ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നാല് പേരിൽ ഒരാൾക്ക് തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കിൽ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2,000 പ്രായപൂർത്തിയായവരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ആറിൽ ഒരാൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ ലഹരിമരുന്നുകൾ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കോക്കെയ്ൻ, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധർ ‘വ്യാപകമായ മഹാമാരി’യായി വിശേഷിപ്പിക്കുന്നത്.
ഇംഗ്ലണ്ടിൽ ഓരോ വർഷവും 3 ലക്ഷത്തിലധികം പേർക്ക് മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നൽകുകയാണെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയർന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019 മുതൽ ആസക്തി സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം 40% വർധിച്ചതായാണ് പ്രിയറി ഗ്രൂപ്പിന്റെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. നിയൽ ക്യാമ്പ്ബെൽ വ്യക്തമാക്കുന്നത് . പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇപ്പോൾ ചികിത്സയ്ക്ക് സഹായം തേടുന്നത്.
സർവേയിലെ കണക്കുകൾ അനുസരിച്ച് 26% പേർക്ക് അവരുടെ പ്രിയപ്പെട്ടവർ അമിതമായി മദ്യം കഴിക്കുന്നുവെന്ന ആശങ്കയും 16% പേർക്ക് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഭയവുമുണ്ട്. £50,000-ലധികം വരുമാനം ലഭിക്കുന്ന കുടുംബങ്ങളിൽ ലഹരി പ്രശ്നങ്ങൾ കൂടുതലായുള്ളതായും കണ്ടെത്തിയിട്ടുണ്ട് . മദ്യപാനത്തിന്റെ ദോഷഫലങ്ങൾ കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് ‘ആൽക്കഹോൾ ചെയ്ഞ്ജ് യു.കെ.’യുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. റിച്ചാർഡ് പൈപ്പർ പറഞ്ഞു. ഇതിനെത്തുടർന്ന് ‘ബ്രേക്ക് ദ ചെയിൻ’ എന്ന പേരിൽ പ്രിയറി ഗ്രൂപ്പ് ലഹരിപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
Leave a Reply