വിശാഖ് എസ് രാജ്
യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.
രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.
അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.
നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.
വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
Leave a Reply