ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ബ്രിട്ടനിൽ ഉടനീളം ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികൾ മുഴുവൻ സമയം അധ്യയനത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല. സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 93514 വിദ്യാർഥികളാണ് മുഴുവൻ സമയ വിദ്യാഭ്യാസത്തിലേയ്ക്ക് മടങ്ങിവരുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊറോണ മഹാമാരി രാജ്യത്തെ വിദ്യാഭ്യാസത്തെ അടിമുടി തകിടം മറിച്ചതിൻറെ നേർക്കാഴ്ചകളാണ് റിപ്പോർട്ടിൽ ഉടനീളം . കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്കൂളുകളിൽ നിന്ന് പുറത്തായവരുടെ എണ്ണം 50 ശതമാനത്തിലധികമാണ് ഉയർന്നത്. ലോക് ഡൗൺ മൂലം സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടതിനെ തുടർന്ന് പലപ്പോഴും കുട്ടികൾ തുടർവിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പുറത്തുവരുന്ന കണക്കുകൾ വിരൽ ചൂണ്ടുന്നത്. ഇടയ്ക്കുവെച്ച് പഠനം അവസാനിപ്പിക്കുന്ന കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട് . കോവിഡ് മൂലം തകർന്ന വിദ്യാഭ്യാസരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ 3 ബില്യൺ പൗണ്ട് ധനസഹായമാണ് ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇടയ്ക്കുവെച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചവരിലേയ്ക്ക് ഈ സഹായങ്ങളൊന്നും എത്തിച്ചേരില്ല . സ്കൂൾ സംവിധാനത്തിൽ നിന്ന് ഒരു കുട്ടി പുറത്താക്കപ്പെടുമ്പോൾ അവരുടെ ഭാവി പലപ്പോഴും ഇരുളടഞ്ഞതാകുമെന്ന് സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡി കുക്ക് പറഞ്ഞു.