ലത മണ്ടോടി

ആഴ്ചയുടെ അവസാനമായ ഞായറാഴ്ചയാണ് ഞാൻ യാത്ര പുറപ്പെട്ടത്. കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങളൊന്നും ഇല്ലാത്ത ഒരു ഞായറാഴ്ച.ഒറ്റപ്പെടലിന്റെ മുഷിച്ചിലും പേറിയാണ് എന്തായാലും എന്റെ യാത്ര.. ഗ്രാമത്തിൽ ബസ്സിറങ്ങി ഒന്ന് തിരിഞ്ഞപ്പോഴേക്കും ഡബിൾ ബെല്ലടിച്ച് ബാക്കി ശരീരങ്ങളെയും കൊണ്ടത് പോയിക്കഴിഞ്ഞിരുന്നു. നടക്കാൻ പഠിച്ചുതുടങ്ങിയ കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കാലൊന്നിടറി. വീഴാൻ പോയത് ആരും കണ്ടില്ല എന്ന് സമാധാനിച്ചു മുന്നോട്ടു നോക്കിയപ്പോൾ ഒരു ചെറിയ ചായപ്പീടികയിൽ നിന്ന് കുറച്ച് കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.കൃഷ്ണമണികളുടെ കറുപ്പും ചില്ലുകൂട്ടിലെ കായപ്പത്തിന്റെ കറുപ്പും ഒരു നിമിഷനേരത്തെക്കെന്നെ ഒരു ഭ്രമതയിലാക്കി.

വീഴാൻ പോയത് ആരും കണ്ടിട്ടില്ല മാഷേ.ഇനി കണ്ടാലും കാര്യമാക്കാനില്ല.ഉള്ളിൽ നിന്നാരോ പറഞ്ഞു.

എന്തായാലും ഒരു ചായകുടിച്ചു കളയാം.
മാഷേ… നിങ്ങള് ചുറ്റുവട്ടം ഒന്ന് കാണു… ഈ ഗ്രാമം എങ്ങിനെയുണ്ടെന്നറിയണ്ടേ ആദ്യമായി വന്നതല്ലേ.എന്നിട്ട് പോരെ ചായകുടി.

അതും ശരിയാ.. ഞാൻ മണ്ണിട്ടറോഡിലൂടെ അല്പം നടന്നു…

സുന്ദരമായ ഒരു കൊച്ചുഗ്രാമം എന്ന് വേണമെങ്കിൽ പറയാം.മുൻപിതിന് ഭംഗി കൂടുതലായിരുന്നിരിക്കാം. അധിനിവേശം കൂടുന്നതനുസരിച്ചു നഗരം ഉള്ളിലേക്ക് ഇടിച്ചു കയറി ഈ ഗ്രാമത്തെ ഞെക്കി ഞെരുക്കി
കൊണ്ടിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ഈ ഗ്രാമവും ചുളിഞ്ഞ മുഖത്തെ പൂട്ടിയിട്ട് അലങ്കരിച്ച് നടക്കുന്ന ഒരു വൃദ്ധയെപ്പോലെ നഗരസംസ്കാരം ആവാഹിച്ചു വികൃതമായി.

നിന്ന നിൽപ്പിൽ തോളിൽ തൂക്കിയ
സഞ്ചി പതുക്കെ അല്പം തള്ളി നിൽക്കുന്ന വയറിന്മിലേക്ക് കയറ്റിവെച്ച് അഡ്രസ് എഴുതി വെച്ച പുസ്തകം എടുക്കാൻ ഒന്ന് ശ്രമിച്ചു..വയറമർന്നിട്ടോ എന്തോ താഴേക്കു പോയ കീഴ്
വായു ചായകുടിക്കാൻ നിർബന്ധിച്ചപോലെ ഞാൻ വീണ്ടും ചായപ്പീടികയിലേക്ക് തിരിച്ചു നടന്നു..

പീടികയിലേക്ക് കയറിയ ഉടനെ നേരത്തെ കണ്ട കണ്ണുകളിൽ രണ്ടെണ്ണം എഴുന്നേറ്റു നേരെ അടുത്തേക്ക് വന്നു.ആ കണ്ണുകളിൽ നിന്ന് പരിചയിക്കാനായിട്ടൊരു ചിരിയും കൂടെ വന്നു.

“മാഷല്ലേ….”

“അതെ….”

“ഇന്ന് ഹേഡ് മാഷ് ചാർജ് എടുക്കാൻ വരുമെന്ന് മൊയ്തു പറഞ്ഞിന്..ഓൻ സാർനു വീട് തപ്പിനടന്നിനല്ലോ….”

“ഞാൻ നിങ്ങള് വിചാരിച്ച ആളേ അല്ല… എന്റെ പേര് ദേവരാജൻ. ഞാൻ ഹെഡ്മാഷായിരുന്നു. പിരിഞ്ഞിട്ട് ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു.ഞാൻ വേറെ ഒരാളെ അന്വേഷിച്ചു വന്നതാ…”

“തന്യോ… ങ്ങള് അപ്പം മൊയ്‌തുന്റെ ആളല്ലല്ലേ….”

“അല്ല..”

എന്റെ ആവശ്യം എന്തായാലും പറയട്ടെ ന്ന് ഞാൻ തീർച്ചയാക്കി.അപ്പോഴേക്കും എന്റെ ചുറ്റും മറ്റു കണ്ണുകൾ കൂടി വട്ടമിട്ടു പറന്നു.

തോൾ സഞ്ചിയിൽ നിന്ന് പോക്കറ്റിൽ എടുത്തിട്ട കൊച്ചുപുസ്തകം ഇടതുകൈകൊണ്ടെടുത്തു,ഒരു പേജിന്റെ അറ്റം മടക്കി ത്രികോ ണമാക്കി അടയാളം വെച്ച പ്രഭാവതിയെ വിരലുകൊണ്ടെടുത്തു പുറത്തിട്ടു.

“അവിടെ നിക്കി മാഷേ.. ങ്ങള് ചായിം ചൂടുള്ള പൊരിച്ച പത്തിരിം കയിക്കി. ന്നട്ട് മ്മക്ക് ബി ശേഷങ്ങൾ പറയാം…”

“അംസൊ.. യ്യ് ഞമ്മളെ മാഷുക്ക് ഒരു ചായ കൊടുക്കെടോ..”

നെറ്റിയിലേക്ക് ഇറങ്ങി വന്ന കോഴിപ്പൂടയെ മുഖം കൊണ്ട് ഒരാട്ടാട്ടി ഒരുത്തൻ ചായ കൊണ്ട് വന്നു.

“സാർ.. കുച്ച് ഖാനെ കേലിയെ?..”

വിരൽ മുക്കിച്ചായയാണോന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“കുച്ച് നഹിം…”

“ഇനി പറയിൻ…ങ്ങക്ക് ആരെയാ കാണേണ്ടെ…”

ഞാൻ പ്രഭാവതിയുടെ അഡ്രസ് എടുത്തു കാട്ടി.

“ന്റെ പടച്ചോനെ…ഓളെന്തിനാ ങ്ങക്ക്…”

“എന്റെ വീട്ടിൽ സഹായത്തിനു
നിന്നിരുന്നതാ.. പെട്ടെന്ന് മോൻ വിളിച്ചു കൊണ്ടുപോയി. വിവരമൊന്നും പറഞ്ഞില്ല. ഫോൺ എടുക്കുന്നുമില്ല”.

“മാഷേ… ഓളെ ആരോ കല്യാണം കയിച്ചൂന്ന് കേട്ടു. മോൻ തന്നെയാ കയിപ്പിച്ചത്.കലികാലം.,. തള്ളമാർക്ക് ബന്ധ ണ്ടാക്കാൻ നടക്കണ മക്കള്.. എന്താ പറയാ മാഷേ…”

“എന്തായാലും ആ വീടുവരെ ഒന്ന് പോയിട്ട്..”

“ആയിക്കോട്ടെ മാഷേ.. ആ മണ്ണിട്ട റോഡിനു പോയി ആരോട് ചോയി ച്ചാലും പറഞ്ഞരും.ഓളെ എല്ലാർക്കും അറിയാം. പ്രഭാസ് ഹെർബൽ ഹെയർ ഓയിൽ ന്റെ പ്രഭാവതി ന്ന് ചോയിച്ചാൽ മതി.ഓള് പയറ്റാത്ത പയറ്റില്ല മാഷേ..”

“ശരി….”

“മാഷേ…ങ്ങക്ക് ഞാൻ കുറച്ച് എണ്ണ കൊണ്ടുതരട്ടെ.. നല്ല ഉറക്കം കിട്ടും ഈ നരയൊക്കെ പോയി കറുത്ത മുടി കിളിർത്തു വരും. നല്ല സുന്ദരകുട്ടപ്പനാവും മാഷേ ങ്ങള് .കണ്ണിനും നല്ല കുളിർമയാണ്. ഞാൻ തന്നെ കാച്ചുന്ന എണ്ണല്ലേ. പ്രഭാസ് ഹെർബൽ ഹെയർ ഓയില്..”

ഓർമകളിൽ കൂടി ഞാൻ പിറകോട്ടു ജീവിച്ചു തുടങ്ങി.

“വേണ്ട പ്രഭാ … ഇനി ഇങ്ങനെയൊക്കെ അങ്ങിനെ ജീവിച്ചു തീർന്നാൽ മതി…”
അവളുടെ സ്ത്രീമനസ്സിന് പെട്ടെന്നൊരു വളം വെച്ചുകൊടുക്കണ്ട എന്നു കരുതി..

പിന്നീട് പ്രഭാസ് ഹെർബൽ ഓയിലിന്റെ പച്ചപ്പിൽ അവൾ എന്റെ മുടിയിഴകളെ മുക്കിയതോർത്തു ഞാനങ്ങനെ നടന്നു.ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചത് മറയ്ക്കാൻ ഒരു ഗൗ രവം എടുത്തണിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലെങ്കിലും എന്തൊരു ആജ്ഞാശക്തിയായിരുന്നു പ്രഭയുടെ കണ്ണുകൾക്ക്‌.

അതൊരിക്കൽ ഒരബദ്ധം പറ്റിയതല്ലേമാഷേ..

ശരിയാണ്…ചിലപ്പോഴൊക്കെ ഒരു ചാഞ്ചല്യം തോന്നിയെങ്കിലും ഒരു സദാചാര കാപട്യത്തിന് അടിമയായതുകൊണ്ട് ആ ചിമിഴിനുള്ളിൽ ഞാൻ അമർന്നുപോയിരുന്നു.ആ കണ്ണുകളിലെ കടൽചുഴികളെ ഞാൻ എപ്പോഴും ഭയപ്പെട്ടു.

വിവാഹത്തെപ്പറ്റി എന്തേ ഒന്നും പ്രഭ പറയാതിരുന്നത്. ചിലപ്പോൾ ഞാൻ ഹരിയുടെ കൂടെ സിയാറ്റിനിൽ പോയപ്പോൾ ആയിരിക്കും അത് നടന്നത്.അല്ലാതെ അവൾ …
പിന്നെ അവളുടെ മുന്നിൽ ഞാനൊട്ടും ഒരു മൃദുല വികാരഭരിതനായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഞാൻ കടന്നുചെ ല്ലാത്ത അപരിചിത ഭൂമികൾ അവളുടെ മനസ്സിനുണ്ടായിരുന്നിരിക്കണം.

ലക്കും ലഗാനും ഇല്ലാതെ ഓടിച്ചുവന്ന ഒരു സൈക്കിൾ പെട്ടെന്ന് എന്റെ മുൻപിൽ നിർത്തി.

“എന്റമ്മോ .. ഞമ്മളെ ബിമാനം വരുന്നത് ങ്ങക്ക് കണ്ടൂടെ… ങ്ങളേ ടുത്തെയാ….”

പെട്ടെന്ന് നിർത്തിയ സൈക്കിളിൽ നിന്ന് അവൻ താഴെയിറങ്ങി.

“ങ്ങള്….ഏടെള്ളതാ..?”

“കുട്ടി ഇവിടെ അടുത്തുള്ളതാണോ. എനിക്കൊരു പ്രഭാ വതിയുടെ വീട് പറഞ്ഞുതരുമോ…?”

“ങ്ങള് എടേള്ളതാണ്…പറഞ്ഞില..ഞാൻ ഇതുവരെ കണ്ടീക്കില്ല.. ”

“ഞാനൊരു മാഷാ മോനെ.. കുറച്ച് ദൂരെനിന്നു വരാണ്….”

“മോൻ ഇവിടെ അടുത്താണോ..?”

“ഞാൻ കദീജാബീന്റെ മോൻ. ഫൈസല്…”

“എങ്ങോട്ടാണ് കുട്ടി ഇങ്ങനെ പറക്കുന്നത്. പേടിച്ചുപോയി ഞാൻ ആ വരവ് കണ്ടിട്ട്…”

“അതോ ഞാൻ പൊള്ളിച്ച കോഴിം അൺലിമിറ്റഡ് നെയ്ച്ചോറും വാങ്ങാൻ പോവാ ടൗണില് . ചെറിയോൻ സുന്നത്ത് കയിഞ്ഞ് കെടക്കാ.ഓന് തിന്നാൻ കൊടുക്കാനാ. അതന്നെ വേണന്നൊരു വാശിപ്പൊറത്താ ചെക്കൻ.അതാ തെരക്ക്.പ്രഭാവതി യമ്മേന്റെ പോരെന്റ ടുത്താന്റെ പൊര.ഒരേടത്തെ കുട്ടിനെ ഞാനാ സൈക്കൾമ്മല് വെച്ച് സ്കൂളിൽ കൊണ്ടോവല്.
ഓല് പ്പം ആടെല്യ .,എങ്ങോട്ടോ പോയി.സുരേഷേട്ടനും ചേച്ചിം മോളും ആടെണ്ട്. ഒരു മഞ്ഞ പെയിന്റ് അടിച്ച പൊരയാണ്. അത് നോക്കി പൊയ്ക്കോളി.ഇബടെ അടുത്താ….”

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെ പ്പോലെ ഓർമ്മകൾ ചിലപ്പോൾ എന്നെ മത്ത് പിടിപ്പിച്ചു. അവൾ പോവേണ്ടിയിരുന്നില്ല.ആരും പോവേണ്ടിയിരുന്നില്ല.സ്വന്തമായ ഗൗരിപോലും ഒരു നാൾ പോയില്ലേ.. കരിമഷി എഴുതിയ നീണ്ട കണ്ണുകളുള്ള എന്റെ ഗൗരി.

അതിന് ശേഷം ഹരിയാണ് വീട്ടിൽ നിൽക്കാൻ താല്പര്യമുള്ള സ്ത്രീയെ വേണമെന്ന് പരസ്യം കൊടുത്തത്. അവനെന്റെ മകനല്ലേ എന്നെ പഠിച്ചവൻ.അവന്റെ കണ്ണിൽ സ്കൂളിൽ പോവാനും വരാനും മാത്രമറിയുന്ന അച്ഛനായിരിക്കാം ഞാൻ. മടിയൻ.
ചിലപ്പോളെങ്കിലും മക്കൾ
മാതാപിതാക്കളുടെ ഉടമസ്ഥരാവാറുണ്ടല്ലോ.
ആ പരസ്യം കണ്ടിട്ടാണ് പ്രഭയുടെ മകൻ സുരേഷ് അവളെ വീട്ടിൽ കൊണ്ടുവന്നത്.

കണ്ണടയ്ക്ക് പുറത്ത് നാട്ടുവഴിയിൽ ഒരു മഞ്ഞവെളിച്ചം പെട്ടെന്ന്
പ്രത്യക്ഷപ്പെട്ടു.

ഒരു മഞ്ഞ പെയിന്റ് അടിച്ച പോരയാ.

ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഫൈസൽ അപ്പോഴും കൂടെ ഉണ്ടായിരുന്നു.

ഇരുമ്പ് ഗേറ്റ് മലർക്കെ തുറന്നു ഞാൻ അകത്തുകയറി.കാളിങ് ബെൽ അടിച്ചപ്പോൾ പകലുറക്കം ചീർപ്പിച്ച മുഖവുമായി സുരേഷ് പുറത്തുവന്നു.തലേന്ന് കഴിച്ച മദ്യത്തിന്റെ വാട വമിക്കുന്ന ശ്വാസം എന്റെ നേർക്കും.

“മാഷേ കയറിയിരിക്ക്….
നേരിട്ട് വരുമെന്ന് വിചാരിച്ചില്ല.”
.
“ഒന്നൂല്യെങ്കിലും കുറച്ചുകാലം അവരുവെച്ചുതന്ന ഭക്ഷണം കഴിച്ചില്ലെ .. ഒരു വിവരവും ഇല്ലാത്തപ്പോൾ നേരിട്ട് പുറപ്പെട്ടു.”

“അവളും മോളും വീട്ടിൽ പോയതാ മാഷേ.. ഒരു ചായ തരാനും കൂടി…”

സുരേഷിന്റെ വെറുതെയുള്ള ചായ സൽക്കാരം ഒരു നീരസത്തോടെ ഞാൻ കേട്ടു.

“അമ്മയെവിടെ? എന്തുകൊണ്ടെ ഒന്നും പറയാതെ പോന്നത്?”

ഞാൻ ചോദിച്ചു.

“മാഷേ….ഇവിടെ അടുത്ത വീട്ടിൽ ഒരു ഹരിദാസൻ നായർ ഉണ്ടായിരുന്നു. അയാൾ തീരെ വയ്യാതെ കിടപ്പിലാണിപ്പോൾ.. ബാംഗ്ലൂരിലാണ് താമസം .അയാളുടെ വീട്ടിലായിരുന്നു അമ്മ ചെറുപ്പത്തിൽ പണിക്കു നിന്നത്. അയാളുടെ ഭാര്യ മരിച്ചുപോയതാണ്. അയാൾ പറഞ്ഞിട്ട് അയാളുടെ മകനാണ് ഇവിടെ വന്നു അമ്മയെകൂട്ടി കൊണ്ടുപോയത്….”

“അപ്പോൾ ബാംഗ്ലൂരിലാണോ ഇപ്പോൾ?”

“അതെ….”

“ഇവിടെ എത്തി വീട് അന്വേഷിച്ചപ്പോൾ അമ്മയുടെ വിവാഹം കഴിഞ്ഞൂന്നാണല്ലോ ഞാൻ കേട്ടത്..”

“അങ്ങനെയൊന്നുമല്ല മാഷേ.
അയാൾക്ക് അമ്മയെ രജിസ്റ്റർ മാര്യേജ് കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു.
അച്ഛനെന്തെങ്കിലും പറ്റിയാൽ അച്ഛന്റെ പെൻഷൻ ആ സ്ത്രീയ്ക്കു കിട്ടിക്കോട്ടേ എന്നൊരു ആഗ്രഹം അച്ഛനുണ്ടെന്നു അയാളുടെ മകൻ പറഞ്ഞു. അമ്മയ്ക്ക്
എതിർപ്പൊന്നുമില്ലാത്തതുകൊണ്ട് ഞാനും സമ്മതം മൂളി…..”

“എന്തേ അയാൾക്കങ്ങിനെയൊരു താല്പര്യം ഉണ്ടാവാൻ എന്ന് ചോദിച്ചില്ലേ..?”.

“അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നീല മാഷേ….ഇപ്പോൾ അമ്മ പണിയെടുക്കുന്നുണ്ട്. അമ്മയ്ക്കു വയ്യാണ്ടായാൽ ഞാൻ ഒറ്റയ്ക്കു നോക്കണ്ടെ .. കൂടപ്പിറപ്പുകളും കൂടി ഇല്ല…”

“മുൻതലമുറ പിൻതലമുറയെ സംരക്ഷിക്കണം ..എന്ന ആശയം അല്പം പഴയതല്ലേ മാഷേ”….

സുരേഷ് അങ്ങിനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.എന്റെ ഉള്ളിൽ നിന്നുള്ള ചോദ്യം.

“അത് ശരിയാ സുരേഷേ…”

“മാര്യേജ് കഴിഞ്ഞിട്ടില്ല. തത്കാലം അവിടെ നിർത്തിയിട്ട് രജിസ്ട്രാറെ വീട്ടിലേക്ക്‌ വരുത്തി ചെയ്തോളാം എന്നാണ് പറഞ്ഞത്.
പിന്നെ ജീവിതത്തിൽ മുഴുവൻ അമ്മ കഷ്ടപ്പെട്ടിട്ടെ ഉള്ളു മാഷെ… കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കാൻ പറ്റിയാൽ നല്ലതല്ലെ മാഷേ..”

“തീർച്ചയായും….”

“ചേക്കു എന്ന റാക്കു കാച്ചുന്നോന്റെ മോള് പ്രഭേനെ ചിന്നൻ നായരുടെ മോൻ ഹരിദാസൻ കല്യാണം കഴിക്കോ മാഷേ. അന്ന് വിവരല്ലായ്‌നു.പൂതിണ്ടായിട്ട് എന്ത് കാര്യം…”.

ഒരിക്കൽ മേശപ്പുറത്തു നിന്ന് ഹരികൊണ്ടുവന്ന ഗുച്ചിയുടെ സെന്റ് കുപ്പി കൈയിൽ എടുത്ത് പ്രഭ പറഞ്ഞു.
“ഇയ്റ്റാലൊന്നു മേലേക്ക് ശൂ……ന്ന്‌ ചീറ്റി മണണ്ടോന്നു നോക്കട്ടെന്നും പറഞ്ഞാ ഹരിദാസേട്ടൻ എനിക്ക്….”

“കുപ്പി അവിടെ മേശപ്പുറത്തു വെച്ച് അടിച്ചു വാരാൻ നോക്കു പ്രഭാ …”.

അവൾ പലപ്പോഴായി പറഞ്ഞ അവിടവിടെ പഴകി കീറിയ കഥകൾ എല്ലാം കു‌ടി പെറുക്കി തുന്നിചേർത്ത് വ്യക്തമായ ഒരു രൂപമുണ്ടാക്കാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ അത് വീണ്ടും പിഞ്ഞി കീറി ഓട്ട വീണുകൊണ്ടേ ഇരുന്നു.സൂചിക്കുഴയിൽ നൂലിടൽ ഒരു പാഴ് വേലയായപ്പോൾ ഞാൻ ഒരിക്കൽ ചോദിച്ചു.

“അപ്പോൾ സുരേഷിന്റെ അച്ഛൻ….?”

“അതെ മാഷേ..അയാളെന്നെ..മൂപ്പരെ ഉടനെ പട്ടാളത്തിൽ പറഞ്ഞയച്ചു ചിന്നൻ നായര് . എന്റെ ജമ്മം ഇയ്റ്റാലൊക്കെ ആയിം പോയി . സുരേഷിനും അച്ഛനാരാന്നറിഞ്ഞൂടാ.ഓന് പിന്നെ അതൊന്നും പ്രശ്നല്ല.. സുഖിച്ചു ജീവിക്കണം അത്രേള്ളൂ .ഹോട്ടൽ പണിയെടുത്താ മാഷെ ഞാൻ ഓനെ പോറ്റീത്.അരച്ചരച്ചു തഴമ്പു വീണ കൈകളാ എന്റേത്.

അപ്പോൾ അതാണ് കാര്യം.

സുരേഷിനോട് യാത്രപറഞ്ഞു ഞാൻ തിരികെ പോന്നു.

നിരത്തിലെ മഞ്ഞ വെളിച്ചം മായ്ഞ്ഞു തുടങ്ങി.റോഡിന്റെ ഒരുവശത്തു ഒരു വീടിന്റെ മതിലിന്മേലിൽ നിന്നു ശംഖുപുഷ്പത്തിന്റെ വള്ളി താഴേക്കു വീണുകിടക്കുന്നുണ്ടായിരുന്നു. നിറയെ കരിമഷിയെഴുതിയ പൂക്കളെ ആ നഗ്നമായ മതിൽ മാറോടു അടക്കിപ്പിടിച്ചിരുന്നു. ശൂന്യതയിലും ചിത്രം വരയ്ക്കാൻ പറ്റുന്ന കരിമഷി എഴുതിയ മിഴികൾ . ഈ മതിലിന്റെയും ദൗർബല്യമാണോ എന്നെനിക്കു വെറുതെ തോന്നി.

പ്രതീക്ഷയറ്റ മടക്കയാത്ര ആയതുകൊണ്ടോ എന്തോ ഒരു ഇല്ലായ്മയായിരുന്നു മനസ്സിന്.. അർത്ഥവ്യാപ്തി ഇല്ലാത്ത എന്തോവായിച്ചു തീർന്നപോലെ വെറുതെ കടന്നുപോയ ഒരു അരദിവസത്തെ പിന്നിലാക്കി
നടത്തതിന് വേഗത കൂട്ടി.ഒരു പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർത്തു. ശരീരത്തിന്റെ കോശവിഭജനം തീരെ മന്ദഗതിയിലാവുമ്പോൾ താനൊഴികെ മറ്റെല്ലാത്തിനും വേഗതകൂടിയതുപോലെ തോന്നും ആ തോന്നലിലൂടെ അപരിചിതമായ ഏതോ ഒരു നിസ്സഹായത എന്നെ പിൻതുടർന്നു.

ബസിൽ കയറി ടൗണിൽ എത്തിയാൽ നല്ലൊരൂണ് കഴിയ്ക്കാം.പ്രഭ പോയേപ്പിന്നെ വീട്ടിൽ ഒന്നും വെച്ചുകഴിക്കാറില്ല. വിളിച്ചുപറഞ്ഞാൽ എന്തും മുന്നിലെത്തും.എന്നാലും പെട്ടെന്ന് അവളെ ഓർത്ത് പോയി.

ആത്മാർത്ഥത കുറച്ചു കൂടുതലായിരുന്നു പ്രഭ യ്ക്ക്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം. പിന്നെ പിന്നെ എനിക്കതു തോന്നി തുടങ്ങിയിരുന്നു.
ഒരു ദിവസം കീറിത്തുന്നിയ അവളുടെ കുപ്പായം കണ്ട് ഞാൻ ചോദിച്ചു.
നിനക്ക് നല്ല സാരിയൊന്നുമില്ലേ ഉടുക്കാൻ..?”

“മാഷേ ങ്ങക്ക് അത്ര സങ്കടണ്ടെങ്കിൽ കുറച്ചു മേടിച്ചന്നോളി. ഉടുത്തു പഴകീതല്ലേ ഓരോരുത്തര് തരോ ള്ളു “.
“അ… നിർത്ത് നിർത്ത്. എന്തെങ്കിലും വീണുപോയാൽ അതിൽ പിടിച്ചു കേറിക്കോളും…”

മുഷിച്ചിൽ മാറ്റാൻ ഞാൻ പുറത്തേക്കിറങ്ങിപ്പോയി.മാസ ശമ്പളം കൃത്യമായി എണ്ണിക്കൊടുത്തു നിർത്തിയ ഒരു വേലക്കാരി മാത്രമല്ലേ താൻ എന്ന്‌ അവൾക്ക് അപ്പോൾ തോന്നിയിരിക്കും.

ടൗണിലെത്തി ഊണുകഴിച്ചു. പിന്നത്തെ ബസും കയറി വീട്ടിൽ എത്താറായപ്പോഴേക്കും സമയം സന്ധ്യയോടടുത്തു.ആകാശത്തിൽ പകല് ചേക്കേറിയ പക്ഷികൾ മടക്കയാത്ര തുടങ്ങി. മൂപ്പെത്താത്ത സന്ധ്യയിൽ വിളക്ക് വെയ്ക്കാത്ത ഉമ്മറവും തുളസിത്തറയും ദൂരെനിന്നെ കാണാമായിരുന്നു.അൽപായുസ്സായ സന്ധ്യക്ക്‌ മേൽ ഇപ്പോൾ ഇരുട്ട് പരക്കും.

ആരോ വാതിലിനു താഴെ നിലത്തു കൂനിക്കൂടി ഇരിയ്ക്കുന്നതുപോലെ ഒരു അവ്യക്തത.പക്ഷേ അതൊരു തോന്നലല്ലായിരുന്നു.

“ഇങ്ങള് എവിടെ പോയി ….മാഷേ.. ഞാന് രാവിലെ മുതൽ ഇരിക്കാ….. അടുത്തുള്ളോരു വൈന്നേരം വരുന്ന്‌ പറഞ്ഞോണ്ട് ഇവിടെ തന്നെ ഇരുന്നു.

“പ്രഭ എന്തേ തിരിച്ചു പോന്നേ.?..”

“അയാൾക്കിപ്പളും ഞാൻ ചേക്കൂന്റെ മോളന്യാ മാഷേ. അയാള്
ചിന്നൻ നായരെ മോനും….പണ്ടത്തെപോലല്ലല്ലോ ..എനിക്ക് വിവരം വെച്ചില്ലെ പറഞ്ഞു പറ്റിക്കല് ഇനി നടക്കൂല….”
“മാഷാവുമ്പം എനിക്ക് കൃത്യ ശമ്പളോം കിട്ടും.. സ്വന്തം പോലെ എനിക്കിവിടെ നിക്കും ചെയ്യാം ….” അതും പറഞ്ഞവൾ ചിരിച്ചു.

മനസ്സ് കൃത്യമായി പ്രകടമാക്കുന്ന മൂന്നു വാക്കുള്ള ആ പഴയ പരസ്യവാചകം ഓർത്തു ഞാനും ചിരിച്ചു.

“എനിക്ക് വിശന്നിട്ടു വയ്യ മാഷേ….. ങ്ങള് വീട് തുറക്കി.”

പൂട്ട് തുറന്നു.ഓടാമ്പൽ നീക്കിയപ്പോൾ രണ്ട് കരിമഷിക്കണ്ണുകൾ ഒരു താക്കീതോടെ എന്നെ വീണ്ടും തുറിച്ചു നോക്കി.

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.