അനുജ സജീവ്
പരബ്രഹ്മക്ഷേത്രത്തിന്റെ പടികളിൽ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. കണ്ണുകൾ ചുറ്റുപാടുകളിലേയ്ക്കു പരതി. ചുറ്റിനും ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുന്ന അന്തേവാസികൾ . സ്ത്രീകളും പുരുഷന്മാരും ഉണ്ട് . പ്രായം ചെന്ന സ്ത്രീകൾ നാമജപങ്ങളുമായി ക്ഷേത്രത്തിൻറെ പടികളിൽ ഇരിക്കുന്നു. ഇതിനിടയിൽ എന്റെ കണ്ണുകൾ ഒരു വൃദ്ധയിൽ കുരുങ്ങി. എനിക്ക് നല്ല പരിചയമുള്ള മുഖം. ഞാനും പടികളിലൊന്നിൽ ഇരുന്നു. എൻറെ മനസ്സ് അങ്ങകലെ ഒരു തിരുവാതിര കളിപ്പാട്ടിന്റെ ഈണങ്ങളിലേയ്ക്ക് താളങ്ങളിലേയ്ക്ക് ഊളിയിട്ടു …
നാട്ടിൻപുറത്തെ ഒരു സ്കൂളിൻറെ അങ്കണത്തിലേയ്ക്ക് .
” മാരാരി സുതനേ …
ഗിരിജാത്മജയാം പാർവ്വതി നന്ദന … ”
ഒരു മധ്യവയസ്ക്കയുടെ ഉയർന്ന ശബ്ദത്തിലുള്ള പാട്ട് . കുറച്ചുകൂടി അടുത്തേയ്ക്ക് ചെന്നപ്പോൾ കുറെ പെൺകുട്ടികൾ പാട്ടിനനുസരിച്ച് ചുവടു വയ്ക്കുന്നു. തിരുവാതിരകളിയാണ്. അവർക്കു പിന്നിൽ രണ്ടു കോലുകൾ കൊണ്ട് നിലത്തു താളമടിച്ച് ആശാട്ടിയമ്മ. പാട്ടിൻറെ ശബ്ദം ഉയർന്നു വരുന്നു. താളമടി വളരെ ഊക്കോടെ നടക്കുന്നു. പാട്ടിൻറെ ആവേശം കൂടുന്നതിനനുസരിച്ച് വരികളുടെ ആവർത്തന ക്രമം തെറ്റുന്നുണ്ട്. ചുവടുകൾ വയ്ക്കുന്ന പെൺകുട്ടികൾ ആകെ വിഷമിക്കുകയാണ്.
” എന്താണിത് … എത്ര പ്രാവശ്യം ഒരേ വരികൾ തന്നെ പാടുന്നു . ഏതു ചുവടാണ് വയ്ക്കേണ്ടത് ” കൂട്ടത്തിൽ ഗിരിജ എന്ന പെൺകുട്ടി ചൊടിച്ചു. ആശാട്ടിയമ്മ അതൊന്നും ശ്രദ്ധിക്കാതെ പാട്ടു തുടർന്നുകൊണ്ടേയിരിക്കുന്നു.
” ഇങ്ങനെയാണെങ്കിൽ എങ്ങനെ സ്റ്റേജിൽ കളിക്കും ” വീണ്ടും ഗിരിജ ചോദിക്കുന്നു. സ്കൂളിൽ ഓണാഘോഷ പരിപാടികൾക്കായുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. പെൺകുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും അടക്കം പറയുന്നു. പെൺകുട്ടികളും ആശാട്ടിയമ്മയും വിദ്വേഷത്തോടെ പരസ്പരം നോക്കുന്നുണ്ട്. അതിനനുസരിച്ച് നിലത്തടിക്കുന്ന കോലുകൾ പൊട്ടി പോകുമോ ??… റിഹേഴ്സൽ കാണികൾക്ക് ഒരു തമാശയാണ്.
” ഓരോ വരികളും എത്ര പ്രാവശ്യം ആവർത്തിക്കും എന്ന് പറയണം. ” ഗിരിജയ്ക്ക് വീണ്ടും ദേഷ്യം. ആശാട്ടിയമ്മയ്ക്ക് ഒരു കുലുക്കവുമില്ല. അവർ പാടിക്കൊണ്ടേയിരിക്കുന്നു.
സ്കൂളിലെ തിരുവാതിരകളി സംഘത്തിന് എന്നും പരാതിയേയുള്ളൂ ജില്ലാതല കലോത്സവത്തിൽ സമ്മാനം നഷ്ടപ്പെട്ടതിന്റെ വേദന കുട്ടികളെ വിട്ടുമാറിയിട്ടില്ല .
മത്സരം നടക്കുന്നത് സമീപത്തുള്ള ഒരു വലിയ സ്കൂളിലാണ്. പെൺകുട്ടികളെല്ലാവരും തലയിൽ ദശപുഷ്പങ്ങൾ ചൂടി ഒരുക്കത്തിലാണ്. മത്സരം ഉടൻ തുടങ്ങും , മത്സരത്തിനിറങ്ങുന്നതിനു മുമ്പ് പ്രധാനാധ്യാപകന് ദക്ഷിണ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. പെൺകുട്ടികൾ ഓരോരുത്തരായി ദക്ഷിണ കൊടുക്കുവാൻ തുടങ്ങി. പ്രധാനാധ്യാപകൻ കുട്ടികളെ അനുഗ്രഹിക്കുന്നു. അപ്പോഴാണ് ആശാട്ടിയമ്മയുടെ രംഗപ്രവേശം, നിനച്ചിരിക്കാതെ അവർ അധ്യാപകന്റെ കാലുകളിലേയ്ക്ക് വീഴുന്നു.
” ഇവർക്കി തെന്തുപറ്റി. പാട്ടു തെറ്റിക്കാതിരിക്കാനാവും അനുഗ്രഹം തേടുന്നത്. ”
കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു.
മത്സരം തുടങ്ങാറായി … കുട്ടികൾ മത്സരവേദിയിലേയ്ക്ക് നടക്കുന്നു. അധ്യാപകരും ആശാട്ടിയമ്മയും കൂടെയുണ്ട്. മത്സരത്തിനു വാദ്യമേളങ്ങളുമായി പക്കമേളക്കാരും .
കുട്ടികൾ സ്റ്റേജിലേയ്ക്ക് കയറി. മേളം ആരംഭിച്ചു. ആശാട്ടിയമ്മയുടെ പാട്ടും, മേളം കൊഴുത്തതോടെ പാട്ടിൻറെ ഈണവും വരികളുടെ ആവർത്തനവും തെറ്റുന്നു. കളിക്കുന്ന കുട്ടികൾ വേദിയിൽ നിന്നും പൊട്ടിക്കരയുന്നു. അങ്ങനെ തിരുവാതിരകളി ഒരു കരച്ചിൽ കളിയായി മാറുന്നു . കുട്ടികൾ ഇപ്പോൾ ദേഷ്യപ്പെടുന്നതിന്റെ രഹസ്യം ഇതാണ് .
നിലത്ത് ആഞ്ഞടിക്കുന്ന കോലുകൾ … എൻറെ മനസ്സിൻറെ താളക്രമം ആകെ തെറ്റുന്ന പോലെ . ആശാട്ടിയമ്മയാണ് പടികളിലൊന്നിൽ ഇരിക്കുന്നത്.
” എന്നെ മനസ്സിലായോ ….? എന്റെ ചോദ്യത്തിനു മുൻപിൽ പകച്ചിരുന്നു ആ വൃദ്ധ .
നാട്ടിൻപുറത്തെ ഒരു പഴയ പ്രമാണിയുടെ ഭാര്യയായിരുന്ന അവർ എങ്ങനെ അമ്പലത്തിലെ അന്തേവാസിയായി ? അവരുടെ മക്കൾ എവിടെ ? അങ്ങനെ കുറെ ചോദ്യങ്ങളുമായി ഞാൻ പടികളിറങ്ങുകയാണ് … ഘനം തൂങ്ങിയ കണ്ണുകളുമായി.
അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
Leave a Reply