ഒ.സി. രാജു

ഓണം അതിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മയായ് പെയ്തിറങ്ങുന്നത് കുട്ടിക്കാലത്തുതന്നെയാണ്. മാനം നിറഞ്ഞുവരുന്ന മഴക്കാറും മഴക്കാറു കൊണ്ടുവരുന്ന പേമാരിയും പേമാരി കൊണ്ടുപോകുന്ന, ജീവിതങ്ങൾക്കുമൊടുവിൽ മാനം പിന്നെയും തെളിയും പൂക്കൾ വിടരും സ്വർണ്ണ തിളക്കമുള്ള പകലുകളിൽ പരൽമീൻപോലെ തുമ്പികൾ തിമിർക്കും. സ്വപ്നങ്ങൾ തളിർക്കും. മണിമലയിലെ എന്റെ ഗ്രാമത്തിലേയ്ക്ക് ഓണം ഇങ്ങനെയൊക്കെയാണ് കടന്നുവന്നിരുന്നത്.

പേമാരി കവർന്നെടുക്കുന്നുവെന്നു പറഞ്ഞല്ലോ, മിക്കവാറും പ്രായമായവരും കിടപ്പിലായ രോഗികളുമൊക്കെയാണ് ആ പെരുമഴക്കാലത്തിന്റെ ഇരയായി മാറുന്നത്. നാട്ടിലെ മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക മാസത്തിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ തണുപ്പും അതിജീവിക്കുക എന്നത് ആരോഗ്യം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ മരണവും നാടിനേൽപ്പിക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമായതുകൊണ്ടുതന്നെ ദുരിതവും പട്ടിണിയും നഷ്ടങ്ങളും മാത്രം പങ്കുവയ്ക്കപ്പെടുന്ന കർക്കിടക ദിനങ്ങളെക്കൂടി ഓർത്തെടുക്കാതെ ഓണത്തെക്കുറിച്ച് പറയുന്നതെങ്ങനെ?

ചില പകലുകൾ ഉണരുന്നത് മൂടിക്കെട്ടിയ മഴക്കാറിനൊപ്പം കറുത്ത കാലൻകുട ചൂടി വാതിലിൽ മുട്ടി വിളിക്കുന്ന മരണവാർത്തയോടും കൂടിയാണ്. കുട മടക്കി മരണസന്ദേശവാഹകൻ പറയും നമ്മുടെ ഒറ്റപ്ലാക്കലെ തോമാച്ചൻ പോയി… അല്ലെങ്കിൽ, വരമ്പത്തെ കുഞ്ഞേട്ടൻ പോയി കേട്ടോ… തുടർന്ന് പരേതനെക്കുറിച്ച്, ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കേൾക്കാനിടയില്ലാത്ത, വാക്കുകൾകൊണ്ട് ആദരിക്കുകയുമായി. “മരിച്ചുപോയതുകൊണ്ടു പറയുകയാണെന്ന് കരുതരുത്, ഇതുപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടിട്ടില്ല.” എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിട്ട് ഒടുവിൽ അതെല്ലാം തിരിച്ചെടുത്തുകൊണ്ട് ഒരു ലോകതത്വം പോലെ ഇങ്ങനെ ഉപസംഹരിക്കും “അല്ലേലും മരിച്ചത് നന്നായി, കെടന്ന് നരകിക്കാതെ പോയല്ലോ.” ഇതിനിടയിൽ കിട്ടുന്ന കട്ടൻകാപ്പി ഒറ്റവലിക്ക് കുടിക്കുകയും “സംസാരിച്ചുനിൽക്കാൻ നേരമില്ല, കൊറേ സ്ഥലത്തുകൂടി മരണം പറയാനുണ്ട്” എന്ന് ധൃതി കൂട്ടി തിരിച്ചൊരുകാര്യവും ചോദിക്കുവാനോ പറയുവാനോ അവസരം തരാതെ പോവുകയും ചെയ്യും!

ആശങ്കകളുടെയും ആകുലതകളുടെയും മഴദിനങ്ങൾക്ക് ശേഷം ചിങ്ങം ഉണരുമ്പോൾ ആദ്യം നോക്കുന്നത് പറമ്പിൽ നിൽക്കുന്ന ഏത്തവാഴക്കുലകൾ പാകമായോ എന്നാണ്. കാരണം വാഴവിത്ത് നടുമ്പോഴേ മനസ്സിൽ ചില കണക്കുകൂട്ടൽ ഉണ്ടായിരിക്കും. ഈ വാഴക്കുലയിലെ കായ ഓണത്തിന്… ഗുരുതരമായ കീടബാധകളോ പ്രകൃതി ദുരന്തങ്ങളാ ഉണ്ടാകാത്ത പക്ഷം കണക്കുകൂട്ടൽ തെറ്റാറില്ല. ഓണനാളുകളിൽ തന്നെ വിളഞ്ഞ് പാകമാകുന്ന നേന്ത്രക്കുല ഉപ്പേരിയും മറ്റുമായി മാറുന്നു. ഒരു പക്ഷേ, ഏറെക്കുറെ കൃത്യമാകാറുള്ള ആ നിഗമനത്തിന്റെ പിൻബലത്തിലാവും വഴി പിഴച്ചുപോകുന്ന സന്താനങ്ങളെ ഓർത്ത് “വാഴ നടുകയായിരുന്നു ഭേദമെന്ന്” ചിലർ പിറുപിറുത്തിരുന്നത്.

വര : ഒ.സി. രാജു

ഓണത്തിനുള്ള വിഭവങ്ങൾ മിക്കവാറും സ്വന്തം പുരയിടത്തിൽ നിന്നു തന്നെയാവും കണ്ടെത്തുക. വിഭവങ്ങൾ എന്നു പറയുമ്പോൾ ഇന്നത്തേതുപോലെ ഒരു പാട് ഇനങ്ങളാന്നും ഉണ്ടാവില്ല, എന്നും വിളമ്പുന്നതിലധികമായി ഒരു പരിപ്പുകറിയോ പപ്പടമോ പായസമോ കാണും. അതിനുള്ള ചേരുവകകൾ അടുത്തുള്ള കടയിൽ നിന്നോ ചന്തയിൽ നിന്നോ നേരത്തെതന്നെ വാങ്ങി വച്ചിരിക്കും.

തിരുവോണത്തിന് ഇലയിടുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാവണമെന്ന അലിഖിത നിയമം ആരും തെറ്റിക്കാറില്ല. പേരിന് ഒരുരുള അകത്താക്കി പിന്നെ പുറത്തേയ്ക്ക് ഇറങ്ങുകയായി, സമപ്രായക്കാരുടെയെല്ലാം വീടുകളിൽ ഓണസദ്യയ്ക്ക് ക്ഷണമുണ്ട്. അതിൽ പങ്കുചേർന്നില്ലെങ്കിൽ വീണ്ടുമൊരോണത്തിന് കടം വീട്ടുന്നതുവരെ ചങ്ങാതി മുഖം വീർപ്പിച്ചു നടക്കും. ഇല്ലായ്മകൾക്കിടയിലെ ഓണമാണെങ്കിലും കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവ സമൃദ്ധമായിരുന്നു ആ ഓണക്കാലങ്ങൾ. ഓരോ വീടിനും ഓരോ സ്വാദായിരുന്നു, മക്കളുടെ കൂട്ടുകാർക്കും ഒരില മാറ്റിവച്ചിരുന്ന കാലം. ഓണം എന്ന സങ്കല്പം വിഭാവനം ചെയ്തിരുന്ന യഥാർത്ഥ മാവേലിക്കാലവും അതുതന്നെയായിരിക്കണം. എത്ര ഉദാത്തമായിരുന്നു ആ കാലമെന്ന് ഇന്ന് ഒരു നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ പറ്റുകയില്ല.

ഓണമുണ്ട് കഴിഞ്ഞാൽ മുറ്റത്തെ മാവിലെ ഊഞ്ഞാലിലേയ്ക്ക്. ആയത്തിലാടി കുതിച്ചുയർന്ന് ഏറ്റവും ഉയരമുള്ള ശിഖരത്തിലെ തളിരില കടിച്ചെടുത്ത് ഒരു ജേതാവിനെപ്പോലെ ആ മരത്തെയും കീഴടക്കി പിന്നെ അടുത്ത വീട്ടിലെ ഓണക്കളത്തിലേക്ക്, ആ യാത്ര അന്തിചോപ്പു പടരുന്നതുവരെ നീളും. അതിനിടയ്ക്ക് സ്തീകളുടെ മാത്രം ചില കളികൾ, കലാപരിപാടികൾ, പലതരം കാഴ്ചകൾ ഒക്കയുണ്ടാവും.

ആ പഴയ കാലത്തെ വീണ്ടും ഓർക്കുമ്പോൾ, ഇന്ന് ആലോചിക്കുവാൻ പോലും പറ്റാത്തകാര്യം അയൽപക്കത്തുനിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കുന്ന കാര്യമാണ്, ആധുനിക മലയാളിക്ക് അയൽവാസി എന്നാൽ മറ്റേതോ രാജ്യത്ത് വസിക്കുന്ന ഒരപരിചിതൻ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവൻ ഓണമുണ്ടാലും ഉണ്ടില്ലെങ്കിലും അത് അപരനെ ബാധിക്കുന്നില്ല. അവനവന്റെ മതിൽകെട്ടിനുള്ളിൽ ഓരോരുത്തരും അവരവരുടേതായ ഓണം നിർമ്മിക്കുന്നു, ഒരുതരം അസംബ്ലിംഗ് എന്ന് പറയുന്നതാവും കൂടുതൽ ശരി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തമിഴകത്തുനിന്നും വരുന്ന പൂക്കൾ തീവില കൊടുത്ത് വാങ്ങി പൂക്കളമിടുന്നു, ആന്ധ്രയിൽനിന്നും വരുന്ന അരികൊണ്ടു ഓണസദ്യ ഒരുക്കുന്നു. ചിലരാകട്ടെ സദ്യതന്നെ ഓൺലൈനിൽ വരുത്തുന്നു. ആഘോഷങ്ങളും സ്വകാര്യനിമിഷങ്ങളുമടക്കം എല്ലാം ലൈക്കും ഷെയറുമായി മാറ്റപ്പെടുന്ന കാലത്ത് അവനവന്റെ ആത്മസംതൃപ്തിപോലും മലയാളിയുടെ അജണ്ടയിൽ ഇല്ല എന്ന് കാണാവുന്നതാണ്. എല്ലാം അപരന്റെ മുൻപിൽ തുറന്നുവച്ച് മേനിനടിക്കുന്നതിൽ മാത്രമാണ് ഇന്ന് അവൻ ആനന്ദം കാണുന്നത്.

ഇപ്പറഞ്ഞതിൽനിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെങ്കിൽ, കേരളം വിടുക, രാജ്യത്തിനും പുറത്ത് മലയാളി ചേക്കേറിയിട്ടുള്ള തുരുത്തുകളിൽ എത്തുക, അവിടെ മറ്റൊരു നാടിന്റെ ചര്യകൾക്കകത്തു നിൽക്കുമ്പോഴും സ്വന്തം നാടിന്റെ നിറവും മണവും തനിമയും കൈമോശംവരാത്ത മനസ്സോടെ ആഘോഷങ്ങളെ എതിരേൽക്കാൻ വെമ്പുന്ന ലോക മലയാളിയെ കാണാം, ഓണവും അവിടെത്തന്നെ തിരയുക.

ഒ.സി. രാജു

കോട്ടയം ജില്ലയിലെ മണിമല സ്വദേശി, ഇപ്പോൾ കോട്ടയത്തു സ്‌ഥിര താമസം. കാർട്ടൂണിസ്റ്റും കോളമിസ്റ്റും തിരക്കഥാകൃത്തുമാണ്. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തും വരയുമായി സജീവം. ഇപ്പോൾ ഡിജിറ്റൽ പ്രസിദ്ധീകരണമായ മലയാളം മെയിലിന്റെ എഡിറ്റർ. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
PH: +91 9946715941
Mail: [email protected]