സരിത ശ്രീജേഷ്
ഓണമാകാൻ കാത്തിരുന്നത് സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ അവധിക്ക് വേണ്ടിയാണ് … ഓണപരീക്ഷ കഴിഞ്ഞുള്ള പത്തു ദിവസങ്ങൾ . അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പറയുന്നത് കൊണ്ട് അത്ത ദിവസം മഴയാണോ എന്നുള്ളതായിരുന്നു അന്നത്തെ വലിയ ടെൻഷൻ . ചാണകം മെഴുകി പൂക്കളമിടുമ്പോൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ കഴിയാത്തത് അന്നത്തെ കുട്ടികളുടെ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല . പാടത്തും പറമ്പിലും ഓടി നടന്ന് കാക്കപ്പൂവും തുമ്പപ്പൂവുമൊക്കെ പറിച്ചെടുത്തു ചെറിയൊരു പൂക്കളം പത്തു ദിവസവും ഏതൊരു വീടിന്റെ മുൻപിലും കാണാമായിരുന്നു . സ്കൂളിൽ പോകുമ്പോൾ പൂക്കളം എണ്ണുന്നതായിരുന്നു ഒരു വിനോദം . തിരുവോണമെത്തുമ്പോഴേക്കും പുത്തനുടുപ്പു കിട്ടുമോ എന്നതായിരുന്നു സമ്പന്നരല്ലാത്ത വീടുകളിലെ കുട്ടികളുടെ ചിന്ത. ഓണാവധി പ്രമാണിച്ചു തറവാടുകളിലേക്ക് മടങ്ങി എത്തുന്ന എല്ലാ കുട്ടികളും ഓണക്കാലത്തെ ഒരാഘോഷമാക്കി മാറ്റിയിരുന്നു . മൊബൈൽ ഫോണുകളും ഇന്റെർനെറ്റും ഇല്ലാതിരുന്ന ടെലിവിഷൻ സമ്പന്നരുടെ വീടുകളിൽ മാത്രമുണ്ടായിരുന്ന നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പാടങ്ങളും കുളിക്കാൻ പുഴകളും തോടുകളും ഊഞ്ഞാലിട്ട് ആയത്തിലാടാൻ മാഞ്ചോടുകളും അങ്ങനെ ഓണത്തിനെ വർണാഭമാക്കുന്ന നൂറു കാഴ്ച്ചകൾ . ഉത്രാടപ്പാച്ചിൽ ഒന്നും അന്നില്ലായിരുന്നു. ഒരു വിധം പച്ചക്കറികളൊക്കെ പറമ്പിൽ നിന്നും തന്നെ. ആവശ്യം വരുന്ന സാധനങ്ങൾ തൊട്ടടുത്തുള്ള പീടികയിൽ നിന്നുംവാങ്ങും .തിരുവോണത്തിന് അന്ന് അസുലഭമായി മാത്രം ലഭിക്കുന്ന സദ്യ നോൺ വെജ് വേണമെന്ന് പറഞ്ഞു കരയാത്ത കുട്ടികളും മുതിർന്നവരും … കാരണം ഒന്നിലധികം കറികൾ കഴിക്കാൻ കിട്ടുന്ന ദിവസങ്ങൾ അന്ന് കുറവായിരുന്നു . ഓണ സദ്യ കഴിഞ്ഞു ചുറ്റുവട്ടത്തുള്ള കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഓണക്കളികളും പാട്ടുകളും. സന്ധ്യ മയങ്ങുമ്പോൾ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോൾ കുട്ടികളായിരുന്ന ഞങ്ങളുടെ മനസ്സിൽ എന്തോ ഒരു സങ്കടമനുഭവപ്പെട്ടിരുന്നു . ഒരു ശൂന്യത.തിരുവോണപ്പിറ്റേന്ന് അവിട്ടത്തിന് കുട്ടികളെല്ലാം വീണ്ടും ഒരുമിക്കും .. നന്മയുടെ നിറമണിഞ്ഞ ഗ്രാമങ്ങളിൽ സന്തോഷത്തിന്റെ മാറ്റൊലി ഉയർത്തിക്കൊണ്ട് ഓണാഘോഷങ്ങൾ തുടരും . അന്നത്തെ ഏറ്റവും വലിയ ആഘോഷം ഗ്രാമത്തിലെ വായനശാലയുടെ നേതൃത്വത്തിലുള്ള ഓണ മത്സരങ്ങളാണ് .കസേരകളിയും ചാക്കിലോട്ടവുമൊക്കെ യുവത്വം ആഘോഷമാക്കിയിരുന്നു .

ഓണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങുമ്പോൾ വിരുന്നു വന്നവരൊക്കെ തിരികെ പോകുമ്പോൾ ഗ്രാമവും ഓരോ വീടുകളും വീണ്ടും നിശബ്ദമാകും ..അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ കിട്ടാൻ പോകുന്ന പരീക്ഷയുടെ റിസൾട്ടിനേക്കാൾ ഓണവിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കാനായി ഓരോ കുട്ടികളും കാത്തിരിക്കും. പിന്നെ ഒരു കാത്തിരിപ്പാണ് .. അടുത്ത ഓണക്കാലം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്..

സരിത ശ്രീജേഷ്
യുകെയിൽ യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു. ബ്രാഡ്ഫോർഡ് NHS ടീച്ചിംഗ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ഭർത്താവ് ശ്രീജേഷ് സലിംകുമാർ. സഞ്ചയ്, സായന്ത് എന്നിവർ മക്കളാണ്. സ്വദേശം എറണാകുളം ജില്ലയിലെ കാലടിയിലാണ്.