ന്യൂസ് ഡെസ്ക്

യുകെയിൽ ആഞ്ഞടിക്കുന്ന സ്റ്റോം എമ്മയും സൈബീരിയൻ ശീതക്കാറ്റും ജനജീവിതം പൂർണമായും നിശ്ചലമാക്കി. M62 മോട്ടോർവേ ഗതാഗത യോഗ്യമല്ലാതായി. J20 റോച് ഡേൽ മുതൽ J24 ഹഡേഴ്സ് ഫീൽഡ് വരെ നൂറുകണക്കിനാളുകൾ  ട്രാഫിക്കിൽ കുടുങ്ങിയതിനാൽ മോട്ടോവേ ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. മോട്ടോർ വേ ഒരു കാർ പാർക്കായി മാറിയിരിക്കുകയാണ്. നിരവധിയാളുകൾ രാത്രി മുഴുവനും മോട്ടോർവേയിൽ ചിലവഴിക്കേണ്ടി വന്നു. കൂടുതൽ മിലിട്ടറി രംഗത്ത് എത്തിയിട്ടുണ്ട്. റെസ്ക്യൂ ഓപ്പറേഷന് എത്തിയ ഹൈവേ ഏജൻസിയുടെ വാഹനത്തിന് തീപിടിച്ചു. മോട്ടോർ വേയിലെ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.

90 മൈൽ സ്പീഡിലാണ് റോച് ഡേൽ – റേക്ക് വുഡ് ഭാഗങ്ങളിൽ കാറ്റു വീശിയടിക്കുന്നത്. അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കാൻ നിരവധിയാളുകളും സംഘടനകളും രംഗത്തുണ്ട്. M62 മോട്ടോർവേ ഇന്നു വൈകുന്നേരം വരെയും അടഞ്ഞുകിടക്കാനാണ് സാധ്യത. മോട്ടോർവേയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ടെങ്കിലും വില്ലേജ് റോഡുകളുടെ അവസ്ഥ ഒട്ടും മെച്ചമല്ലാത്തതിനാൽ ഒട്ടുമിക്ക റോഡുകളിലും ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.