ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ ചികിത്സയ്ക്കായി കാത്തിരിപ്പിലാണെന്ന് കണക്കുകൾ പുറത്തുവന്നു. ഇത് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് ആണ് .സെപ്റ്റംബർ അവസാനം 7.77 ദശലക്ഷം പേരാണ് നോൺ- എമർജൻസി കെയറിനായി കാത്തിരുന്നത്. ഓഗസ്റ്റിൽ ഇത് 7.75 ദശലക്ഷം ആയിരുന്നു. അതേസമയം എൻഎച്ച്എസ് ഇംഗ്ലണ്ട് നടത്തിയ വിശകലനത്തിൽ ഒന്നിലധികം ചികിത്സകൾക്കായി കാത്തിരിക്കുന്ന നിരവധി ആളുകൾ ലിസ്റ്റിൽ ഉൾപ്പെ ടുന്നുണ്ടെന്ന് കണ്ടെത്തി.

പലരും രണ്ടോ മൂന്നോ വെയ്റ്റിംഗ് ലിസ്റ്റുകളിലുണ്ട്. ഇതിൽ ഭൂരിഭാഗം പേരും കാൽമുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഫിസിയോതെറാപ്പി ഉൾപ്പെടെ വിവിധതരം അടിയന്തര ചികിത്സകൾക്കായി കാത്തിരിക്കുന്ന പ്രായമായവരാണ്. രോഗികളുടെ എൻഎച്ച്എസ് നമ്പറുകൾ ഉപയോഗിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ പരിശോധിച്ചതിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ അധികൃതർ പങ്കുവച്ചത്.

പകർച്ചവ്യാധിയുടെ മുമ്പുള്ളതിനേക്കാൾ 3.5 ദശലക്ഷം കൂടുതലാണ് നിലവിലെ വെയ്റ്റിംഗ് ലിസ്റ്റ്. വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം അനിയന്ത്രിതമാകുകയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ചീഫ് നേഴ്‌സ് പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണെന്നും നേഴ്‌സുമാരുടെ കുറവാണ് ഇതിന് അടിസ്ഥാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു