സുരേഷ് തെക്കീട്ടിൽ

മലയാളം യുകെയിൽ ഓണവിഭവങ്ങളായി വന്ന രചനകളിൽ ഏറ്റവും മുന്നിലായി സ്ഥാനമുറപ്പിക്കുന്ന കഥകളിൽ സ്ഥാനമുണ്ട് ശ്രീമതി .ലതാ മണ്ടോടിയുടെ “ക്ഷണപ്രഭാചഞ്ചലം ” എന്ന കഥയ്ക്ക് എന്ന് പറയാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടതില്ല. പരിചയസമ്പന്നയായ ഒരു എഴുത്തുകാരിയെ ഓരോ വരിയിലും നമുക്ക് അറിയാം ,കാണാം, വായിക്കാം. ഈ കഥയുടെ തുടക്കം മുതൽ തന്നെ കഥ പറയുന്ന രീതിയുടെ പ്രത്യേകത വായനക്കാരനെ ആകർഷിക്കും. “കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു ഞായറാഴ്ച” ,”ഒറ്റപ്പെടലിൻ്റെ മുഷിപ്പും പേറിയുള്ള യാത്ര.” കഥയുടെ തുടക്കം തന്നെ ഗംഭീരമായാണ്. “അവളുടെ കണ്ണുകളിലെ കടൽ ചുഴികളെ ഞാൻ ഭയപ്പെട്ടു” തുടങ്ങി പുതുമയുള്ള നിരവധി
പ്രയോഗങ്ങളാലും, ചിലപ്പോഴെങ്കിലും മക്കൾ മാതാപിതാക്കളുടെ ഉടമസ്ഥരാകാറുണ്ട് തുടങ്ങിയ സത്യസന്ധമായ ഒട്ടേറെ ജീവിത നിരീക്ഷണങ്ങളാലും സമ്പന്നമാണ് രചന. പരിഗണനയില്ലാത്ത പദവികൾ അർത്ഥശൂന്യമാണ് എന്നും അതൊരിക്കലും ആനന്ദം തരില്ല
എന്നുമുള്ള വലിയ സത്യം പ്രഖ്യാപിക്കുക കൂടിയാണ് ഈ കഥ. ഇത് തന്നെയാണ് കഥയുടെ കാതൽ. ഒരിക്കൽ തൻ്റെ വേലക്കാരിയായിരുന്ന കഥാനായിക പ്രഭാവതിയെ തേടി അവരുടെ ഗ്രാമത്തിൽ എത്തുന്ന കഥാനായകൻ. അവിടെ നിന്നാണ് കഥയാരംഭിക്കുന്നത്. ഭംഗിയാർന്ന വിവരണങ്ങളിലൂടെ അവർ തമ്മിലുള്ള ബന്ധവും സൗഹൃദവും അനാവരണം ചെയ്യപ്പെടുന്നു. ആ പ്രായത്തിലും
പ്രഭാവതിയുടെ വിവാഹം കഴിഞ്ഞു എന്ന അറിവും ആ അറിവിന് പ്രഭാവതിയുടെ മകൻ്റെ സാക്ഷ്യപ്പെടുത്തലും അതിനയാൾ കണ്ടെത്തുന്ന ന്യായീകരണവും കഥാനായകൻ്റെ തിരിച്ചു പോക്കും ഭാര്യാ സ്ഥാനം ഉപേക്ഷിച്ച് വേലക്കാരിയാകാൻ തിരിച്ചെത്തുന്ന പ്രഭാവതിയും അതിനിടയിൽ വിവിധ കഥാപാത്രങ്ങളിലൂടെ വെളിവാകുന്ന ജീവിത നിരീക്ഷണങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സംസാരഭാഷയിൽ തന്നെ അവതരിപ്പിക്കപ്പെടുന്ന ചില കഥാപാത്രങ്ങൾ കഥയെ ജീവസ്സുറ്റതും കൂടുതൽ രസകരവുമാക്കുന്നുണ്ട്. ഈ കഥയെ കുറിച്ച് കൂടുതൽ എഴുതണം എന്നുണ്ട് എന്നാൽ സ്ഥലപരിമിതി തടസ്സമാകുന്നു.

ശ്രീ.വിശാഖ് രാജ് എഴുതിയ “പ്ലാൻ ബി” എന്ന കവിത ഓണവിഭവങ്ങളിൽ തിടമ്പേറ്റി നിൽക്കുന്നു . ഈ രചന പകർന്നു തരുന്നത് തീർത്തും വ്യത്യസ്തമായ വായനാനുഭവമാണ്. മികവിന്റെ പാതയിലൂടെ സഞ്ചരിച്ച്,ഒരുപാട് വെളിച്ചം പകർന്നു തരുന്നുണ്ട് ഈ കവിത. “വിഷക്കുപ്പിയും മരണക്കുറിപ്പും പോക്കറ്റിൽ ഉണ്ട് കൈനോട്ടക്കാരനും അയാളുടെ തത്തയും അത് അറിഞ്ഞിട്ടില്ല. മരണത്തിനു മുമ്പ് ഒരാളെയെങ്കിലും വിഡ്ഢിയാക്കാൻ ആയല്ലോ. മറിച്ചായിരുന്നു ഇതുവരെ .”
കവിതയാരംഭിക്കുകയാണ്. പുതിയകാല കവിതയുടെ മാറിവരുന്ന രീതിയും മുഖവും കൃത്യതയോടെ ആവാഹിച്ചെടുക്കുന്നുണ്ട് ഈ രചന.തൊണ്ണൂറ്റേഴു വയസ്സുവരെ ആയുസ്സുണ്ടെന്നും ആയിരം പുസ്തകങ്ങൾ വായിച്ച അറിവിനെക്കാൾ അറിവുണ്ട് എന്നും കൈനോട്ടക്കാരൻ അറിയിക്കുമ്പോൾ പോക്കറ്റിൽ മിച്ചമുള്ള നോട്ടുകൾ അയാൾക്ക് നൽകിയാണിറങ്ങുന്നത് .എന്നാൽ മരണക്കുറിപ്പ് കാണുന്നില്ല. മരണക്കുറിപ്പും, വിഷക്കുപ്പിയും കൈനോട്ടക്കാരൻ എടുത്തതാകാനേ തരമുള്ളൂ.” വായിച്ചുകഴിഞ്ഞ ശേഷവും മനസ്സിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്ന വരികൾ .
എത് കടുത്ത നിരാശയിലും ഒട്ടും ആധികാരിയില്ലാത്ത ഒരാളുടെ വാക്കിനു പോലും പ്രതീക്ഷകളെ ഉണർത്തി മുന്നോട്ടു ചലിക്കാനുള്ള ഊർജ്ജം നൽകാനാകും. ചിന്തകളെ ധാരണകളെ മാറ്റി മറയ്ക്കാനാകും. കവിത പറയാതെ പറയുന്നത് എത്ര വലിയ സന്ദേശമാണ്.

തത്ത ചുണ്ടിലെ ചീട്ടിൽ മുമ്പ് കാണാത്ത ദൈവം / മുപ്പത്തിമുക്കോടി വലിയ സംഖ്യ തന്നെ /
ഈ വരികൾ ഹൃദയത്തോട് ചേർത്ത് ഞാൻ സത്യസന്ധമായി പറയട്ടെ ഞാൻ ഈ എഴുത്തുകാരനെ നമിക്കുന്നു .മലയാള കാവ്യലോകത്ത് സ്വന്തമായി ഇരിപ്പിടം നേടാൻ പ്രാപ്തനാണ് ഈ കവി . അത് നേടും എന്ന കാര്യത്തിൽ തർക്കവുമില്ല. ആശംസകൾ.

ശ്രീമതി അനുജാ സജീവ് എഴുതിയ പൂക്കൾ എന്ന കഥ ഭംഗിയായി തുടങ്ങി അതേ ഭംഗിയോടെ പറഞ്ഞു കൊണ്ടു പോയി ഭംഗിയായി തന്നെ അവസാനിപ്പിക്കുന്നു. എന്തോ തട്ടി മറയുന്ന ശബ്ദം കേട്ട് നിത്യ ഉറക്കമുണരുന്നു. ഒരു വർക്ക് ചെയ്തു തീർക്കണം എന്ന് പറഞ്ഞ് എണീറ്റു പോയ ചിത്രകാരൻ കൂടിയായ വിനുവിനെ തിരയുന്നു. ചിത്രം വരക്കാനാണ് നായക കഥാപാത്രം പോകുന്നത്. ഈ “വർക്ക് ” എന്ന വാക്കിൽ ഒരു പാട് ഓർമ്മകൾ എന്നിലേക്ക് കടന്നു വന്നു .പട്ടാമ്പി നിളാതീരത്തുള്ള ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ പഠനകാലം. വരയ്ക്കുന്ന ചിത്രത്തിന് “വർക്ക് ” എന്ന് തന്നെയാണ് ചിത്രകാരന്മാർ അവിടെ പറഞ്ഞിരുന്നത്. ജീവിതത്തിൽ വർണ്ണങ്ങളുടെ മായാജാലം സമ്മാനിച്ച ഒരു കാലത്തേക്ക് ഓർമ്മകൾ കൊണ്ടുപോയി ഈ പ്രയോഗം.
അവൾ വിനുവിനെ കാണുന്നില്ല എന്നാൽ വിനു വരച്ച ചിത്രം കാണുന്നു.

മഞ്ഞ നിറമുള്ള ചെമ്പകപ്പൂക്കൾ, ചുവപ്പുനിറമുള്ള ചെമ്പരത്തിപ്പൂക്കൾ തെച്ചിപ്പൂക്കൾ ,
മുല്ലപ്പൂക്കൾ പനിനീർ പൂക്കൾ പല നിറത്തിലുള്ള കാട്ടുപ്പൂക്കൾ തുടങ്ങി പൂക്കളുടെ ഒരു ആഘോഷം തന്നെ ആ ചിത്രത്തിലും അതുവഴിഈ കഥയിലും കടന്നു വരുന്നു. തിരക്കേറിയ പട്ടണത്തിൽ നിന്നും ഓർമ്മകൾ നാട്ടിലേക്കെത്തിക്കാൻ ആ ചിത്രത്തിനു സാധിക്കുന്നു. ബാല്യം.ഓണക്കാലം പൂക്കൾ പറിക്കാൻ പോയത് . ഉണ്ണിയേട്ടൻ, അപ്പു, ശങ്കരൻ ലക്ഷ്മിയേടത്തി.ആ പേരുകൾക്ക് പോലും ഓണച്ചന്തം . മൊട്ടുകൾ പറിക്കരുത് നാളേയ്ക്കും പൂക്കൾ വേണ്ടേ എന്ന ഉണ്ണിയേട്ടൻ്റെ പ്രസക്തമായ ചോദ്യം ഈ കഥയിൽ തെളിഞ്ഞു നിൽക്കുന്നു.

മനസ്സ് ഗ്രാമത്തിൽ അലയുമ്പോൾ പിന്നിൽ കാൽ പെരുമാറ്റം .ഒരു ചെമ്പകപ്പൂമാലയുമായി വിനു.
” എത്ര തവണ ആവശ്യപ്പെട്ടു ഇന്നെന്താ മാല കൊണ്ടാരു പ്രണയം?”
എന്ന ചോദ്യത്തിന് ഉത്തരം വരുന്നു.
” ഇന്ന് ഓണമാണ് തിരുവോണം” തിരുവോണത്തിൻ്റെ പ്രണയത്തിൻ്റെ സ്നേഹത്തിൻ്റെ എല്ലാം ഗൃഹാതുര ചിത്രം നന്നായി വരച്ചിടുന്ന കഥ.

ശ്രീ.ജേക്കബ്ബ് പ്ലാക്കൻ എഴുതിയ “ഓർമ്മപ്പൂക്കൾ ” എന്ന കവിതയിലെ വരികൾ മനോഹരം.പ്രാസ ഭംഗിയാലും ശ്രദ്ധേയം .
മൂന്നൂറിലധികം രചനകൾ ഈ എഴുത്തുകാരൻ്റേതായി വന്നിട്ടുണ്ട്. ഈ കവിതയും പരിചയസമ്പന്നതയും ഭാവനാ മികവും തെളിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ / ഓമൽകിനാവിൻ തേൻ / ആവണി തണുനീർ മണിമുത്തിൽ വെയിൽ /
കവിത ആരംഭിക്കുകയാണ് മുറ്റത്തിന് ആരോ മുക്കുത്തിയിട്ട് പോലെ മിന്നി തിളങ്ങുന്ന പൂക്കളങ്ങൾ / കാറ്റിനോട് ആരോ പ്രണയം പറഞ്ഞപ്പോൾ തുള്ളിക്കളിക്കുന്ന പൂമരം/ കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പൻ്റെ തെയ്യാട്ടം/വെയിൽ മഴ എഴുത്താണി വിരലാൽ പുഴ മാറത്തൊത്തിരി ഇക്കിളി വൃത്തങ്ങൾ വരച്ചു

ഈ വരികളുടെ പുണ്യം ധന്യത ഏത് വാക്കിൽ വരിയിൽ കുറിച്ചാലാണ് പൂർണമാകുക.
കവി കാണുന്നത് മനസ്സിൽ, ഭാവനയിൽ നെയ്യുന്നത് എല്ലാം വ വായനക്കാർക്കും അതേപോലെ അനുഭവിക്കാനാകുന്നു. മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി എന്നിട്ടും അമ്മ മനസ്സിൽ ഉണ്ണിക്ക് പ്രായമാകുന്നില്ല എന്നുമെഴുതി ആകാശത്തിലെ നക്ഷത്രത്തിന്
പ്രായമുണ്ടോ? എന്ന ചോദ്യവും കവിതയിലൂടെ കവി ഉയർത്തുന്നു. വരികൾ പിന്നേയും ഒഴുകുന്നു .ഓണനിലാവിൻ്റെ ചന്തമോടെ .അഭിനന്ദനങ്ങൾ.

കുഗ്രാമത്തിൽ അമ്മയുടെ വീട്ടിൽ മുറ്റത്തു നിന്നു നോക്കിയാൽ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ സർപ്പക്കാവ്, കുളം വല്യവധിയ്ക്ക് വിരുന്നുചെല്ലുന്ന ബാല്യം. അക്കാലത്ത് മനസ്സിൽ പതിഞ്ഞ നിറം മങ്ങാത്ത ചിത്രങ്ങളാണ്
ശ്രീ . കെ .ആർ മോഹൻദാസ് തൻ്റെ കഥയിലൂടെ അവതരിപ്പിക്കുന്നത്.  “കാവിലെ സന്ധ്യ ” എന്ന് പേരിട്ട കഥ പേരുപോലെതന്നെ ഗ്രാമവും സർപ്പക്കാവും അവിടെ ഇരുണ്ട പച്ച നിറമുള്ള വെള്ളം നിറഞ്ഞ കുളവും, ചേച്ചി എന്നു വിളിക്കുന്ന അമ്മാവൻ്റെ മകൾക്കൊപ്പം പിന്നിട്ട അവധികാലവും എല്ലാം രസകരമായ ഓർമ്മകളായി മുന്നിലേക്ക് എത്തിക്കുകയാണ്.

ശ്രീമതി. ശ്രീകുമാരി അശോകന്റെ “ഓണത്തുമ്പി പാടൂ ” എന്ന കവിത ലളിതമായ വരികളാലാണ്, രചിക്കപ്പെട്ടിരിക്കുന്നത്. ഒട്ടും ദുർഗ്രഹത സൃഷ്ടിക്കാതെ വായനക്കാർക്കിഷ്ടമാക്കുന്ന നിർമ്മലമായ സുന്ദരമായ ഒരു രചന. ഒരു ഓണക്കാലം തനിമയോടെ ആസ്വദിക്കുക എന്ന ലക്ഷ്യമാണ് ഈ കവിത യ്‌ക്കുള്ളത്. ആ ലക്ഷ്യവും ധർമവും ഈ കവിത നന്നായി നിർവ്വഹിക്കുന്നുണ്ട്.

ഈ അഭിപ്രായം തന്നെയാണ് ശ്രീമതി ശുഭ അജേഷിൻ്റെ “പെയ്തൊഴിയാതെ തന്ന കവിതയെ കുറിച്ചും എനിക്ക് പറയുവാനുള്ളത്. പറയാതെ പോകുന്നതെന്തേ / എൻ പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ / തമ്മിലറിയാതെ പിരിയുവതെങ്ങനെ / എൻ പ്രാണനകലാതെ സഖീ

അതെ ഓർമ്മകൾ മെല്ലെ പൂക്കുകയാണ് കവിയുടെ മനസ്സിൽ മാത്രമല്ല ആ ഓർമകൾ പൂക്കുന്നതും ഓരം ചേർന്ന് ഒഴുകുന്നതും ആസ്വാദക മനസ്സിലും കൂടിയാണ്.

മലയാളം യുകെ സമ്മാനിച്ചത് മറക്കാനാവാത്ത ഒരു ഓണക്കാലമാണ്. കഥകൾ കവിതകൾ, ലേഖനങ്ങൾ ഓർമ്മകൾ വിഭവസമൃദ്ധം അതി രുചികരംഈ അക്ഷര സദ്യ.

സുരേഷ് തെക്കീട്ടിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.