ബാബുരാജ് കളമ്പൂർ

വരിക നീ, ശ്രാവണ കന്യകേ മിഴികളി
ലണയാക്കിനാവിൻ വെളിച്ചവുമായ്.
വരിക നീ, പോയകാലത്തിൻ നിലാക്കുളിരി
ലൊരു നിശാപുഷ്പസുഗന്ധവുമായ്..
വരിക നീ,വർണ്ണങ്ങളേഴും വിടർത്തുന്നൊ
രുഷസ്സിൻ്റെ നറുമന്ദഹാസവുമായ്..
വരിക നീ,കലുഷകാലത്തിൻ്റെ തീവെയിലി
ലൊരു വർഷമേഘക്കനിവുമായി..

കൊടിയ ദു:ഖത്തിൻ്റെ ഘോരാഗ്നിയിൽ ലോക
മുരുകിത്തിളയ്ക്കുന്ന നേരം..
ഹൃദത്തിലൊഴിയാത്ത ഭീതിതന്നിരുളിലേ-
യ്ക്കഴലുകൾ പെയ്യുന്ന നേരം..
പാടിപ്പതിഞ്ഞൊരോണപ്പാട്ടു വീണ്ടുമി
ന്നാരോ മധുരമായ്പ്പാടി..
പൂക്കാത്ത നാട്ടുമാവിൻ കൊമ്പിലുണ്ണിയെ
ത്തേടുന്നൊരൂഞ്ഞാൽ തളർന്നുറങ്ങീ..

നെഞ്ചിൽപ്പതിക്കുന്ന കൺശൂലമുനകൾ തൻ
വിഷമേറ്റു  കരിനീല നിറമാർന്നു വിറപൂണ്ടു
കൈകൾ കൂപ്പുന്ന തൊട്ടാവാടികൾ.. നാട്ടു –
നന്മകൾ വിരിഞ്ഞ പൂന്തോപ്പിലൊരു പഴമര
ച്ചില്ലയിലിരുന്നു കേഴുന്നൊരക്കുയിലിൻ്റെ
തൊണ്ടയിൽ വിങ്ങിയൊടുങ്ങും വിലാപങ്ങൾ ..
കരിമുകിൽക്കൊമ്പൻ്റെ വഴിമുടക്കും കൊടു-
ങ്കാറ്റിൻ്റെ ഹുങ്കാരമുയരുന്ന സന്ധ്യകൾ..
വിണ്ണിൻ സിരാപടലമഗ്നിയിലെരിഞ്ഞപോൽ
ചിന്നിത്തെറിക്കുന്ന മിന്നൽപ്പിണരുകൾ..
കാലക്കണക്കുകൾ തെറ്റിപ്പറക്കുന്ന ഞാറ്റുവേലക്കിളിപ്പെണ്ണിൻ്റെ മൗനത്തി
ലൂറുന്ന സങ്കടം പേറും പുലരികൾ…
ആധിയുമാർത്തിയുമാർത്തലയ്ക്കും നഗര
വീഥികളുതിർക്കുന്ന സ്വാർത്ഥാരവങ്ങളിൽ
വീണൊടുങ്ങും കളിക്കൊഞ്ചലിന്നീണങ്ങൾ..
ചായങ്ങൾ പൂശിച്ചമഞ്ഞൊരുങ്ങും പുതിയ കാലമുപേക്ഷിച്ച നൽക്കുറിക്കൂട്ടുകൾ..

തേടുക നീയിവയൊക്കെയും ശ്രാവണ
കന്യകേ… വ്യർത്ഥമാം മോഹമെന്നാകിലും.
പാടുകനീ,യപ്പഴമ്പാട്ടുകൾ വീണ്ടു
മോമലേ .. കേൾക്കുവാൻ കാത്തിരിക്കുന്നു ഞാൻ..
പാടുകനീ,യപ്പഴമ്പാട്ടുകൾ വീണ്ടുമോമലേ .. കേൾക്കുവാൻ കാത്തിരിക്കുന്നു ഞാൻ..

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]