ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനെ വിറപ്പിച്ച ഇയോവിൻ കൊടുങ്കാറ്റിൽ രാജ്യമെങ്ങും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അയർലണ്ടിൽ ഒരാൾ മരിച്ചതൊഴിച്ചാൽ ജീവന് നേരെ ഭീഷണി ഉണ്ടായിട്ടില്ലെന്നാണ് പുറത്തു വന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൗണ്ടി ഡൊണഗലിൽ ഒരു മരം കാറിൽ വീണ് ആണ് ഒരാൾ മരിച്ചതെന്ന് ഗാർഡൈ (ഐറിഷ് പോലീസ്) പറഞ്ഞു. അയർലണ്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ശക്തമായ കാറ്റിൽ 725,000 വീടുകളിൽ വൈദ്യുതിയും 138,000 പേർക്ക് വെള്ളവും നഷ്ടപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വെള്ളിയാഴ്ച യുകെയിലുടനീളം, 100 മൈൽ (മണിക്കൂറിൽ 160 കിലോമീറ്റർ) വേഗതയിൽ വീശിയ കാറ്റ് രേഖപ്പെടുത്തിയതിനാൽ ദശലക്ഷക്കണക്കിന് ആളുകളോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. സ്കോട്ട്ലൻഡിൽ അഞ്ച് വിമാനങ്ങളിൽ ഒന്ന് റദ്ദാക്കുകയും എല്ലാ ട്രെയിനുകളും നിർത്തിവയ്ക്കുകയും ചെയ്തു. കൊടുങ്കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതിനാൽ വടക്കൻ അയർലണ്ടിലെ എല്ലാ സ്കൂളുകളും അടച്ചു. സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ ആംബർ വിൻഡ് മുന്നറിയിപ്പ് നിലവിലുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ യുകെയിലുടനീളം കാറ്റ്, മഴ, മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുകളും ഉണ്ട്. മെറ്റ് ഓഫീസ് പുറപ്പെടുവിച്ച ഏറ്റവും ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പിലാണ് ഇയോവിൻ കൊടുങ്കാറ്റിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ചിരിക്കുന്നത്.


27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനാണ് യുകെ സാക്ഷ്യം വഹിച്ചത്. സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി കൊടുങ്കാറ്റിനെ അസാധാരണമായ കാലാവസ്ഥാ സംഭവം എന്ന് വിളിക്കുകയും ഉയർന്ന തലത്തിലുള്ള ജാഗ്രത ആവശ്യമാണെന്ന് പറയുകയും ചെയ്തു. വിമാനത്താവളങ്ങളിൽ ഗുരുതരമായ തടസ്സമുണ്ടായതായും റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഏകദേശം 1,124 വിമാനങ്ങൾ റദ്ദാക്കി. ഇത് ഏകദേശം 150,000 യാത്രക്കാരെ ബാധിച്ചതായി ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറഞ്ഞു. ഡബ്ലിൻ, എഡിൻബർഗ്, ഹീത്രോ, ഗ്ലാസ്ഗോ വിമാനത്താവളങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത് . 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി ഇയോവിൻ മാറാനുള്ള സാധ്യതകളാണ് ഉള്ളത് എന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇയോവിൻ കൊടുങ്കാറ്റിനെ തുടർന്ന് 4.5 ലക്ഷം ആളുകൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ രീതിയിൽ ഗതാഗത തടസ്സം ഉണ്ടായേക്കാമെന്ന ആശങ്കയും ശക്തമായുണ്ട്. വെറും ഒരു മാസം മുമ്പ് ക്രിസ്മസ് കാലത്ത് വീശിയടിച്ച ദറാഗ് കൊടുങ്കാറ്റ് ബ്രിട്ടനിലെ ജനജീവിതം താറുമാറാക്കിയിരുന്നു. അന്ന് വെയിൽസിൻ്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമായി ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് എമർജൻസി അലർട്ട് നൽകിയത്.