രാജേഷ് കൃഷ്ണ
ആഘോഷങ്ങൾക്കായി പ്രവാസികളോളം കാത്തിരിക്കുന്ന ഒരു കൂട്ടമില്ല. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് ജാതി മത ഭേദമില്ല. മറ്റുള്ളവർക്കായി ജീവിച്ച് തീർക്കുന്ന ഒരു ജീവിതമായിരുന്നു ഒരു രണ്ട് മൂന്ന് പതിറ്റാണ്ട് മുന്നേ വരെ പ്രവാസി.
ഓണം എന്നാൽ എനിക്ക് കുട്ടിക്കാലത്തെ എന്റെ ചുറ്റുവട്ടമുള്ള ക്ലബ്ബുകൾ ഒരുക്കുന്ന ഓണാഘോഷമായിരുന്നു. മത്സരങ്ങളുടെ പെരുമഴക്കാലം, സമീപസ്ഥലത്തുള്ള ക്ലബ്ബുകൾ ഓരോന്നും ഓരോ ദിവസം വൈവിധ്യമാർന്ന പരിപാടികളോട് ഓണാഘോഷം നടത്തും. രാവിലെ കുട്ടികൾക്കുള്ള മത്സരത്തിൽ തുടങ്ങി ഉച്ചയ്ക്ക് സദ്യ കഴിയുമ്പോൾ വീട്ടമ്മമാർക്ക് അടക്കം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ഉത്സവം തിരുവാതിരയും കൈകൊട്ടി കളിയും വടംവലിയും വേണ്ട ആഘോഷങ്ങൾക്ക് എങ്ങനെയും മാറ്റുകൂട്ടാൻ വേണ്ടിയുള്ള മത്സരങ്ങൾ.
ബന്ധുക്കളെ അടുത്ത് അറിയുന്ന കാലം കൂടിയാണ് ഓണം. എന്റെ അമ്മയുടെ വീട് തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരാണ്. അവിടെ പൂരാടം മറ്റുള്ളവരെ ഓണത്തിന് ഒരുക്കാൻ വേണ്ടിയുള്ള ദിവസമാണ്. നമ്മളോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് വേണ്ട സാധനസാമഗ്രികൾ എല്ലാം നൽകി നമുക്ക് ഒപ്പം ഉയർത്തുന്ന പൂരാടം, ജാതിമത ഭേദമന്യേ മറ്റുള്ളവർക്ക് ഓണമൊരുങ്ങാനുള്ള സാധന സാമഗ്രികളുമായി നാട്ടുകാരെത്തും. മനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന് ശരിക്കും തോന്നിപ്പിക്കുന്നത് ആ ദിവസത്തെ മറ്റു മനുഷ്യർക്കായുള്ള സംഭാവനകളിൽ നിന്ന്, ചേർത്തുവയ്ക്കല്ലിൽ നിന്നാണ്. കൊടുക്കൽ എന്ന മഹത്തായ കർമ്മം ജീവിതത്തിൽ ആദ്യമായി പഠിക്കുന്നത് അവിടെ നിന്നാണ്.
ബന്ധുക്കൾ തമ്മിലുള്ള ഇഴയടുപ്പം തുന്നി തുടങ്ങുന്നതും അവിടെ നിന്നാണ്. ഒരു കുടുംബത്തിലെ എല്ലാ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അകന്ന ബന്ധുക്കളും വരെ ഓണത്തിന് അവിടെ എത്തും. ഇന്നോളം കാത്തുസൂക്ഷിക്കുന്ന ഹൃദ്യമായ ബന്ധുത്വം ആരംഭിച്ചതും ദൃഢമായതും ഈ ഓരോ ഓണക്കാലത്തും ആണ്. രണ്ടു ദശാബ്ദക്കാലം മുന്നേ ഇംഗ്ലണ്ടിൽ എത്തിയത് മുതൽ ഓണം എന്നത് അടുത്തുള്ള വീക്കെൻഡിൽ അല്ലെങ്കിൽ എല്ലാവർക്കും സൗകര്യപ്രദമായി ഒരു മാസം കാലത്തെ എല്ലാ വീക്കെന്റുകളിലും ആണ്. ഹൃദ്യമായ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കാൻ നാടിനെ ഗാഢമായി പുണരാൻ എങ്ങനെയും എപ്പോഴും ചെറിയതോതിൽ എങ്കിലും ഓണം ആഘോഷിച്ചിരുന്നു. ഇത്തവണത്തെ ഓണം ചൈനയിലാണ്, ലണ്ടനിൽ നിന്ന് നാട്ടിലേക്ക് കാറോടിച്ചെത്താൻ വീട് വിട്ടിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ എൻറെ വീട്ടിലെത്താൻ ഇനിയും ഒരു മാസം എടുക്കും. അവസാനമായി ഒരു മലയാളിയെ തന്നെ കണ്ടത്, ഏകദേശം ഇരുപത് ദിവസം മുന്നേ വിയന്നയിൽ എന്റെ പ്രിയ സുഹൃത്ത് സിറോഷ് ജോർജിനെയാണ്.
പണ്ടാരോ പറഞ്ഞത് ശരിയാണ് നഷ്ടമാകണം നമുക്ക് അതിൻറെ വിലയറിയാൻ, കിട്ടാതിരിക്കണം നമുക്കതിന്റെ മൂല്യം അറിയാൻ, ഞാൻ അറിയുന്നു എന്റെ നഷ്ടപ്പെടുന്ന ഈ ഓണത്തെ, ഇത്തവണത്തെ ഓണത്തെ …!
പക്ഷെ എവിടെയോ ഏതോ ഒരു കുരുന്നിന്നെന്റെ, അവനോ അവളോ അറിയാതെ അവരുടെ ശരീരത്തിൽ എന്നോ വിത്തിട്ടു കഴിഞ്ഞ ക്യാൻസറിന്റെ ആസുര ഭാവത്തെ തുരത്താനുള്ള എന്റെ യാത്രയ്ക്കായി ഇനിയുള്ള ഓണങ്ങളും സന്തോഷ പൂർവ്വം ഞാൻ ത്യജിക്കും ..!!!
ടിബറ്റിലെ പേരറിയാത്ത ഏതോ ഗ്രാമത്തിൽ നിന്നും ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
രാജേഷ് കൃഷ്ണ
മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ്. അരുണ നായരാണ് ഭാര്യ. ദീര്‍ഘ കാലമായി കുടുംബസമേതം ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു . ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകൻ . റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനായി 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്കുള്ള കാർ യാത്രയിലാണ് രാജേഷ് കൃഷ്ണ ഇപ്പോൾ .
Leave a Reply