ഷാഹിന എസ്.

നാട്ടിലെ പെരുംതച്ചൻ ആയിരുന്നു വിജയപ്പൻ മേശിരി. റോഡിനടുത്തുള്ള വീടിനുമുൻപിൽ മേശിരി തന്റെ കരവിരുതിന്റെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും നിരത്തി വച്ചിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്ക് നടന്നുവന്നിരുന്ന ഞങ്ങൾ കുട്ടികൾ ക്ക് ഈ പ്രദർശനം കൗതുക കാഴ്ചകൾ ആയിരുന്നു. കോഴിക്കൂടു മുതൽ ഏടാ കൂടം വരെ ഉണ്ടായിരുന്നു മേശിരിയുടെ നിർമ്മാണവൈഭവ പ്രദർശന മേളയിൽ. ആക്കാലത്തു നാട്ടിലെ ഒട്ടു മിക്ക സാധാരണ കുടുംബങ്ങളിലും മിനിമം ഒരാൾ എങ്കിലും ഗൾഫി ൽ ജോലി തേടി പോയിരുന്നു… ഇന്നു ദുബായിലും മറ്റും കാണപ്പെടുന്ന അമ്പരചുംബികളുടെ നിർമാണം ആരംഭിക്കുന്ന കാലം…. ആ മേഖലയിൽ നൈപുണ്യം ഉള്ള ധാരാളം ആൾക്കാർ നാട്ടിൽ നിന്ന് പശ്ചിമേഷ്യയിൽ പോയി കഷ്ടപ്പെട്ട് പണം സമ്പാദിക്കുകയും തന്മൂലം കുടുംബത്തെ കടക്കെണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷി ക്കുവാൻകഴിഞ്ഞെന്നു മാത്രമല്ല ചെറിയ ഓല മേഞ്ഞ വീടു കളുടെ സ്ഥാനത്തു മണിമാളികകൾ കെട്ടിപ്പൊക്കുകയും ചെയ്തു പോന്നിരുന്നു. ഇങ്ങനെ നിർമിക്കുന്ന മിക്കവാറും വീടുകളുടെ എല്ലാം തടി പണി വിജയപ്പൻ മേശിരി തന്നെ ചെയ്തു പോന്നു.

പതിനാറു പതിനേഴു വയസ്സ് പ്രായത്തിലും അതിലും ഇളയ പ്രായത്തിലും ആയി ആൾക്ക് നാലു ആൺ മക്കൾ ഉണ്ടായിരുന്നു. അവരെല്ലാം പത്താം തരം വരെ വല്ല വിധേനെയും പഠിത്തം മുഴുമിപ്പിച്ചുമേശിരി യോടൊപ്പം പണിക്കു കൂടിയിരുന്നു…. അപ്പോഴേക്കും ഒരു വലിയ ഷെഡ്ഡ് വീടിനു മുൻപിൽ കെട്ടിപ്പൊക്കി അതിനുള്ളിലായിരുന്നു പണിയൊക്കെ…..ഗൾഫു കാരുടെ മണിമാളിക കൾക്കുള്ള തടിപ്പണി വെടിപ്പായി ചെയ്തിരുന്ന വിജയപ്പൻ മേശിരിയുടെ ഖ്യാതി അങ്ങനെ വിദേശത്തും ഏത്തപ്പെട്ടു. ഒരു പ്രവാസിയുടെ രാമേശരത്തുള്ള വലിയ ഒരു പ്രൊജക്റ്റ്‌ ന്റെ മേൽനോട്ട ചുമതല മേശിരി ക്കു തര പ്പെടുകയും ചെയ്തു. ഇതിനകം, കരാറു പണികളുടെ ആധിക്യം മൂലം മക്കളെ കൂടാതെ കുറച്ചു പണിക്കാരെ ട്രെയിനി കളായി ക്കൂടി മേശിരി നിയോഗിച്ചിരുന്നു. നാട്ടിലെ പണികൾ എല്ലാം ഇളയ മക്കളെ ഏൽപ്പിച്ചു മേശിരി രാമേശ്വരത്തേക്ക് യാത്ര തിരിച്ചു.

കുറെഅധികം നാൾ കഴിഞ്ഞാണ് വിജയപ്പൻ മേശിരി നാട്ടിൽ തിരികെ എത്തിയത്. അപ്പോൾ മേശിരിയോടൊപ്പം തമിഴ് സംസാരിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. അയാൾ നാട്ടിൽ പെട്ടെന്ന് തന്നെ ഒരു സംസാരവിഷയമായി. രമേശ്വരത്തു വെച്ച് കൂടിയതാണത്രേ. പണിപെട്ടെന്ന് പഠിച്ചെടുക്കുകയും, മേശിരി
നാട്ടിലേക്കു തിരിച്ചപ്പോൾ തന്നെയും കൂടെ കൂട്ടുമോ എന്നും സ്വന്തം മായിട്ട് ബന്ധുക്കൾ ആരുമില്ലാത്ത ആൾ ആണെന്നും പറഞ്ഞു വത്രേ. അയാളിലെ മികച്ച സ്കിൽഡ് വർക്കർ നെ തിരിച്ചറിഞ്ഞ മേശിരി എന്തായാലും നാട്ടിൽ തന്റെ ആഭാവത്തിൽ തീരാനുള്ള പണികൾ ചെയ്തു തീർക്കുവാൻ ഇയാൾ പറ്റിയ ആൾ തന്നെ എന്ന് കരുതി കൂടെ കൂട്ടി. ആറടി പൊക്കവും അതിനു തക്കമുള്ള വണ്ണവും ഉള്ള അയാളുടെ പേര് സൂര്യ എന്നാണെന്നു പറഞ്ഞു. സാധാരണ ഒരു തടിപ്പണി ക്കാരന്റെ ബോഡിലാംഗ്വേജ് ആയിരുന്നില്ല അയാൾക്ക്‌. സമൃദ്ധമായ താടി ഉണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ കോളേജ് വിദ്യാർത്ഥി ആയിക്കഴിഞ്ഞിരുന്നു. ഒന്നുരണ്ടു തവണ കോളേജിൽ പോകുന്നവഴിക്ക് അയാളെ ഞാൻ കണ്ടു.. തീഷ്ണത യുണ്ടായിരുന്നു അയാളുടെ നേട്ടത്തിന്. എന്ത് കൊണ്ടെന്നറിയാത്ത ഒരു ഭയം അയാളെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു.

തന്റെ വംശം അനുഭവിക്കുന്ന പാർശ്വവൽക്കരണത്തിന് എതിരെ രാജ്യത്തിന്റെ ഭരണ വ്യവസ്ഥിതി യോട് സായുധ ഒളി പ്പോരുനടത്തി, ശ്രീ ലങ്കയിലെ ജാഫ്ന യിൽ ഒരു സമാന്തര സർക്കാർ ഉണ്ടാക്കിയ എൽ റ്റി റ്റി ഇ തലവൻ വേലു പ്പിള്ള പ്രഭാകരൻ, ക്രമേണ തന്റെ അത്യന്തിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു അവരുടെ അയൽ രാജ്യങ്ങളായ ഭാരതത്തിൽ ഉൾപ്പെടെ നിരവധി ഭീകര ആക്രമണം നടത്തുകയും ചെയ്ത് ലോകം വിറപ്പിച്ചിരുന്ന കാലഘട്ടം …’തമിഴ് പുലികൾ’ എന്നറിയപ്പെട്ടിരുന്ന സ്വയം പൊട്ടിത്തെറി ച്ചു മരിക്കുവാൻ തയ്യാറായി നിൽക്കുന്ന ആത്മഹത്യാ സ്‌ക്വാഡുകൾ ആയിരുന്നു പ്രഭാകരന്റെ പട്ടാളക്കാർ… ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ കണ്ണു നീർ തുള്ളി പോലെ യായി മാറിയിരുന്നു ശ്രീലങ്ക….. പത്രം നിറയെ തമിഴ് പുലികളെ കുറിച്ചുള്ള പേടിപ്പിക്കുന്ന വാർത്തകൾ നിറഞ്ഞ കാലം……അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്ന ശ്രീ. രാജീവ് ഗാന്ധി യും ശ്രീലങ്കൻ പ്രസിഡന്റ്‌ ശ്രീ. ജയവർദ്ധനെ യും ചേർന്ന് ഒപ്പിട്ട ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഐ പി കെ എഫ് ശ്രീലങ്ക യിൽ എത്തി ‘പുലി’ക ളിൽനിന്ന് ലങ്ക യെ രക്ഷിക്കുവാൻ ഉള്ള ഓപ്പറേഷൻ നടത്തിയ കാലം…..ഇതിനോടകം നാട്ടിലെ ത്തി യ സൂര്യ എല്ലാർക്കും പ്രിയപ്പെട്ട വനായി തീർന്നിരുന്നു. നല്ലൊരു പണിക്കാരൻ…മലയാളം പെട്ടെന്ന് പഠിച്ചെടുത്തു. പതിയെ പതിയെ സൂര്യ യെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ തുടങ്ങി. ഐ.പി.കെ.എഫ് ശ്രീലങ്ക യിൽ ഓപ്പറേഷൻ നടത്തിയപ്പോൾ രാമേശ്വരം വഴി ഓടി രക്ഷപെട്ട തമിഴൻ.,..തമിഴ് വംശജൻ….

അനുജനോടൊപ്പം കടയിൽ നിന്നും സാധനം വാങ്ങി മടങ്ങി വരവേ ഒരു ദിവസം അയാൾ അവനോട് സംസാരിക്കാൻ വന്നു. അവൻ ചെറിയ കുട്ടി ആണെങ്കിലും മുതിർന്ന ആൾക്കാരോടാണ് ഇടപെടലുകൾ… എനിക്ക് അത് ഇഷ്ടമായില്ല… ഞാൻ അവന്റെ കൈയിൽ പിടിച്ചു വലിച്ചു വീട്ടിൽ കൊണ്ട് വന്നു.. “അയാളോടെന്തിനാ സംസാരിക്കുന്നെ… അയാൾ തമിഴ് പുലി ആയിരിക്കും… ആർക്കറിയാം ഇവിടുള്ള കുട്ടികളെ യൊക്കെ പറഞ്ഞു മയക്കി ലങ്ക ക്കു കൊണ്ടുപോകില്ല എന്നു”. അവനു ദേഷ്യമായി… അയാൾ അങ്ങനെ യൊന്നും ചെയ്യില്ല…. അയാൾ ശരിക്കും തമിഴ് പുലി ആയിരുന്നു…. പ്രഭാകരൻ നേരിട്ട് ട്രെയിനിങ് നൽകിയ ക്യാമ്പിൽ   ഉണ്ടായിരുന്നു അത്രേ…. അയാളുടെ മാതാപിതാക്കളെ എല്ലാം സിംഹളർ കൊന്നു കളഞ്ഞതാണ്…. അയാൾ രക്ഷപെട്ടു വന്നതാ… ഇവിടുത്തെ ആൾക്കാരെ അയാൾക്ക് വല്യ ഇഷ്ടമായി… ഇതെല്ലാം അയാൾ നേരിട്ട് അവനോട് പറഞ്ഞതാണത്രേ…ഞാൻ ഞെട്ടി പ്പോയി…

പിന്നീട് അവനെ കണ്ടപ്പോൾ അയാൾ അവനോട് പറഞ്ഞു “ചേച്ചിക്ക് ഇഷ്ടം ആവില്ല അല്ലെ എന്നോട് സംസാരിക്കുന്നതു. സാരമില്ല..”
അയാൾ എന്നെങ്കിലും ഈ നാട്ടിൽ നിന്ന് എന്തെങ്കിലും കോളിളക്കം സൃഷ്ടിച്ചു കടന്നു കളയുമെന്ന് ഒരു മുൻ ധാരണ എന്റെ മനസ്സിൽ ഉറച്ചു പോയിരുന്നു.
ഇതിനിടയിൽ എന്റെ ഡിഗ്രി പഠനം കഴിഞ്ഞു. വിവാഹവും… കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തുമ്പോൾ വല്ല പ്പോഴും ഇയാളെ കണ്ടിരുന്നു. ഇതിനകം അയാൾ നാട്ടിലെ ഒരു സാധു കുടുംബത്തിൽ നിന്നും സ്കൂളിൽ എന്റെ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺ കുട്ടിയെ വിവാഹം ചെയ്തു. സതി. അയാൾക്ക് ഒരു കുട്ടിയും ജനിച്ചു. കുറച്ചു നാൾ കഴിഞ്ഞു ആ പെൺകുട്ടിക്ക് എന്തോ തീരാ വ്യാധി വന്നു.. അയാൾ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിപ്പിച്ചു…. പക്ഷെ അവർ രക്ഷപെട്ടില്ല.. കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു സതി വ്യാധി ഇല്ലാ ലോകത്തേക്ക് പോയി… അങ്ങനെ അയാൾക്ക് ആ നാട്ടിൽ ഒരു രക്ത ബന്ധം ഉണ്ടായി.. പിന്നീട് അയാൾ അവളുടെ അനുജത്തി സിന്ധു വിനെ വിവാഹം ചെയ്തു. അയാൾക്ക് വീണ്ടും കുഞ്ഞുങ്ങൾ ജനിച്ചു….. വർഷങ്ങൾ കുറെ കഴിഞ്ഞു….. അപ്പോഴും അയാൾ ആ നാട്ടിൽ ഉണ്ടായിരുന്നു…. എങ്ങും ഓടി പോയില്ല…

അയാളെ ക്കുറിച്ച് ഓർക്കാൻ എനിക്ക് പ്രത്യേകം കാരണങ്ങൾ ഒന്നും ഇല്ലാത്ത തിന്നാലും ജീവിത യഥാർത്യ ങ്ങളുടെ കുത്തൊഴുക്കിൽ ആയതിനാലും അയാളെ ഞാൻ മറന്നു….. പക്ഷെ വല്ലപോഴും നാട്ടിലെത്തുമ്പോൾ കാണാറുണ്ട്. ഒരിക്കലും ഞാൻ അയാളെ അനുഭാവപൂർവം നോക്കിയിട്ടില്ല. അനുജനോട് സംസാരിക്കാൻ വന്നപ്പോൾ എനിക്കുണ്ടായ അതെ വികാരം തന്നെ എപ്പോഴും തോന്നിയിരുന്നു….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാള സാഹിത്യലോകത്തിനും അതിന്റെ ചരിത്രത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മഹാപ്രതിഭയുടെ സ്മാരകം നിലകൊള്ളുന്ന നാടാണ് എങ്കി ലും പിൽക്കാല ത്തു നടന്ന ഒരു വിഷമദ്യ ദുരന്ത ത്തിന്റെ പേരിൽ ആണ് ആൾക്കാർ പെട്ടെന്നു എന്റെ നാടിനെ ഓർത്തെടുക്കുന്നത്എന്നുള്ള കാര്യം വൈരുധ്യം ആയി തോന്നി യിരുന്നു. അതെ…..എന്റെ നാട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു.. അപ്പോഴേക്കും വീട്ടിൽ ലാൻഡ് ഫോൺ ഒക്കെ വന്നിരുന്നു. എല്ലാ വിവരങ്ങളും വിശേഷങ്ങളും അന്നന്നു തന്നെ ഉമ്മ വിളിച്ചു പറയാറുണ്ട്…പത്രത്തിലും റ്റി വി യിലും നിറയെ ഞങ്ങളുടെ നാടിനെക്കുറിച്ചുള്ള വാർത്തകൾ… മരണ പ്പെട്ട വരിൽ നിരവധി പരിചയം ഉള്ള പേരുകൾ… അടുത്തുള്ള പാറമടയിൽ പകലന്തിയോളം പണികഴിഞ്ഞു തുച്ഛമായ കൂലിയും വാങ്ങി കുറഞ്ഞ വിലക്ക് കിട്ടിയ വ്യാജ ചാരായം വാങ്ങി കുടിച്ചവർ ആണ് കൂടുതലും ഈ ദുരന്തതിന് ഇര ആയവർ….ഈഥൈൽ ആൽക്കഹോൾൽ വിഷം ആയിട്ടുള്ള മീഥൈൽ ആൽക്കഹോൾ ചേർത്ത്നൽകിയത് കഴിച്ചതാണ് ഇത്രയും മരണ സംഖ്യ കൂടാൻ കാരണം…. അന്നും ഓഫീസിൽ നിന്ന് വന്നിട്ട് പതിവ് പോലെ രാത്രിയിൽ ഞാൻ ഉമ്മയെ വിളിച്ചു…. മരണ പെട്ടവരുടെ പേരുകൾ ഉമ്മ പറഞ്ഞു കൊണ്ടിരുന്നു……എന്നെ സ്കൂളിൽ പഠി പ്പിച്ചിരുന്ന യോഹന്നാൻ സർ… പിന്നെയും ഒരുപാട് പരിചയക്കാരുടെ പേരുകൾ പറഞ്ഞു….നമ്മുടെ നാടിനുണ്ടായ ഈ വിഷമം ഞങ്ങൾ ഏറെനേരം പങ്കുവെച്ചു ഫോൺ വെയ്ക്കുന്ന തിന് മുൻപ് ഉമ്മ ഒരു കാര്യം കൂടി പറഞ്ഞു..”. പിന്നെ ഒരു കാര്യം… നിനക്ക് അയാളെ ഓർമ്മയുണ്ടോ… ആ തമിഴ് പുലി…. എന്താണ് അയാളുടെ പേര് ഞാൻ മറന്നു…” പെട്ടെന്ന് ഞാൻ ചോദിച്ചു.. “ആര് സൂര്യ ആണോ…”
“അതെ… ആയാളും മരണപ്പെട്ടു…. പാവം… ”
ഫോൺ വെച്ച് കഴിഞ്ഞു ഞാൻ അയാളെ ക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു… എന്ത് കഷ്ടം ആയിപ്പോയി… ജീവിതത്തിൽ എന്തെല്ലാം ദുൽഘട ഘട്ട ങ്ങളെ അയാൾ അതിജീവിച്ചു കാണും…. അയാൾക്ക് ഇങ്ങനെ ഒരു മരണം വേണ്ടിയിരുന്നില്ല…. പിന്നെ വ്യാജ ചാരായം വാങ്ങി കുടിക്കാൻ പോയിട്ടല്ലേ ഇങ്ങനെ യൊക്കെ സംഭവിച്ചത്….. എന്നാലും അയാളുടെ ഭാര്യ.. കുട്ടികൾ.. അവർ ക്കു ആരുമില്ല ല്ലോ…. എന്തോ എന്റെ ഉള്ളിൽ ചെറുതായ കുറ്റബോധം തോന്നി… എന്തിനാണോ… അറിയില്ല….

പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞു….. നിത്യ ജീവിത അഭ്യാസങ്ങളിൽ അയാളെ ക്കുറിച്ചുള്ള ചിന്തകളും പതിയെ മാഞ്ഞു പോയിരുന്നു….ഒരു ദിവസം എന്റെ വീട് ന്റെ അടുത്തുള്ള ജംഗ്ഷൻ ൽ ഞാൻ ബസ് ഇറങ്ങി കൈവശം ഉള്ള കെട്ടുകളും ബാഗും ഒക്കെ മുറുക്കി പിടിച്ചു ജംഗ്ഷൻ മുറിച്ചു കടന്നു വീട്ടിലേക്ക് വരുക ആയിരുന്നു… ആ വഴി വക്കിൽ സ്ഥിരമായി കാണാറുള്ള ഒരു കാഴ്ച്ച ഉണ്ട്‌….. ചീട്ടുകളി… കുറെ പുരുഷകേസരികൾ ഇരുന്നു ചീട്ടു കളിക്കും. അതിൽ പണ്ഡിത പാമര വ്യത്യാസം ഒന്നുമില്ല…ജാതി മത വ്യത്യാസവും കാണാറില്ല….. പലരുടെയും കാതിൽ ഈർക്കിലും വെള്ളക്ക ( മച്ചിങ്ങ ) യും കൊണ്ട് ഉള്ള കുണുക്കു ഇട്ടിരിക്കുന്നത് കാണാം… പിന്നെ പ്ലാവില കിരീടം….സ്ഥലത്തെ പല മാന്യൻ മാരും ഇങ്ങനെ ‘കവചകുണ്ഠലങ്ങൾ’ അണിഞ്ഞു ഇരിക്കുന്നത് കാണുമ്പോൾ ചിരി പൊട്ടും…. . സാധാ രണ ദൂരെ നിന്ന് ഇവരെ കാണുമ്പോൾ ഞാൻ മനപ്പൂർവം നോക്കാതെ പോകാറാണ് പതിവ്… കാരണം മേൽപ്പറഞ്ഞ മാന്യ വ്യക്തിത്വങ്ങളിൽ എന്റെ പിതൃ സ്ഥനീയരും ഉൾപെടാറുണ്ട്. …പക്ഷെ കുറെ കാലം കൂടി വീട്ടിലേക്കു വന്നതിനാൽ എന്റെ കൈവശം ബാഗുകളും മറ്റും ഉള്ളതിനാലും അവ കൈയിൽ നിന്ന് വഴുതി വീഴാതിരിക്കുന്നതിനായി എന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടതിനാലും ചീട്ടുകളി സംഘ ദൃശ്യ ബോധം നേരത്തെ എന്നിലേക്ക് എത്തപെട്ടിരുന്നില്ല….. അടുത്ത് എത്തിയതിനു ശേഷമാണ് ഞാൻ അവരെ കണ്ടത്…. കുണുക്കിട്ട എന്റെ ചിറ്റപ്പൻഎന്നെ യും കണ്ടു… ജാള്യ തയിൽ ഒന്നു ചിരിച്ചു… “നീ വരുന്ന വഴിയാ….?”ഒരു കുശാലാന്വേഷണത്തിൽ ജാള്യത മറച്ചു… “അതെ ‘ എന്ന് പറഞ്ഞു ഞാൻ തല തി രിച്ചപ്പോൾ ആണ്… എന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ പോയത് ഞാൻ അറിഞ്ഞത് .. ചിറ്റപ്പന്റെ അടുത്ത് കുണുക്കിട്ട് മറ്റൊരു രൂപം… താടി വെച്ച… അതെ രൂപം ഞാൻ വീണ്ടും തല തിരിച്ചു നോക്കി…. എന്റെ ഞെട്ടൽ മാറിയിരുന്നില്ല… ഇത്തവണ അയാൾ എന്നെ നോക്കി…. അതെ തീഷ്ണ നോട്ടം…… അത് അയാൾ തന്നെ ആണോ….. മരിച്ചുപോയ ആൾ എങ്ങനെ….. അതുപോലുള്ള മറ്റാരെങ്കിലും ആണോ… ഞാൻ ആകെ പരിഭ്രമി ച്ചു…. അയാളെ പോലെ ആരോ ഒരാൾ….. ആയിരിക്കും…. അങ്ങനെ അയാളെ കുറിച്ച് ഞാൻ വീണ്ടും ചിന്തിച്ചു….. വീട്ടിലെത്തി യപ്പോൾ എന്റെ അയൽവാസി യും കൂട്ടുകാരിയും ആയ ഷീജ ഉമ്മയോട് സംസാരിച്ചു നിൽപ്പുണ്ടായിരുന്നു… എന്നെ കണ്ട പാടെ ഉമ്മ ഓടി വന്നു എന്റെ കൈയിൽ നിന്ന് സാധനങ്ങൾ അടങ്ങിയ ബാഗും മറ്റും വാങ്ങി… ഞാൻ മുറ്റത്തെ തിണ്ണയിൽ ഇരുന്നു കുറെ നേരം ഷീജ യോട് സംസാരിച്ചു…. വെറുതെ എങ്കിലും ഞാൻ പറഞ്ഞു… “ആ മരിച്ചുപോയ തമിഴ് പുലി ഇല്ലേ സൂര്യ…അയാളെ പോലെ ഒരാൾ അവിടിരുന്നു ചീട്ടു കളിക്കുന്നത് ഞാൻ കണ്ടു. ”
“മരിച്ചു പോയോ..??. ആര്…?അയാൾ മരിച്ചിട്ടൊന്നുമില്ല… ”
എന്നു പറഞ്ഞു ഷീജ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി…
. “ങേ…!!! വിഷ ചാരായം കുടിച്ച് മരിച്ചു എന്നു ഉമ്മ പറഞ്ഞു….”
“അയാൾ ആശുപത്രിയിൽ ആയിരുന്നു… കുറെ നാൾ… രക്ഷപെട്ടു… മരിച്ചിട്ടൊന്നുമില്ല…
ഉടനെ ഉമ്മയുടെ ക്ഷമാപണം പുറകിൽ നിന്ന് കേട്ടു
“ഓ…… അക്കാര്യം ഞാൻ പറയാൻ മറന്നുപോയി അന്ന് ഹോസ്പിറ്റലിൽ പോയവർ എല്ലാം മരിച്ചു എന്നാ കേട്ടത്… രക്ഷപെട്ടു എന്ന് കുറെ നാൾ കഴിഞ്ഞു ആണ് അറിയാൻ കഴിഞ്ഞത്… അത് ഞാൻ മറന്നു നിന്നോട് പറയാൻ….”
എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….
എന്റുമ്മാടെ ഒരു കാര്യം.!!!!

പിന്നെ യും മഴ യും കാറ്റും വസന്തവുംവന്നുപോയ്ക്കൊണ്ടിരുന്നു….. ജീവിതത്തിലും….. കൊടും കാറ്റും പേമാരിയും ഏറെ നേരം പെയ്തു….. കാൽച്ചുവട്ടിലെ മണ്ണൊലി ച്ചു പോകാതെ ഞാൻ പിടിച്ചു നിന്നു,…
സൂര്യ ഇപ്പോഴും ജീവനോടെ ഉണ്ട്‌…. അയാളുടെ കുടുംബ നാഥാനായി… കൂട്ടികളുടെ അച്ഛനായി..രമേശ്വരത്തു നിന്ന് വിജയപ്പൻ മേശിരി കണ്ടെടുത്ത ലക്ഷണമൊത്ത ആശാരി യായി…..നാട്ടിലെ പെരും തച്ചനായി… അയാൾ ആ നാട്ടിൽ നിന്ന് ഓടിപ്പോയില്ല…..
ഒരു കുട്ടികളെയും തീവ്രവാദി ആക്കി യതുമില്ല..,
അയാൾക്ക് നഷ്ട പ്പെട്ട ബന്ധങ്ങൾ വേറൊരു ദേശത്തിൽ വന്നു അയാൾ വീണ്ടെടുത്തു…..
എന്നും ഫോൺ വിളിച്ചു നാട്ടിലെ വിശേഷം പറയാൻ….. വല്ലപ്പോഴും ബാഗുമായി വീട്ത്തുമ്പോൾ ഓടി വന്നു ബാഗ് മേടിച്ചു കൊണ്ടുപോകാൻ…. ക്ഷീണിച്ചു തിണ്ണയിൽ ഇരിക്കുമ്പോൾ വെള്ളം കൊണ്ട് തന്നു ക്ഷീണം മാറ്റാൻ…. മരിച്ചവരുടെ കണക്കും….. മരിക്കാത്തവരുടെ വിശേഷങ്ങളും വാതോരാ തെ പറഞ്ഞു കേൾപ്പിക്കാൻ ഇന്നു എന്നോടൊപ്പം ഉമ്മ ഇല്ല….. ഒരു ജീവിത പെരുമഴ കാലത്തു പെയ്തിറങ്ങിയ മലവെള്ള പാച്ചിലിൽ യാത്ര പറയാതെ പോയിട്ട് ഒരു വ്യാഴാവട്ടക്കാലം കഴിഞ്ഞിരിക്കുന്നു ….മഴ തോർന്നിട്ടും പെയ്തു തോരാത്ത മരത്തിനു കീഴിൽ ഞാൻ ഒറ്റയ്ക്ക്…….!!!

ഉമ്മയുടെ ആഗ്രഹം പോലെ ഞാൻ കുടുംബ വീടിനടുത്തു ഒരു വീട് വെച്ചു…. പക്ഷെ ദൂര സ്ഥലങ്ങളിലുള്ള ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ വും കാരണം സ്ഥിരമായി താമസിക്കാൻ കഴിഞ്ഞിട്ടില്ല… എപ്പോഴും അടച്ചിട്ടിരിക്കുന്ന വീട്ടിലെ മുൻ വാതിൽ പൂട്ട് ഇടയ്ക്കു പണി മുടക്കും. വളരെ സെൻസിറ്റീവ് പൂട്ടും താക്കോലും ആണ്…. ഗോഡ്റേജ് കമ്പനി യൊക്കെ ആണ് പക്ഷെ മിക്കവാറും തിരക്ക് പിടിച്ച ജീവിതഅതിനിടക്ക് ഓടി ഒന്നു വന്നിട്ട് പോകാൻ നോക്കുമ്പോൾ ആയിരിക്കും ഈ പൂട്ടിന്റെ പണിമുടക്ക്… കഴിഞ്ഞ വർഷം ഷീജ ആണ് സൂര്യ യെ വിളിച്ചു തന്നത്… ആദ്യമായി ഞാൻ അയാളോട് സംസാരിച്ചു… പൂ ട്ടു ശരിയാക്കി തന്നു… കൂലി എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…. ഞാൻ കൊടുത്ത നോട്ടുകൾ എണ്ണി നോക്കാതെ പോക്കെറ്റിൽ വെയ്ച്ചു…. ഞാൻ പറഞ്ഞു “എനിക്ക് ഒരു ലൈബ്രറി റാക്ക് ഉണ്ടാക്കിത്തരുമോ…?”.
“വിളിച്ചാൽ മതി ”
എന്നു പറഞ്ഞു അയാൾ തിരികെ നടന്നു.

ഇനി രണ്ടു വർഷം കൂടിയുണ്ട് സർവീസ്….. അതുകഴിഞ്ഞു നാട്ടിൽ പോയി ജീവിക്കണം….. അപ്പോൾ ഒരു ലൈബ്രറി ഉണ്ടാക്കണം സൂര്യ യെക്കൊണ്ട്….. അയാളെ ഒരിക്കലും ഞാൻ ഇനി പുലി എന്നു അഭിസംബോധന ചെയ്യില്ല .. കാരണം അയാൾ മനുഷ്യനാണ്…. പച്ച യായ മനുഷ്യൻ….
എന്തിനാ യിരുന്നു അയാളെ വെറുത്ത തെന്നു ഞാൻ ഇടക്ക് ഓർക്കാറുണ്ട് . അപരനെ വെറുപ്പോടെ കാണാൻ പ്രോത്സാഹിപ്പിക്കുന്ന എന്തോ ഒരു ന്യൂറോട്ടോ ൺ നമുക്ക് ഒരു പക്ഷെ അതിജീവനത്തിന് സഹായകമായേക്കാം….അങ്ങനെ പറഞ്ഞു ഞാൻ എന്നെ ന്യായികരിക്കാൻ നോക്കും…. കാരണം ഞാനും മനുഷ്യനാണ്….

ഷാഹിന എസ്
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ സ്വദേശിനി. സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിൽ കോഴിക്കോട് ജില്ലയിൽ ജോലി നോക്കുന്നു. സ്ഥിരതാമസം തിരുവനന്തപുരത്ത്. രണ്ട് പെൺകുട്ടികൾ.