സതീഷ് ബാലകൃഷ്ണൻ

കഥ എഴുതുവാൻ അയാൾ പേനയും പേപ്പറുമായി ഏറെനേരം ഇരുന്നു.. കഥയ്ക്കും കഥാപാത്രത്തിനും എന്ത് പേരിടുമെന്ന് ചിന്തയോടെ..
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് എങ്കിലും.. വർത്തമാനകാലത്തിൽ ഒരു പേരിടണമെങ്കിൽ ഭയക്കണം പലരുടെയും അനുവാദം വാങ്ങണം…
തന്റെ സൃഷ്ടിക്ക് അഗ്രഹാരത്തിലെ കഴുത എന്ന പേരിട്ട ജോൺ എബ്രഹാമിന്റെയും നിർമാല്യം എഴുതിയ എംഡിയുടെയും ധൈര്യം ഇല്ലാത്തതിനാൽ..
ചരിത്രം പേര് നഷ്ടപ്പെട്ടവരുടെയും പേരില്ലാത്തവരുടെയും കൂടിയാണെന്ന് സ്വയം ബോധ്യത്തോടെ പേരില്ലാത്ത കഥാപാത്രവുമായി അയാൾ കഥ എഴുതിത്തുടങ്ങി…

ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ മനുഷ്യന്റെ കഥ…
ഭാര്യയും മൂന്ന് പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരൻ. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം പണി ലഭിക്കുന്നയാൾ…
നാട്ടിലെ പ്രമുഖന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരിയുടെ നഗരത്തോട് ചേർന്നുള്ള വലിയ വീടിനു ചുറ്റുമുള്ള പറമ്പിലെ പണികൾക്കായി അയാൾ നിയോഗിക്കപ്പെട്ടു. മക്കൾ എല്ലാം വിദേശത്തുള്ള റിട്ടിയർഡ് അധ്യാപികയായ ഒരു സ്ത്രീയും അവധിക്ക് മാത്രം വീട്ടിൽ വരുന്ന അവസാനവർഷ മെഡിക്കൽ വിദ്യാർത്തിയായ ചെറുമകളും മാത്രമാണ് ആ വലിയ വീട്ടിലെ തമാസക്കാർ… ഇവർക്ക് കൂട്ടായി നിറയെ വെളുത്ത രോമങ്ങൾ ഉള്ള ഒരു സുന്ദരി പൂച്ചയും…

ആ വീട്ടിൽ പണിക്കെത്തിയ അയാൾ പണിയാരംഭിച്ചു… ചുറ്റുപാടുകൾ മുഴുവൻ കാടുകയറി കിടക്കുന്നു ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ല എങ്കിലും അയാൾ പണി ആരംഭിച്ചു… കുറഞ്ഞത് ഒരാഴ്ച എങ്കിലും വേണ്ടിവരും.. അത്രയും നാൾ പണി ഉണ്ടാകുമല്ലോ എന്ന സന്തോഷത്തോടെ അയാൾ ഉത്സാഹത്തോടെ പണി തുടർന്നു… സുന്ദരിപൂച്ച അയാൾക്ക് അടുത്ത ചെന്ന് അപരിചിത ഭാവത്തോടെ നോക്കി നിന്നു…

ഉച്ചയായപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചോറുണ്ണാൻ ആയി അയാൾ ഒരു മരത്തിന്റെ തണലിൽ ചെന്നിരുന്നു..
പൂച്ചയും തൊട്ടടുത്തായി ചെന്നിരുന്നു..
അയാൾ ചോറുണ്ണുന്നത് നോക്കിയിരുന്നു… തനിക്ക് കിട്ടാത്തതുകൊണ്ടാണോ എന്തോ പൂച്ച അയാളെ നോക്കി ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നു…
തലേദിവസം 170 രൂപയ്ക്ക് വാങ്ങിയ അരക്കിലോ മത്തിയുടെ രണ്ട് ചെറിയ തലക്കഷണവും കുറച്ചു ചാറും മാത്രമാണ് അയാൾക്ക് ചോറുണ്ണുവാൻ കറി ആയിട്ടുള്ളത്… മത്തിയുടെ വിലയോർത്തപ്പോൾ കഷണം പൂച്ചക്ക് കൊടുക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. എന്നാൽ ബാക്കി വന്ന ചോറും മീനിന്റെ മുള്ളും കുറച്ചു ചാറും ഇളക്കിയ ചോറ് അയാൾ പൂച്ചയ്ക്ക് ഇട്ടുകൊടുത്തു. കുറച്ചുനേരം മണത്തു നോക്കിയിട്ട് ആ പൂച്ച തിരിഞ്ഞു നടന്നു പോയി.. ഇത് കണ്ട് ടീച്ചറെന്നോട് പറഞ്ഞു അത് മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയാണ്. ജനിച്ചപ്പോൾ മുതൽ പാലും ചോറും അവിയലും ഒക്കെയേ കഴിക്കുകയുള്ളു എന്ന്.
അയാൾക്ക് അത്ഭുതമായി മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയോ.
പശുവിൽ നിന്നും ലഭിക്കുന്ന പാൽ എങ്ങനെ വെജിറ്റേറിയൻ ആയെന്ന് അയാൾ ചിന്തിച്ചു. അതും വെജിറ്റേറിയൻ ആയിരിക്കും അയാൾ സ്വയം ഉത്തരം കണ്ടെത്തി ആശ്വസിച്ചു..

രണ്ടുദിവസം കൂടി അയാൾ പണിയുന്നതിന്റെ ഇടയിൽ ആ പൂച്ച അവനോടൊപ്പം കൂട്ടായി ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പണികൾക്കിടയിൽ പൂച്ച അവന്റെ അടുത്തേക്ക് എത്തിയില്ല.
അവൻ ടീച്ചറിനോട് പൂച്ചയുടെ കാര്യം അന്വേഷിച്ചു.
” ചെറുമകൾ പരീക്ഷ കഴിഞ്ഞ് എത്തിയിട്ടുണ്ട് അവളോടൊപ്പം ആണ് പൂച്ച… ”
“അവൾക്കേറെ ഇഷ്ടമാണ് അതിനെ..”
അവൾ അതിനെ താഴെ വച്ചിട്ട് വേണ്ടേ നിന്റെ അടുത്തേക്ക് വരാൻ…..”

ഒരാഴ്ചത്തെ പണികഴിഞ്ഞ് അയാൾ കൂലിയും വാങ്ങി വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ ഒരിക്കൽ കൂടി പൂച്ചയെ കണ്ണൻ ആഗ്രഹം ഉണ്ടെന്ന് ടീച്ചറിനോട് പറഞ്ഞു..
ചെറുമകൾ പൂച്ചയുമായി അവന്റെ അടുത്തെത്തി…
രണ്ടു മൂന്നു ദിവസത്തെ പരിചയമേ ഉള്ളൂ എങ്കിലും…
അവനെ കണ്ടപ്പോൾ സ്നേഹത്തോടെ അവളുടെ കയ്യിലിരുന്ന് എന്ന നോക്കി ശബ്ദം ഉണ്ടാക്കി…

അയാൾ തിരിഞ്ഞു നടന്നു…
ഒന്നു നിന്നെ..
ടീച്ചറെ വിളി കേട്ടയാൾ തിരിഞ്ഞു നിന്നു.

ഞങ്ങൾ ഈ മാസം അവസാനം മക്കളുടെ അടുത്തേക്ക് പോവുകയാണ്.
നീ ആഴ്ചയിൽ ഒരിക്കൽ വന്ന് ഈ ചെടികളൊക്കെ നനക്കുകയും പറമ്പിൽ കാടുകയറാതെ നോക്കുകയും വേണം.
പിന്നെ… വീടിന്റെ താക്കോൽ ഞാൻ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ചേക്കാം. വരുമ്പോൾ വീടു കൂടി തുറന്നു വൃത്തിയാക്കണം.
മാറാല ഒന്നും കയറാതെ വൃത്തിയായി സൂക്ഷിക്കണം.
നിനക്കുള്ള കൂലി ഞാൻ സഹോദരനെ ഏൽപ്പിച്ചു കൊള്ളാം അവിടെ നിന്ന് എല്ലാ മാസവും വാങ്ങിക്കൊള്ളണം.
..
ആഴ്ചയിലൊരിക്കൽ പണിയായല്ലോ എന്ന് സന്തോഷത്തോടെ അവൻ മടങ്ങി…

ടീച്ചറും ചെറുമകളും വിദേശത്തേക്ക് പോയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് അയാൾ ചെടികൾ നനയ്ക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനും ആയി തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് താക്കോലും വാങ്ങി ആ വലിയ വീട്ടിലേക്ക് ചെന്നു.

ചെടികൾ നനച്ച് പറമ്പ് വൃത്തിയാക്കിയതിനു ശേഷം വീടിനകം വൃത്തിയാക്കാനായി വീട് തുറന്ന് അകത്തോട്ട് കയറിയപ്പോൾ…

വീട്ടുകാർ പോയതിനുശേഷം ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വീട് പുറത്തുനിന്ന് കൂട്ടിയതിനാൽ പുറത്തേക്ക് പോലും ഇറങ്ങുവാൻ കഴിയാതെ അവസ്ഥയായിൽ സുന്ദരി പൂച്ച നിലത്ത് തളർന്നു കിടക്കുന്നു..

അയാൾ ഓടിച്ചെന്ന് വാരിയെടുത്തു അയാളുടെ കയ്യിൽ നിന്ന് വിശപ്പുകൊണ്ട് തളർന്ന വിറയാർന്ന ശബ്ദത്തിൽ അയാളെ നോക്കി കരഞ്ഞുകൊണ്ടിരുന്നു..
പൂച്ചയെ നിലത്ത് കിടത്തി അയാൾ പുറത്തേക്കോടി… തൊട്ടടുത്തുള്ള ഒരു ചായക്കടയിൽ നിന്ന് ഒരു പാലും വാങ്ങി അയാൾ തിരിച്ചെത്തി തിരിച്ചെത്തി. അത് തണുപ്പിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് പൂച്ചയുടെ മുന്നിലേക്ക് വെച്ചുകൊടുത്തു. നിവർന്ന് നിന്ന് കുടിക്കാൻ പോലും ശേഷിയിലിരുന്ന പൂച്ചയെ മടിയിൽ കിടത്തി അയാൾ കുറേശ്ശെ വായിലേക്ക് വെച്ചുകൊടുത്തു ആർത്തിയോടെ അത് ആ പാൽ കുടിച്ചു..

വൈകിട്ട് അയാൾ മകൾക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച സൈക്കിളിന്റെ മുന്നിലെ ബാസ്ക്കറ്റിൽ പൂച്ചയെയും വെച്ചുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

മടങ്ങും വഴി കടയിൽനിന്ന് പൂച്ചയ്ക്കായി ഒരു കവർ പാലും വാങ്ങിയാണ് അയാൾ വീട്ടിലെത്തിയത്..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂച്ചയെ കണ്ടപ്പോൾ ഭാര്യക്ക് ദേഷ്യമായി…
കവർ പാൽ കണ്ടപ്പോൾ ഭാര്യക്കുണ്ടായ സന്തോഷം… അത് പൂച്ചക്ക് ആണെന്ന് അയാൾ പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി…
“മനുഷ്യനിവിടെ കട്ടൻ ചായപോലും ഇല്ല.. ”
അപ്പോഴാണ് പൂച്ചക്ക് പാൽ…

കോപത്തോടെ അവൾ പാലുമായി വീടിനുള്ളിലേക്ക് ചവിട്ടി തുള്ളി കേറിപ്പോയി.
എന്നാൽ മക്കൾക്ക് പൂച്ചയെ ഇഷ്ടമായി..
അവർ പൊട്ടിപ്പോഴാ മുത്തുമാലയിലെ മുത്തുകൾ കോർത്തു മാലയുണ്ടാക്കി അതിനിട്ടു..
“എന്റേതാണ്…. എനിക്കുവേണം…”
മൂന്നുപേരും അവകാശവാദം ഉന്നയിച്ചു…

അയാൾ തർക്കത്തിൽ ഇടപെട്ടു പറഞ്ഞു…
നിങ്ങൾ മൂന്നു പേരുടേതും ആണിവൾ..

അവർ തർക്കം തൽക്കാലത്തേക്ക് നിർത്തി..

അപ്പോൾ ഭാര്യ കുറച്ചു പാലെടുത്ത് അതിലേറെ വെള്ളമോഴിച്ചു പൂച്ചക്കായി മാറ്റിവെച്ചു..
ബാക്കി പാലുകൊണ്ട് അവൾ ചായയിട്ടു…
“നമ്മൾ കുടിച്ചിട്ടു മതി പൂച്ചയ്ക്കൊക്കെ” എന്നുപറഞ്ഞുകൊണ്ട് ഒരു ചെറിയ ക്ലാസിൽ കുറച്ചു ചായയുമായി ഭർത്താവിന്റെ അടുക്കലെത്തി.. അയാൾക്ക് നൽകി.
അയാൾ പതിയെ ആ ചായ കുടിച്ചു.
പാല് കുറവായതു കൊണ്ടോ… പൂച്ചക്കായി മാത്രം വാങ്ങിയ പാലുകൊണ്ട് ഉണ്ടാക്കിയതിനാലോ… അയാൾക്ക് ആ ചായ രുചികരമായി തോന്നിയില്ല… എന്നാൽ ബാക്കിയെല്ലാവരും രുചിയോടെ ആസ്വദിച്ചു അത് കുടിച്ചു…

കുട്ടികൾ മത്സരിച്ചു പൂച്ചയ്ക്ക് പാലുകൊടുത്തു.

കുറച്ചുദിവസം ആഹാരം കഴിക്കാതിരുന്ന ക്ഷീണം മാറി പൂച്ച ഉന്മേഷവതിയി കുട്ടികളോടൊത്തു കളിക്കുവാൻ തുടങ്ങി..
പിന്നീടുള്ള ദിവസങ്ങളിൽ പണി കുറവായിരുന്നതിനാൽ അയാൾക്ക് പാലു വാങ്ങുവാൻ സാധിച്ചിരുന്നില്ല.
പണി അന്വേഷിച്ചു പോകുന്ന അയാൾ പലപ്പോഴും വൈകുന്നേരമാണ് തിരിച്ചുവന്നുകൊണ്ടിരുന്നത്. പൂച്ചയുടെ കാര്യം അയാൾ മറന്നു പോയി…

പണിയിലാത്ത ഒരുദിവസം ഉച്ചക്ക് വീട്ടിലെത്തിയ അയാൾ ഉച്ചവെയിലേറ്റ ക്ഷീണം മാറാൻ വരാന്തയിൽ പൊട്ടിയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു മയങ്ങാൻ തുടങ്ങിയപ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു ഉണർന്നു..
അപ്പോൾ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി…

പാലും ചോറും ഉൾപ്പെടെ സസ്യ ഭക്ഷണം മാത്രം കഴിച്ചിരുന്നു പൂച്ച…
ഉണക്കമീനും കൂട്ടി ചോറ് തിന്നുന്നു….
പൂച്ച നോൺ വെജിറ്ററിയൻ ആയിരിക്കുന്നു….

ഒരു പൂച്ചയെ മാറ്റിയെടുത്ത അതിന്റെ സ്വത്വം തിരിച്ചറിയപ്പെടാൻ കാരണം താനാണെന്ന ഗൂഡസ്മിതത്തോടെ അയാൾ കസേരയിലേക്ക് ചാഞ്ഞു….
പതിയെ മയക്കത്തിലേക്ക് വഴുതി വീണു…

“ആഗ്രഹരത്തിലെ കഴുത” എന്നു തന്റെ സിനിമക്ക് പേരിട്ട സമീപ നാട്ടുകാരനായ ജോൺ എബ്രഹാമിന്റെ ധീരതയെ മനസിൽ ഓർത്തുകൊണ്ട്…
ഒട്ടും ധീരനല്ലാത്ത കഥാകൃത്ത്…
തന്റെ കഥക്ക് ശീർഷകം കുറിച്ചു…

“വെജിറ്ററിയൻ പൂച്ച”

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.