രാജൻ എൻ കെ

ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്‌. അമിത സന്തോഷം പോലും അയാൾക്ക്‌ താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?

അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.

താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.

കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.

ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.

ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.

വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.

സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.

ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.

ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?

ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.

മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത്‌ കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.

പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.

വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.

ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.

ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.

നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യര്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.