അനുജ. കെ
അകലെനിന്നും ചെണ്ടയുടെയും തകിലിന്റെയും ശബ്ദം കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ശബ്ദം അടുത്തടുത്തു വരുന്നതോടെ ഉണ്ണിമായയുടെ വയറ്റിൽനിന്നും ഒരാന്തൽ അനുഭവപ്പെട്ടു. ഭയപ്പാടിൽ നിന്നും രക്ഷപെടാൻ കതകിന്റെ മറവാണ് അവളുടെ അഭയകേന്ദ്രം. കേശുവിനും കുഞ്ഞുകുട്ടനും ഇതൊരു തമാശയാണ്. അവൾ ഒളിച്ച കതകുപാളിക്കു മുന്നിൽ നിന്ന് അവർ മേലോട്ടും കീഴോട്ടും ചാടി നൃത്തം ചെയ്യാൻ തുടങ്ങി. കൂടെ ഹൊയ്. ഹൊയ്.. എന്ന ശബ്ദവുമുണ്ടാക്കി . ഭയപ്പാടിനേക്കാൾ കൂടുതൽ സങ്കടവും ദേഷ്യവുമാണ് അവൾക്കപ്പോൾ തോന്നിയത്.
“എന്തൊരു കഷ്ടമാണ്” എന്ന് പുലമ്പിക്കൊണ്ട് അവൾ കതകിനു മറവിൽ നിന്നും പുറത്തേയ്ക്ക് എത്തിനോക്കി. കുഞ്ഞുകുട്ടനും കേശുവും വീടിനു പുറത്തേക്കു പോയിരിക്കുന്നു. ചെണ്ടമേളസംഘം എത്താറായി എന്ന് തോന്നുന്നു. അവൾ ഒന്നുകൂടി വിളറിവെളുത്തു…
” വല്യച്ഛന്റെ മായക്കുട്ടി എവിടെ ” എന്ന് ചോദിച്ച് വല്യച്ഛനും കൂടെ വല്യമ്മയും എന്നെ അന്വേഷിക്കുന്നുണ്ട്. കതകിനു മറവിൽ നിന്നും എത്തിനോക്കാൻ പോലും ഭയപ്പാടോടെ അവൾ മിണ്ടാതെ നിന്നു.
അച്ഛന്റെയും അമ്മയുടെയും മരണശേഷം വല്യച്ഛന്റെ സംരക്ഷണയിലായിരുന്നു ഉണ്ണിമായ. ഭർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ചു ജീവിക്കുന്ന വല്യമ്മക്ക് ഉണ്ണിമായയെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റിയില്ല. അർബുദരോഗത്തിനടിമപ്പെട്ടുള്ള അച്ഛന്റെ അകാലമരണം അമ്മയെ ആകെ തളർത്തിയിരുന്നു.ആ ദുഃഖത്തിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തിയത് ഒരു ഹൃദയാഘാതം ആയിരുന്നു. അവിടെ തനിച്ചായതു ഉണ്ണിമായയും. വല്യച്ഛൻ നീട്ടിയ കൈകൾ പിടിച്ചു ഈ തറവാടിന്റെ പടികൾ കയറുമ്പോൾ രണ്ടു മുരടന്മാർ അവിടെയുണ്ടാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.അതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ പടികടന്നു വരികയില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ഓർത്തിട്ടുണ്ട്. കേശുവിന്റെ കുസൃതി അത്രക്കും അവളെ ബുദ്ധിമുട്ടിക്കുന്നു എന്ന് സാരം. കുഞ്ഞുകുട്ടൻ കേശുവിന്റെ ചേട്ടൻ ആണ്. കുസൃതി എങ്കിലും ഉണ്ണിമായയോട് പ്രേത്യേക ഒരു സ്നേഹവായ്പ് അവനുണ്ട്. അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടികൊണ്ടുവരുന്നതും കുഞ്ഞുകുട്ടനാണ്. കേശു ഇവർ രണ്ടിലും ഇളയവൻ. ഇളയവനായതിനാൽ അവനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരഹംഭാവം അവനിൽ ഉണ്ട്.
” വരുന്നുണ്ട്… അവർ വരുന്നുണ്ട് ”
കേശു പാഞ്ഞുവന്നു കതകിനുമുന്നിൽ നിന്നു. കൈകൾ മുകളിലേയ്ക്കു ഉയർത്തി ഒരു ചാട്ടം… പുറത്തേയ്ക്കൊരു ഓട്ടം. എല്ലാം ഒറ്റനിമിഷത്തിൽ.
ചെണ്ടകൊട്ട് അടുത്തു വന്നിട്ടുണ്ട്. ഉണ്ണിമായ വിറച്ചുകൊണ്ട് ഭിത്തിയിൽ മുഖം ചേർത്തു നിന്നു. കടുവാകളി സംഘമാണ്. നാട്ടിൻപുറത്തുള്ള എല്ലാ വീടുകളിലും ഓണനാളിൽ ഉച്ചതിരിഞ്ഞു ഈ സംഘം എത്താറുണ്ട്. സംഘത്തിൽ കുറേ കടുവാവേഷധാരികളും ഒരു കടുവാപിടുത്തക്കാരനും ചെണ്ട,തകിൽ മേളക്കാരും ഉണ്ടാവും.സംഘം വീടിന്റെ മുറ്റത്തെത്തിയിട്ടുണ്ട്. കൂക്കുവിളികളും ചെണ്ട,തകിൽ മേളവും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.സംഘത്തിലെ കടുവകളെക്കാളും ഉണ്ണിമായയ്ക്ക് പേടി അവരെ വെടിവയ്ക്കാനായി തോക്കുമേന്തി വരുന്ന കപ്പടാമീശക്കാരൻ പട്ടാളവേഷധാരിയെയാണ്.
കതകിന്റെ മറവിൽ നിന്നും ഉണ്ണിമായയെ പിടിച്ചിറക്കി വല്യച്ഛൻ പൂമുഖത്തേക്ക് കൊണ്ടുവന്നു…”എന്തിനാ കുട്ട്യേ പേടിക്കുന്നേ… വല്യച്ഛനില്ലേ കൂടെ… ” എന്ന വാക്കുകളുടെ ബലത്തിൽ കണ്ണുപൊത്തിപിടിച്ചാണ് അവൾ വന്നത്. കേശു ഏറുകണ്ണിട്ടു നോക്കുന്നുണ്ട്. കുഞ്ഞുകുട്ടന് അവൾ വന്നത് വല്യ സന്തോഷമായി.കടുവാക്കുട്ടന്മാരെ കാണാൻ നല്ല ഭംഗി തോന്നി. ദേഹത്തെല്ലാം മഞ്ഞയിൽ കറുത്ത വരകൾ, കടുവയുടെ മുഖംമൂടി വച്ചിട്ടുണ്ട്.അവൾക്കു പേടി തോന്നി… തോക്കുധാരിയെ കാണുന്നില്ലല്ലോ…. ആൽക്കൂട്ടത്തിനിടയിൽ നിന്നും അവൾ അയാളെ കണ്ടുപിടിച്ചു…. അയാൾ കടുവയ്ക്കു നേരെ തോക്ക് ചൂണ്ടി ഉന്നംവയ്ക്കുന്നുണ്ട്… അപ്പോൾ ആരോ ഒരാൾ ഒരു ഓലപടക്കം പൊട്ടിച്ചു.. തോക്കിൽ നിന്നും വെടി പൊട്ടിയതായി ഭാവിച്ച് കടുവകൾ വെപ്രാളപ്പെട്ടു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കേശു ഓടി വന്നു വല്യച്ഛനെ കെട്ടിപ്പിടിച്ചു. ഭയപ്പാടോടെ നിന്നിരുന്നുവെങ്കിലും കേശുവിന്റെ ഓട്ടം കണ്ടു ഉണ്ണിമായയ്ക്ക് ചിരിപൊട്ടി.
ഈ വർഷത്തെ കടുവാകളി ഇതോടെ അവസാനിക്കുകയാണ്… വല്യമ്മ ഉപ്പേരിയും പഴവുമൊക്കെ അവിടെ കൂടിയിരുന്നവർക്കു നൽകുന്ന തിരക്കിൽ ആണ്. കുഞ്ഞുകുട്ടൻ കൈനിറയെ ഉപ്പേരിയുമായി ഊഞ്ഞാലിനെ ലക്ഷ്യമാക്കി നടക്കുന്നു…. ധൈര്യവാൻ കേശു വരാന്തയിലിരുന്നു ഉപ്പേരി കഴിക്കുന്നു….. വല്യച്ഛന്റെ സ്നേഹത്തിൽ ഉണ്ണിമായയ്ക്ക് വലിയ സന്തോഷം തോന്നി…. തനിക്കുകിട്ടിയ ഉപ്പേരിയുമായി അവൾ കേശുവിനരികിൽ ചെന്നിരുന്നു…. ഉടനെ അവൻ കൈനീട്ടി അവളുടെ കയ്യിലുള്ള ഉപ്പേരി തട്ടിപ്പറിച്ചു. അവനു വീണ്ടുമൊരു അവസരം കൊടുക്കാതെ അവൾ അകത്തളത്തിലേക്കു നടന്നു.
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
വളരെ നന്നായിട്ടുണ്ട്.