പ്രൊഫ. കവിയൂർ ശിവപ്രസാദ്

ലോകമെമ്പാടുമുള്ള മലയാളികൾ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒരു ആനന്ദോത്സവമാണ് ഓണം. പുരാണ ഗ്രന്ഥങ്ങളിൽ പറയുന്നത് അനുസരിച്ച് മഹാബലി കഥയിൽ അധിഷ്ഠിതമായ ഒരു ഓണ സങ്കല്പമാണ് നമുക്കുള്ളത് . അത് പ്രകാരം മഹാബലി ഒരു ധീര രക്തസാക്ഷിയും വാമനൻ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രവുമാണ്.

കൗതൂഹലം മനസ്സിൽ മറ്റൊന്നില്ലില്ലിത്ര നഹി
വേദാന്ത സാരമിതു കേൾപ്പുണ്ടു ഭാഗവതം.
വേദം വ്യസിച്ച മുനി മോദം വരാഞ്ഞ്
പുനരേകച്ചരാകില നാരായണായ നമ:
എന്ന ഹരിനാമ കീർത്തനത്തിൽ പറയുന്നതു പ്രകാരം പതിനെട്ടു പുരാണ കർത്താവായ വേദങ്ങളെ വ്യസിച്ച വ്യാസ മഹർഷി രചിച്ച ഭാഗവതത്തിലാണ് വാമനാവതാര കഥ വിവരിക്കുന്നത്. വിഷ്ണുപുരാണം, വാമനപുരാണം, മഹാഭാരതം, യോഗ വസിഷ്ഠം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളിലും വിശദീകരണങ്ങൾ ഉണ്ട്. എങ്കിലും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതം അഷ്ടമ സ്‌കന്ധത്തിലാണ് ഈ കഥ വിശദീകരിക്കുന്നത്. അതിൽ വിസ്തരിക്കുന്ന കഥ താഴെ പറയുന്ന പ്രകാരം ആണ്.
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനായ കശ്യപ പ്രജാപതിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു അദിതിയും ദിതിയും. ഇതിൽ അദിതിയിൽ ഇന്ദ്രാദി ദേവകളും ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും (അസുരന്മാരും ) ഉണ്ടായി. ഇവർ പരസ്പരം കലഹിച്ചു കൊണ്ടേയിരുന്നു. ഇവർ തമ്മിൽ കൊടും യുദ്ധങ്ങൾ പോലും ഉണ്ടായി. ദിതിയുടെ പുത്രന്മാരിൽ ഹിരണ്യാക്ഷൻ , ഹിരണ്യ കശിപു, ശൂരപത്മാവ് , സിംഹ വക്ത്രൻ, താരകാസുരൻ ഗോമുഖൻ എന്നിവർ വളരെ കരുത്തരും കുപ്രസിദ്ധരുമായിരുന്നു. ഹിരണ്യ കശിപുവിൻെറ പുത്രന്മാരായി പ്രഹ്ളാദൻ , സംഹ്ളാദൻ, ഹ്രാദൻ, അനുഹ്രാദൻ എന്നിവരിൽ പ്രഹ്ളാദ പുത്രനായി വിരോചനൻ ജനിച്ചു.

വിരോചന പുത്രനാണ് ബലി. പിന്നീട് ബലിയുടെ പുത്രനായി ബാണനും, ബാണ പുത്രന്മാരായി നിവാത കവചന്മാരും, നാലു കോടിയിലേറെ അസുരന്മാരും ജനിച്ചു.

യൗവനത്തിൽ തന്നെ ബലി ഇന്ദ്രനോട് യുദ്ധം ചെയ്ത് പരാജിതനായി പ്രാണഹാനി സംഭവിച്ചുവെങ്കിലും അസുര ഗുരുവായ ശുക്രാചാര്യർ ബലിയെ പുനർ ജീവിപ്പിച്ചു. ഒപ്പം ഇന്ദ്രനെ തോൽപ്പിക്കണമെന്ന ബലിയുടെ വൈരാഗ്യ ബുദ്ധിയും കൂടിയായപ്പോൾ അസുരന്മാർ അജയ്യരായി. തുടർന്നുള്ള കഥകൾ കേരളത്തിൽ എല്ലാവർക്കും അറിവുള്ളതു തന്നെ .

ഭദ്രമാസത്തിലെ ശുക്ലപക്ഷത്തിൽ, 12-ാം തിഥിയിൽ ശ്രാവണ നക്ഷത്രത്തിൽ (തിരുവോണം) അഭിജിത് മുഹൂർത്തത്തിൽ മഹാവിഷ്ണു വാമനാവതാരം പൂണ്ടു. ഈ കാലത്ത് നർമ്മദാ നദിയുടെ വടക്കേ തീരത്ത് ഭൃഗു കഛകമെന്ന സ്ഥലത്ത് മഹാബലി യാഗം നടത്തി. (നർമ്മദാ തീരം ഗുജറാത്തിൽ ആണെന്ന് ഓർക്കുക.) തത്സമയം വാമനൻ അവിടെ എത്തുകയും അവിടെയുണ്ടായിരുന്നവരെ വിസ്മയിപ്പിക്കുകയും ചെയ്തു. ആഗമനോദ്ദേശം ആരാഞ്ഞ മഹാബലിയോട് ഭഗവാൻ, തപസ്സനുഷ്ഠിക്കുവാൻ മൂന്നടി മണ്ണ് വേണമെന്ന് പറയുകയും മഹാബലി പുച്ഛത്തോടെ ആ ആവശ്യം അംഗീകരിക്കുകയും വിശ്വരൂപം പ്രാപിച്ച വാമനൻ രണ്ടു ചുവടു കൊണ്ട് ത്രിഭുവനം അളന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടു വയ്ക്കാൻ സ്ഥലമില്ലാതായപ്പോൾ മഹാബലി നമ്രശിരസ്കനായി തൻറെ തല താഴ്ത്തി വാമനനു മുമ്പിൽ നമസ്കരിച്ചു. മൂന്നാമത്തെ ചുവട് ബലി ശിരസ്സിൽ വച്ച് അദ്ദേഹത്തെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി ആണ്ടു തോറും ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്റെ പ്രജകളെ കാണുവാൻ അനുവാദവും കൊടുത്തു. ഈ കഥയാണ് കേരളത്തിലാകമാനം പ്രചുര പ്രചാരം ലഭിച്ച ഓണക്കഥ.

ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചരിത്ര ദൃഷ്ട്യയിൽ പരിശോധിക്കുമ്പോൾ കാണാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. എ. ഡി നാലാം ശതകത്തിൽ മധുരൈ കാഞ്ചി എന്ന തമിഴ് കൃതിയിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. പ്രാചീന തമിഴ് കവിയായ തിരുജ്ഞാന സംബന്ധരുടെ കൃതികളിലും ഓണാഘോഷം പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ‘പല്ലാണ്ട് ‘ എന്ന കൃതിയിലും ഓണം പരാമർശ വിഷയമാകുന്നുണ്ട്. എ ഡി 9-ാം ശതകത്തിൽ തന്നെ സ്ഥാണു രവി എന്ന ഭരണാധികാരി തിരുവല്ലയ്ക്കടുത്തുള്ള തിരുവാറ്റ ക്ഷേത്രത്തിൽ ഓണം ആഘോഷിക്കുവാൻ ഭൂമിദാനം ചെയ്തതിനെപ്പറ്റി തൻറെ ശാസനത്തിൽ പറയുന്നുണ്ട്. പതിറ്റുപ്പത്ത് എന്ന തമിഴ് കൃതിയിൽ 11-ാം നൂറ്റാണ്ടിൽ ഇവിടെ ഓണം ആഘോഷിച്ചിരുന്നു എന്നു സംശയലേശമന്യേ പറയുന്നുണ്ട് . ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ എ . ഡി ഒന്നാം ശതകത്തിൽ കേരളം ഭരിച്ചിരുന്ന ധർമ്മിഷ്ഠനായ രാജാവിൻറെ കഥയുമായി ബന്ധപ്പെടുത്തവുന്നതാണ് . അദ്ദേഹത്തിൻറെ പേര് നെടുംചേരലാതൻ എന്നാണ് . ഇനി മറ്റൊരു തലത്തിലേയ്ക്ക് നോക്കിയാൽ ഇതൊരു ബൗദ്ധ ആചാരമാണെന്ന് കാണാൻ കഴിയും.

ലോകത്ത് എമ്പാടുമുള്ള വിവിധ മതങ്ങളെയെല്ലാം സഹർഷം സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരമാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതത്തിനപ്പുറമുള്ള ജൈനബുദ്ധ മതങ്ങളെയും കടൽ കടന്നു വന്ന ഇസ്ലാം യഹൂദ ക്രിസ്തു മതങ്ങളെയും കേരളം സന്തോഷം സ്വീകരിച്ചു. എന്നാൽ ആദ്യം വന്നത് ജൈന ബുദ്ധ മത വിഭാഗമാണെന്ന് കാണാവുന്നതാണ്. ഇതിൽ തന്നെ ബൗദ്ധ സന്ദേശങ്ങൾക്കാണ് പ്രചാരം ലഭിച്ചത്. ബുദ്ധമത വിശ്വാസികളായ രാജാക്കന്മാർ കേരളത്തിലും ദക്ഷിണേന്ത്യയിൽ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്. ബുദ്ധമത വിശ്വാസിയും ജനക്ഷേമ തല്പരനുമായ ഒരു കേരള ചക്രവർത്തിയെ ബ്രാഹ്മണ ക്ഷത്രിയ അധിനി വേശത്തിൽ നിഷ്കാസിതനാക്കിയ ഒരു ചരിത്രം നമുക്ക് ഉണ്ട്. കേരളത്തിലെ വിളവെടുപ്പ് മഹോത്സവവുമായി ആഘോഷിച്ചിരുന്ന ഒരു അനുഷ്ഠാനമായിരുന്നു ഓണം . ബ്രാഹ്മണ ക്ഷത്രിയ അധിനിവേശത്തിലൂടെ രാജ്യഭാരം ത്യജിക്കേണ്ടി വന്ന ചക്രവർത്തിയുടെ അനുസ്മരണമായി ഓണാഘോഷത്തെ പരിഗണിക്കാവുന്നതാണ്. മഹാബലി വാമന കഥയ്ക്ക് മത സ്വാധീനം കൊണ്ടു വരികയും ഹൈന്ദവ വൽക്കരണത്തിന്റെ ഭാഗമായി ചാതുർ വർണ്യ വ്യവസ്ഥിതി ബ്രാഹ്മണാദികൾ സ്ഥാപിച്ച് ബ്രാഹ്മണരെ ഭുസുരരാക്കി ദേവ വർഗ്ഗമാക്കി വേർതിരിക്കയും ജാതി വ്യത്യാസം ഇല്ലാത്ത സർവ്വമത സാഹോദര്യം പ്രതിഷ്ഠിതമാക്കിയ ബുദ്ധമതക്കാരെ അസുരന്മാരാക്കി വേർതിരിക്കുകയും ചെയ്തിരുന്നതായുള്ള പഠനങ്ങൾ ഉണ്ട്. പ്രജാക്ഷേമ തത്പരനായ മഹാബലിയെ ഭ്രഷ്ടനാക്കിയത് അദ്ദേഹം അസുരനായതിനാലാണെന്ന് മനസ്സിലാക്കാം. തിരുവോണം – ഓണം എന്നീ പദങ്ങളുടെ തത്ഭവമായ ശ്രാവണം സംസ്കൃതമാണ്, അതാകട്ടെ ബൗദ്ധവുമാണ്. ബുദ്ധ ശിഷ്യന്മാരെ ശ്രാവണന്മാർ എന്നും ബുദ്ധനെ തന്നെ ശ്രാവണൻ എന്നും വിളിച്ചിരുന്നു. ഭഗവാൻ ബുദ്ധൻ ശ്രാവണ പദത്തിലെത്തിയ ശിഷ്യന്മാർക്ക് മഞ്ഞ വസ്ത്രം നൽകി സ്വീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതാണ് ‘ഓണക്കോടി ‘ കൊടുക്കുന്നത്. ഇത്തരം വസ്ത്രങ്ങൾക്കും മഞ്ഞപ്പൂക്കൾക്കും ഓണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുദ്ധമതക്കാരെ തുരത്തി ഓടിക്കുന്നതിനായി അക്രമങ്ങളും ഹിംസകളും നടന്നിട്ടുള്ളതായി കാണാവുന്നതാണ്. അതിൻ്റെ പ്രാക് രൂപമാണ് ഓണത്തല്ലും, വേലകളിയും, പടയണിയും മറ്റും എന്ന് അനുമാനിക്കാവുന്നതാണ്.

വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ, ഇവിടുത്തെ ഇത്തരത്തിലുള്ള അനുഷ്ഠാനങ്ങളെ പറ്റി പറയുന്നുണ്ട്. വിശിഷ്യ : ബർത്തലോമ്യയുടെ വിവരണത്തിൽ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ – എട്ടു ദിവസം നീണ്ടുനിന്നിരുന്ന ഓണാഘോഷത്തെപ്പറ്റി പറയുമ്പോൾ വീടെല്ലാം ചാണകം മെഴുകി പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും പഴയ മൺപാത്രങ്ങൾ കളഞ്ഞ് പുതിയത് വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെറുപ്പക്കാർ രണ്ട് ചേരിയിലായി നിരന്നു നിന്ന് കമ്പുകൾ കൊണ്ടുള്ള അസ്ത്രങ്ങൾ അയയ്ക്കുകയും ഇതൊരു വിനോദ കളിയായി മാറുകയും ചെയ്തിരുന്നു. ഈ കളികൾക്ക് ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കായിക വിനോദങ്ങളുമായി സാമ്യമുണ്ട്. വിഷർ, ഫോർബ്സ് തുടങ്ങിയ സഞ്ചാരികൾ ഇത്തരം കളികളെ കുറിച്ച് തങ്ങളുടെ യാത്രാ വിവരണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വേണാട്ട് രാജാക്കന്മാർ ഓണ ദിവസം കോടി വസ്ത്രത്തോടൊപ്പം ഓണവില്ല് കൂടി മേൽശാന്തിയിൽ നിന്നും വാങ്ങുന്നതായി ഉള്ള ചടങ്ങ് ഉണ്ട്. സംഘക്കളിയിൽ ബ്രാഹ്മണർ ബുദ്ധമതക്കാരെ ഓടിക്കുന്നതിനായി ആയുധം എടുക്കുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിലും ഓണാഘോഷം പ്രാചീനകാലം മുതലെ അനുഷ്ഠിച്ചതായി സംഘകാല കൃതിയായ “മധുരൈക്കാഞ്ചി ” എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ‘മരുതനാരു’ടെ കൃതിയിൽ ക്ഷേത്രമുറ്റത്ത് ക്രീഡാ യുദ്ധങ്ങൾ നടന്നിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. ഇത് ഓണാഘോഷവുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം ദൃഢനിശ്ചയത്തോടെ പറയുന്നു . ചേരിപ്പോര് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ‘മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ‘ – ജാതി മത വർഗ്ഗ വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല കാലത്തെ സ്മരിച്ചു കൊണ്ട് ഈ വർഷവും നമുക്ക് ഓണം ആഘോഷിക്കാം!

പ്രൊഫ. കവിയൂർ ശിവപ്രസാദ്

എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.