റജി വർക്കി
“എടാ റെജിയെ… ” നല്ല ഉച്ചത്തിൽ ഉള്ള വിളിയാണ്.
തിരുവോണത്തിന്റെ അന്ന് നല്ല സദ്യയും അകത്താക്കി, അട്ടത്തുനോക്കി പകൽസ്വപ്നവും കണ്ടു വെറും തറടിക്കറ്റിൽ മയങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയത് ഈ വിളിയാണ്. സാധാരണ ഞാൻ പ്രത്യേകിച്ച് ഒരു പരിപാടിക്കും തിരുവോണത്തിന് തലവെച്ചു കൊടുക്കാറില്ല. ഇതിപ്പോ ആരാണോ എന്തോ.
അല്പം നീരസത്തോടെ ആ കിടപ്പിൽ തന്നെ ചാരിക്കിടന്ന കതകു തുറന്നു നോക്കി.
അപ്പുറത്തെ വീട്ടിലെ സുസമ്മാമ്മ ആണ്.
“എന്താ അമ്മാമ്മേ” – മെല്ലെ എഴുന്നേറ്റിട്ട് ഞാൻ ചോദിച്ചു.
“ആഹാ പുത്തൻ ഉടുപ്പൊക്കെ ആണല്ലോ… ഓണം ആയിട്ട് എന്താണ് പരിപാടി…” അമ്മാമ്മ സോപ്പുംകൊണ്ട് ഇറങ്ങിയിട്ടുണ്ട്..! നമ്മളെക്കൊണ്ട് എന്തോ ആവശ്യമുണ്ട്.
“എടാ അച്ചായൻ വന്നിട്ടുണ്ട് നീ കണ്ടില്ലായിരുന്നോ?”
ഈപ്പറഞ്ഞ അച്ചായൻ സുസമ്മാമ്മയുടെ അപ്പൻ ആണ്.
പുള്ളിക്കാരൻ വന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ ഭാഗ്യത്തിന് മുന്നിൽ ചെന്ന് പെട്ടില്ല. തമിഴ്‌നാട്ടിൽ ഒക്കെ കാണുന്ന ഒരു പ്രത്യേകതരം വെട്ടുകത്തി ആണ് ആള്. പോരാത്തതിന് എക്സ് മിലിട്ടറിയും. കയ്യിൽ കിട്ടിയാൽ നമ്മളെ വെട്ടിക്കീറി തേച്ചു ഒട്ടിക്കും! അതുകൊണ്ട് ജീവനിൽ കൊതിയുള്ള ആരും ആദ്യത്തിന്റെ മുന്നിൽ സാധാരണ ചെന്ന് പെടാറില്ല!!
പുള്ളിക്കാരൻ തിരുവനന്തപുരത്താണ് താമസം. “കേരളത്തിൽ എന്ത് കാണാൻ ഇരിക്കുന്നു, അങ്ങ് തിരുവനന്തപുരത്തു ചെല്ലണം വല്ലോം കാണണമെങ്കിൽ….!!”
“അപ്പച്ചനെ ഞാൻ കണ്ടിരുന്നു.”
ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.
“കുറച്ചു പണി ഉണ്ടായിരുന്നു അതാണ് അങ്ങോട്ട് വരാഞ്ഞത്. എന്ത് പറ്റി?” ഞാൻ ചോദിച്ചു.
ചെന്ന് കയറിക്കൊടുത്താൽ മതി…
“എടാ അപ്പച്ചന് ഇന്ന് തന്നെ തിരുവനന്തപുരത്തു പോകണം. നീ പോയി വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്ക്”
തിരുവല്ല റയിൽവേ സ്റ്റേഷനിൽ പോകണം, അവിടെ നിന്ന് തിരുവനന്തപുരത്തിനുള്ള ട്രെയിൻ ഉണ്ട്- അതാണ് സംഗതി, അല്ലാതെ ആയമ്മ സോപ്പുമായി ഈവഴി വരില്ല.
മൊബൈൽ ഫോൺ ഒന്നും ഞങ്ങളുടെ നാട്ടിൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലം ആണ്.
“ഞാൻ പോയി നോക്കാം അമ്മാമ്മേ പക്ഷെ ഇന്ന് തിരുവോണം ആയതുകൊണ്ട് ആരും വരാൻ സാധ്യതയില്ല.”
“നീ ആ കവലയിൽ ഒന്ന് പോയി നോക്ക്, കിട്ടിയില്ല എങ്കിൽ മണിയുടെ വീട്ടിൽ പോയി നോക്ക്.”
അമ്മാമ്മ വിടുന്ന മട്ടില്ല.
ശരി എന്ന് പറഞ്ഞു സ്കൂട്ടറിന്റെ കീ എടുത്തു, ബജാജ് മുതലാളിയുടെ പിതാവിനെ സ്മരിച്ചുകൊണ്ട് സ്കൂട്ടർ ഇടത്തോട്ട് ചരിച്ചു, സ്റ്റാർട്ട് ആക്കി.
കിഴക്കേ കവലയിലും പടിഞ്ഞാറേ കവലയിലും പോയി നോക്കി ആരെയും കണ്ടില്ല. എന്നാൽ ഇനി മണിയുടെ വീട്ടിൽ തന്നെ പോയി നോക്കാം എന്ന് വിചാരിച്ചു, അങ്ങേരുടെ വീട്ടിലേക്കു പോകുന്ന പാടത്തിന്റെ നടുക്ക് കൂടി ഉള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു.
വെള്ളത്തിലാശാന്മാരുടെ ഉപദ്രവം ഉള്ളതുകൊണ്ട് സാധാരണ ഞാൻ ഇത്തരം ദിവസങ്ങളിൽ ഒന്നും വണ്ടിയും എടുത്തു പുറത്തിറങ്ങാറില്ല.
പാടത്തിന്റെ നടുക്കുള്ള പാലത്തിൽ കുറെ ആളുകൾ ഇരിപ്പുണ്ട്. എന്റെ കൂടെ പഠിച്ച ചിലരും കൂട്ടുകാരും നാട്ടുകാരും ഒക്കെ ആണ്.
ഭാഗ്യം, പേഴ്‌സ് എടുത്തിട്ടില്ല.
പെട്ടന്ന് കുറെ എണ്ണം ചാടി മുന്നിലേക്ക് വന്നു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സ്കൂട്ടർ നിർത്തി.
എന്റെ കൂടെ പഠിച്ച പ്രകാശ് അടുത്തേക്ക് വന്നു സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു.
പെട്ടല്ലോ മാവേലിത്തമ്പുരാനെ…. ഇവന്റെ കയ്യിൽ നിന്ന് ഇനി കീ എങ്ങനെ വാങ്ങും. വെള്ളത്തിലാശാന്മാർ ആണ്. ദേഷ്യം വന്നാൽ താക്കോൽ വല്ല കാട്ടിലേക്കെങ്ങാനും എറിഞ്ഞാൽ നമ്മൾ പെട്ടു.
ഐക്യരഷ്ട്ര തലവൻമാർ കാണിക്കുന്ന ഡിപ്ലോമസിയോടെ ഞാൻ കെഞ്ചി.. ഒരു രക്ഷയും ഇല്ല.
അപ്പോൾ ആണ് കൂട്ടത്തിൽ ഉണ്ടായിരുന്ന, മാർ ക്രിസോസ്റ്റം പറഞ്ഞത്പോലെ, “വേറെ ചില കാരണങ്ങളാൽ” എന്റെ കൂടെ പഠിച്ച മുത്തപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ബിനോയ് വന്നത്.
വെറുപ്പീരിന്റെ ഉസ്താദ് ആണ് ആള്. ഒരാളെയും തല്ലാത്ത, കോശിസാർ ഇവനെ എപ്പോൾ കണ്ടാലും ഓടിച്ചിട്ട് തല്ലുന്നത് ഈ സ്വഭാവം കൊണ്ടാണ്.
ചൊറിതണം ഒക്കെ ഇവന്റെ മുന്നിൽ വെറും തുളസിയില.
“ഡാ റെജി, നീ കുറേക്കാലം ആയി ചെലവ് ചെയ്യാം എന്ന് പറഞ്ഞു പറ്റിക്കുന്നു. ഇന്ന് ചെയ്തേ പറ്റുള്ളൂ. കാശെടു മോനെ.”
ഞാൻ പറഞ്ഞു – പെട്ടന്ന് ഇറങ്ങിയതാണ്, കാശൊന്നും എടുത്തിട്ടില്ല.
അണ്ണൻ ഉണ്ടോ സമ്മതിക്കുന്നു. അവനു പരിശോധിക്കണം. തോമാച്ചന്റെ ആളാണ്. കാണാതെ വിശ്വസിക്കില്ല.
ഇവന്റെ പോക്കറ്റിൽ കാണുമെന്നും പറഞ്ഞു, സ്കൂട്ടറിൽ ഇരുന്നിരുന്ന, എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പാൻ വന്നതും മഴ പെയ്തത് പോലെ വാള് വച്ചതും ഒന്നിച്ചായിരുന്നു.
ഓണത്തിന്, ചേച്ചി തന്ന പുത്തൻ ഷർട്ടും മുണ്ടും… പൂക്കളം ഇട്ടിട്ട് അധികം വന്ന പൂക്കൾ വാരി വിതറിയ പോലെ “മനോഹരമായി”. പോരാത്തതിന് നാറ്റവും.
അടുത്തെങ്ങാനും വെള്ളം വല്ലോം കിട്ടുമോ, ഒരു അമ്പലക്കുളം ആണ് അടുത്തുള്ളത്. അതിലെങ്ങാനും ഞാൻ ചാടിയാൽ വെള്ളമടിച്ചു പൂസായ വർക്കിച്ചൻ അമ്പലക്കുളം നശിപ്പിച്ചേ എന്നുപറഞ്ഞു നാട്ടുകാർ കൈവയ്ക്കും.
എന്റെ അവസ്ഥ കണ്ട പ്രകാശൻ, സഹതാപ തരംഗണിതനായി താക്കോൽ തിരികെ തന്നു.
എന്റെ പുതിയ ഷർട്ടിൽ വാളുവച്ച ബിനോയ് ചേകവർ അങ്കക്കലി കൊണ്ട് നിൽക്കുന്നത് കണ്ട ഞാൻ, ഇനി അടുത്ത വാള് വരുന്നതിന് മുമ്പ് കിട്ടിയ തക്കത്തിന് സ്ഥലം വിട്ടു.
ഇനി എങ്ങനെ ആണ് മണിയുടെ വീട്ടിൽ പോകുന്നത്?
ഓടലംപറമ്പിലെ വർക്കിച്ചൻ വെള്ളമടിച്ചു പൂസായി, വാളും വച്ച് വീട്ടിൽ വന്നു കയറി എന്ന് മണി പറഞ്ഞില്ലേലും, അദ്യത്തിന്റെ വാമഭാഗമായ, ഞങ്ങൾ നാട്ടുകാർ ഒടുക്കത്തെ സ്നേഹത്തോടെ മൈക്ക് രമണി എന്ന് വിളിക്കുന്ന രമണിചേച്ചി അത് പാട്ടും പാരഡിയും ഒക്കെ ആയി നാട്ടിൽ എവിടെയും എത്തിക്കും. അങ്ങനെ ഞങ്ങളുടെ കുടുമ്പത്തിലെ മൊത്തം വർക്കിമാരും വെള്ളത്തിൽ ആശാന്മാർ ആകും.
ഇനി അതുകൂടി മാത്രമേ എന്നെക്കുറിച്ചു പറയാനുള്ളു. ബാക്കിയെല്ലാം പണ്ടേ തികഞ്ഞു.
പത്രക്കാരെ കാണുമ്പോൾ മുങ്ങുന്ന രാഷ്ട്രീയക്കാരെപ്പോലെ, രമണിയേച്ചിയുടെ മുന്നിൽ പെടാതെ ഞാൻ വീട്ടിലേക്കു പോയി.
സുസമ്മാമ്മയോട് എന്ത് പറയും?
മണിയുടെ വീട്ടിൽ ചെന്നു പക്ഷെ അയാൾ സഥലത്തില്ലായിരുന്നു എന്ന് പറയാം.
വീട്ടിൽ ചെന്ന് കയറി.
ഓട്ടോ വിളിക്കാൻ പോയ സല്പുത്രൻ വാളും കൊണ്ട് പെട്ടന്ന് കുളിക്കാൻ പോകുന്നത് കണ്ട അമ്മ “എന്റെ മോൻ പിഴച്ചു പോയേ” എന്ന അമ്മമാരുടെ പരമ്പരാഗത കോറസ് ഇടുന്നതിനു മുൻപ്, മൊത്തം കാര്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു.
എന്തോ ഒരു വിശ്വാസക്കുറവ് പോലെ.
ഏതോ സിനിമയിൽ ജഗതി സോപ്പ് തേക്കുന്നത് പോലെ തേച്ചു പിടിപ്പിച്ചു കുളിച്ചിട്ടും, എന്തോ ഒരു ഉളുമ്പ് മണം ബാക്കി നിൽക്കുന്നു.
വേറെ ഉടുപ്പൊക്കെ ഇട്ടു, അളിയൻ കൊണ്ടുവന്ന മൊത്തം സ്പ്രേയും കൂടി അടിച്ചു, വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നു.
പെട്ടെന്ന് സൂസമ്മാമ്മ കയറി വന്നു.
ഞാൻ പറഞ്ഞു- ഓട്ടോ കിട്ടിയില്ല അമ്മാമ്മേ, മണി അവിടെ ഇല്ല.ഓണമല്ലേ, എവിടോ പോയിരിക്കുന്നു അപ്പച്ചനോട് നാളെ പോകാമെന്നു പറ.
അമ്മാമ്മ ഉണ്ടോ വിടുന്നു:
“ഒരു കാര്യം ചെയ്യ് നീ നിന്റെ സ്‌കൂട്ടറിൽ അപ്പച്ചനെ റെയിൽവെസ്റ്റേഷനിൽ കൊണ്ടാക്ക്.”
“അമ്മാമ്മേ അതിനു അപ്പച്ചൻ സ്‌കൂട്ടറിൽ ഒക്കെ കയറുമോ?” ഞാൻ ഒഴിയാൻ നോക്കി.
“പിന്നേ, അപ്പച്ചൻ പഴയ മിലിട്ടറി അല്ലെ.”
സംഗതി ശരിയാണ് അപ്പച്ചൻ എക്സ് മിലിട്ടറി ആണ്. ഞാൻ പിന്നേം പെട്ടു കൂട്ടുകാരെ….
അപ്പച്ചനോട് ചോദിച്ചപ്പോൾ,
പിന്നേ ഇന്ത്യ പാക്ക് യുദ്ധത്തിൽ പാറ്റൺ ടാങ്ക് ഓടിച്ച എന്നോട്, ഇതൊക്കെ എന്ത് എന്ന മട്ട്.
“പണ്ട് ഞാൻ ലഡാക്കിൽ ആയിരുന്നപ്പോൾ…” അപ്പച്ചൻ തന്റെ വീരകഥയുടെ കെട്ടഴിക്കാൻ തുടങ്ങുക ആണ്…. അലെർട്… ഞാൻ പെട്ടന്ന്, താക്കോൽ എടുത്തു വരാം എന്നുപറഞ്ഞു നൈസായി വലിഞ്ഞു.
എന്റെ ഒരു അവസ്ഥ! ഒരു തിരുവോണം ആയിട്ട്, ഒരു ചൊറിയൻ ബിനോയി ചേകവരുടെ വാളിന് ഇരയായി, ഇപ്പോഴിതാ പട്ടാളത്തിന്റെ കത്തിയും!!
അപ്പച്ചന്റെ തള്ളിന്റെ ഗുണം കൊണ്ടാണോ, അതോ റോഡിൽ ആരും ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് തിരുവല്ലയിൽ എത്തി.
അപ്പച്ചനെ ട്രെയിൻ കയറ്റി വിട്ടിട്ടു, തിരിച്ചു വന്നു.
തിരുവല്ല എത്തുന്നത് വരെ കത്തിയുടെ പെരുന്നാൾ ആയിരുന്നു.
ഇതിലും ഭേദം ആ പാറ്റൺ ടാങ്ക് കയറ്റി കൊല്ലുന്നത് ആയിരുന്നു.
വീട്ടിൽ വന്നു കയറി, സ്കൂട്ടർ വച്ചിട്ട് തിരിച്ചു നടക്കുമ്പോഴുണ്ട്,
നമ്മുടെ സുസമ്മാമ്മ അയൽപക്കത്തുള്ള ഇച്ചേയിയോട് ഉച്ചത്തിൽ പറയുന്നു…
“അവന്റെ ഒരു ഒടൻകൊല്ലി സ്കൂട്ടർ ഉണ്ടായിരുന്നത് കൊണ്ട് അച്ചായനെ തിരുവല്ലയിൽ കൊണ്ട് വിടാൻ പറ്റി!!”
അപ്പോൾ തിരുവോണമായിട്ട് ഞാൻ ആരായി…
വാമനേട്ടാ, മഹാബലിക്ക് പകരം ഇതിനെയൊക്കെ…. !!
റജി വർക്കി : ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി
Leave a Reply