വിശാഖ് എസ് രാജ്

വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.

കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.

തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !

അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.

‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.

‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘

പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.

ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.

അയാളെടുത്തിരിക്കും, തീർച്ച.

വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.