ഉദയ ശിവ്ദാസ്

ഒരു പൂവു വിരിയുന്ന സുഖമാണു പ്രണയം
ഒരു മഞ്ഞുതുള്ളിതന്നഴകാണ് പ്രണയം
മധുവാണു പ്രണയം, മധുരമാം പ്രണയം
മുഴുനിലാത്തിങ്കളിന്നൊളിയാണു പ്രണയം.

സുഖമുള്ളൊരനുഭൂതിലയമാണു പ്രണയം
ഇരുഹൃദയങ്ങളെ ചേർക്കുന്ന പ്രണയം
ആത്മാവിലാത്മാവു താനേ കുറിക്കുന്നൊ-
രാത്മനിവേദനമാകുന്നു പ്രണയം

അണിനിലാത്തിരിയിട്ട കണിയാണു പ്രണയം
അരുമയാംസൗഹൃദത്തണലാണു പ്രണയം
അകമേ തെളിക്കുംവിളക്കാണു പ്രണയം
ഒരു സാന്ത്വനത്തിന്റെയലിവാണു പ്രണയം.

ഒരു രാത്രിമഴ മെല്ലേ താരാട്ടിയൊഴുകും തളിരലക്കുമ്പിളിൽ കുളിരാണു പ്രണയം
മനമാകെ മന്ദാരമലർ ചൂടുംപ്രണയം
ഋതുവിൽ വസന്തമെന്നോതുന്നു പ്രണയം

ഒരു മന്ദഹാസമായ് കതിരിടും പ്രണയം
ജീവന്റെ ജീവനായൊഴുകിടും പ്രണയം
ഇഴചേർന്ന് സൗഭാഗ്യത്തികവിലേക്കുയരാൻ
ശ്രുതിചേർന്നുമീട്ടുന്ന സ്വരമാണ് പ്രണയം

ചിലതെങ്കിലും കണ്ണിൽക്കരടാകും പ്രണയം
പിടിവിട്ടുപോകുന്ന വിനയാകും പ്രണയം
ചിലനേരമെന്തിനോ
ഗതിമാറിയൊഴുകി,
അഴലിൽപ്പെട്ടുഴലുന്നു വികലമാംപ്രണയം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നൊമ്പരത്തീയായ്മാറുന്നു പ്രണയം
പ്രതികാരചിന്തയാലാളുന്ന പ്രണയം
ഒരു പ്രേമനൈരാശ്യത്തീക്കനൽച്ചൂടിൽപ്പെ-
ട്ടുരുകുന്നു,
പിടയുന്നു മുറിവേറ്റ പ്രണയം

വിധിതീർത്ത വിളയാട്ടബൊമ്മകൾപോലെത്ര
ആടിത്തിമർത്തുരസിക്കുന്നു പ്രണയം
വിപരീതചിന്തകൾ പോരടിച്ചൊടുവിൽ
മൃതിയെപ്പുണർന്നുപോം വഴിവിട്ടപ്രണയം!

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.