സതീഷ് തപസ്യ

ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.

രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.

നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )

പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.