലാം സമ്മതിച്ചു് അകത്തേക്ക് കയറിപ്പോയി.
രണ്ടു മൂന്നുദിവസമായി വൃദ്ധൻ പുറത്തേക്ക് വന്നതേയില്ല.
എന്നാൽ വാരാന്ത്യത്തിൽ അവിടേക്ക് ഒരുപാട് ആളുകൾ വന്നു,സാധാരണ കാണാറുള്ളതിലും വളരെയധികം പേർ.
അവർ പാടുകയും ആടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് തുറന്നുകിടന്നിരുന്ന ജനലുകളിൽകൂടി കാണാമായിരുന്നു.അവരുടെ ശബ്ദം കേട്ട് പലതവണ ആഞ്ചല ബാൽക്കണിയിൽ വന്നു, എന്നാൽ ആരും പുറത്തേക്ക് വന്നുകണ്ടില്ല.
അവരുടെ ആഘോഷങ്ങൾ പാതിരാവരെ നീണ്ടുപോയി.
ആഞ്ചല ഉറക്കത്തിൽ നിലവിളിക്കുന്നത് കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ചെന്നു.അവൾ കരയുകയാണ്.
“എന്താ എന്ത് പറ്റി?”
അവളെ അയാൾ എടുത്തു മടിയിലിരുത്തി, കൈകളിൽ തലോടി.
“പപ്പാ, ഞാൻ ഒരു സ്വപ്നം കണ്ടു.സ്വപ്‌നമല്ല ,ശരിക്കും കണ്ടു.ഓപ്പ എൻ്റെ അടുത്തുവന്നു.ഒപ്പമരിച്ചുപോയി.ഞാൻ കണ്ടു…. ഓപ്പയോട്‌ ഞാൻ ചോദിച്ചു എന്തിനാ മരിച്ചതെന്ന്.പ്രായമായി ജീവിതം മടുത്തു. അതുകൊണ്ട് ജീവിതം മതിയാക്കി എന്ന് പറഞ്ഞു.”
“അതിന് ഓപ്പ മരിച്ചിട്ടില്ലല്ലോ.”
“പാവം ഓപ്പ.ഓപ്പ ഇനി വരില്ല ഓപ്പ പോയി.” അവൾ കരഞ്ഞുകൊണ്ടിരുന്നു.
അതെല്ലാം അവളുടെ വെറും തോന്നലുകൾ ആണെന്നും അവൾ ഓപ്പയെക്കുറിച്ചു ഒരുപാട് ആലോചിക്കുന്നതുകൊണ്ട് സ്വപനം കാണുന്നതാണെന്നും പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി.
മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നു.ആ വൃദ്ധനുമായിട്ടുള്ള അവളുടെ അടുപ്പം ഏതെങ്കിലും തരത്തിൽ ഒഴിവാക്കണം ,അയാൾ തീരുമാനിച്ചു.
ഉറക്കം പോയിരിക്കുന്നു.അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.ഒരു സിഗരറ്റ് കത്തിച്ചു.
രാത്രികളിൽ വൃദ്ധൻറെ വീട്ടിലെ ജനൽ വഴി പതിവായി എത്തുന്ന പ്രകാശത്തിൻ്റെ നിഴലുകൾ ഇന്ന് കാണാനില്ല.എന്തെല്ലാമോ രഹസ്യങ്ങൾ മൂടി പുതച്ചു് ആളനക്കമില്ലാതെ നിർജ്ജീവമാണ് ആ ഫ്ലാറ്റ് ഇപ്പോൾ എന്ന് അയാൾക്കുതോന്നി.
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ മകളുടെ മുറിയിൽ പോയി നോക്കി.അവൾ നല്ല ഉറക്കത്തിൽ ആണ്.
കാലത്തു് പതിവിലും നേരത്തെ എഴുന്നേറ്റത് പുറത്തു് ഒരു ആംബുലൻസിൻ്റെ സൈറൺ കേട്ടാണ്.
നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് ഒരു സ്ട്രക്ച്ചറിൽ ഏതാനും പേർ വൃദ്ധനെ എടുത്തുകൊണ്ടുപോകുന്നത് അയാൾ വ്യക്തമായി കണ്ടു.ഏതാനും പോലീസ്‌കാരും അവർ വന്ന കാറും ആംബുലൻസിനടുത്തുണ്ട് .അത് അസാധാരണമാണ്.ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് പോലീസ് കാർ വരില്ല.
എന്തായാലും ആഞ്ചല ഇതൊന്നും അറിയാൻ പാടില്ല.അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമം ആയിരിക്കും.അയാൾ അകത്തുകയറി വാതിലടച്ചു.
പതിവുപോലെ അവൾ ഓപ്പയുമായി സംസാരിക്കാൻ ബാൽക്കണിയിൽവന്നു നിന്നു.പക്ഷെ അയാൾ വന്നില്ല. അയാളുടെ വരവിനായി അവൾ കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞു.
ഓപ്പയ്‌ക്ക് എന്തോ പറ്റിയിട്ടുണ്ട് അവൾ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു.
താൻ കണ്ട വിവരങ്ങൾ അയാൾ മക്കളോടോ ഭാര്യയോടോ പറഞ്ഞില്ല.
ആരോ കോളിങ് ബെൽ അടിക്കുന്നു.അയാൾ വാതിൽ തുറന്നു. വൃദ്ധൻ്റെ വീട്ടിൽ ജോലിക്ക് വരാറുള്ള സ്ത്രീയാണ്.കയ്യിൽ ഒരു വലിയ പാക്കറ്റ്.” ഇത് ആഞ്ചലക്കുള്ള സമ്മാനമാണ്, സാർ എന്നെ പ്രത്യേകം പറഞ്ഞു ഏല്പിച്ചിരുന്നതാണ്.ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സാവകാശം ഏൽപ്പിക്കാമെന്നു കരുതി.”
“ചടങ്ങുകകൾ?”
“അതെ,ഇന്നലെ ആയിരുന്നു,ഫ്യൂണറൽ”.
ഫ്യൂണറൽ എന്ന് പറഞ്ഞാൽ ശവസംസ്‌കാരം,
“അദ്ദേഹത്തിന് എന്തുപറ്റി?”
“സെൽബ്സ്റ്റ് മർഡർ”
അയാൾ ഞെട്ടിപ്പോയി.സെൽബ്സ്റ്റ് മർഡർ എന്നുപറഞ്ഞാൽ ആത്മഹത്യ.തൊണ്ണൂറ് വയസ്സുള്ള വൃദ്ധൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
.
അപ്പോഴേക്കും ആഞ്ചല അവിടേക്ക് ഓടി വന്നു.
“ഇത് നിനക്കുള്ള സമ്മാനം ഓപ്പ കൊടുത്തു വിട്ടതാണ്.”
“ഓപ്പക്ക് എന്തുപറ്റി? എന്നോട് വർത്തമാനം പറയാൻ വരുന്നില്ലല്ലോ ?”.
ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി,പറയണമോ വേണ്ടയോ എന്ന സംശയത്തിൽ.
“ഓപ്പക്ക് നല്ല സുഖമില്ല.നിനക്കു തന്ന സമ്മാനം എന്താണ് എന്ന് പോയി തുറന്നു നോക്ക്”.അയാൾ പറഞ്ഞു.
“എൻ്റെ താങ്കസ്, ഓപ്പക്ക് കൊടുക്കണേ.”
അവൾ സമ്മാനപ്പൊതി തുറക്കുന്നതിനായി അകത്തേക്ക് പോയി.
അയാളുടെ ജിജ്ഞാസക്ക് തീ പിടിച്ചു.
ഹെൽത്ത് ഇൻഷുറൻസ് ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്ന നഴ്‌സ്‌ ആയിരുന്നു ആഗത.അവർ പറഞ്ഞു,”എല്ലാവരോടും യാത്ര പറഞ്ഞു തൻറെ മുറിയിൽപോയി ആല്മഹത്യ ചെയ്യാൻ തയാറാക്കി വച്ചിരിക്കുന്ന മാരകവിഷം സ്വയം ദേഹത്തേക്ക് കടത്തിവിടുന്ന വാൽവ് തുറന്ന് നിമിഷങ്ങൾക്കകം വേദനയറിയാതെ അദ്ദേഹം കടന്നുപോയി.”

സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാണ് ആത്മഹത്യ.ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടാൽ നിബന്ധനകൾക്ക് വിധേയമായി ആല്മഹത്യ ചെയ്യാം.അതിന് സഹായിക്കുന്ന ചില സംഘടനകളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
അയാൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി,ആളനക്കമില്ലാതെ നിഗൂഢമായ എന്തെല്ലാമോ രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു് നിർജീവമായി അത് അങ്ങിനെ അവിടെ നിൽക്കുന്നു.
ആഞ്ചല ബാല്കണിയിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ വേഗം അവിടേക്ക് ചെന്നു.അവൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി ബാൽക്കണിയിൽ ഒരു വല്ലാത്ത മുഖഭാവത്തോടെ നില്കുന്നു.
അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ വലതുകൈ ഉയർന്നു,കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു,”ഗുഡ് ബൈ ഓപ്പ ,ഗുഡ് ബൈ “.

 

 

 

 

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ