ജോസ് ജെ വെടികാട്ട്
പാടിത്തളരാത്ത പൂങ്കുയിലേ നീ പാടുമോ വീണ്ടും ? ഒരു പാട്ട് കൂടി !
കൈവശം ബാക്കിയുള്ള ഒരേയൊരു ഹൃദയം മാത്രം ഉൺമ തൻ സ്വരൂപനാം ദേവനു കാണിക്കയായ് അർപ്പിക്കാൻ ഒരു പാട്ടുകൂടിയെങ്കിലും പാടുമോ?!
ദേവൻ നിന്നെ തുണച്ചീടുകിൽ നിനക്കും ഈ ഭൂമിയിൽ ജീവിക്കാം ഒരു പാട്ടുകാരനായ്, ഒരു പാവം പാട്ടുകാരനായ്!
നഷ്ടബോധത്താലും , ദു:ഖഭാരത്താലും നീ തളരിലും , ധനലോഭത്തിൻ നിരാശതയാലായാലും ഒരു പാട്ടു കൂടി !
ഇനിയും പാടും പാട്ടിൽ നീ യോഗാരൂഡനായ് തീരാം,
സുഖദു:ഖങ്ങളിൽ നീ സമഭാവനയോടെ വർത്തിക്കാം,
ഇനിയും വറ്റാത്ത നിന്റെ പാട്ടിന്റെ ഉറവയിൽ നിന്നും വീണ്ടും അനുസ്യൂതം പാട്ടുകൾ തുടരാൻ ഈ മൗനം ഭഞ്ജിച്ച് ഒരു പാട്ടു കൂടി നീ പാടുമോ?
പാട്ടിൽ നിന്നും പാട്ടുകളിലേക്ക് യോഗാത്മമായ് ചലിക്കും നിൻ ചിത്തം !
പാട്ടുകളാണ് നിന്റെ ജനിയും പുനർജനിയും!
കാലം തുടരും പോൽ സ്വാഭാവീക പ്രതിഭാസമെന്നോണം നിന്റെ പാട്ടും തുടരുന്നു നിഷ്ക്കാമകർമ്മമായ് !
ജനിമൃതികളിൽ ചഞ്ചലചിത്തനാവാതെ പാട്ടിൽ നീ യോഗാത്മമാകുന്നു !
നിനക്കു കൈവന്ന യോഗചിത്തതിൻ സാക്ഷാത്ക്കാരം സംസാരസാഗരത്തിൻ മാണിക്യമുത്തായ പാട്ടല്ലോ! പാട്ടമൃതമല്ലോ!
പാട്ടിന്റെ ഉൾത്തുടിപ്പല്ലോ മുന്നോട്ടു നിന്നെ നയിക്കുന്നത്!
പാട്ടൊഴിച്ച് മറ്റുള്ളവയെല്ലാം നീ പരിത്യജിക്കിലും, യോഗത്തെ പുല്കിലും , നിനക്കു പാട്ടുണ്ടല്ലോ, പാട്ടെങ്കിലും ഇല്ലാതെ യോഗം നിനക്ക് നിരർത്ഥകം.
എന്നും നിലനില്ക്കും പാട്ടിന്റെ നൂലിഴകളുമായ് നിന്നെ ഒന്നു ചേർക്കും നിൻ ഹൃദയസംഗീതം ജീവന്റെ ഒരു ചെറു അണുവിൻ തുടിപ്പ് നിന്നിൽ അവശേഷിക്കുവോളം നീ വിസ്മരിക്കില്ല !
അത് നിന്റെ ഹൃദയാരുവിയായ്, പാട്ടിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ് ഒഴുകും !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
Leave a Reply