പുണെയില്‍ ഐ.ടി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികള്‍ക്കും പുണെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.
2009 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഐ.ടി ജീവനക്കാരിയായ ഇരുപത്തിയെട്ടുകാരി നയനപൂജാരി അക്രമിക്കപ്പെടുന്നത്. ടാക്സി ഡ്രൈവർ യോഗേഷ് റൗത്തും, ഇയാളുടെ സുഹൃത്തുംചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ചശേഷം യുവതിയെ ഇവർ കൂട്ടമാനഭംഗം ചെയ്തു. പിന്നീട് ,യുവതിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളയുകയും ചെയ്തു.
യുവതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് 61000രൂപയും ഇവർ കവർന്നു. നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രധാനപ്രതി യോഗേഷ് റൗത്ത് പിടിയിലായി. എന്നാൽ, 2011ൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവച്ച് ഇയാൾ രക്ഷപെട്ടു. പതിനെട്ട് മാസത്തോളം ഡൽഹിയിൽ ഒളിവിൽകഴിഞ്ഞ പ്രതിയെ പുണെ ക്രൈംബ്രാഞ്ച് പിടികൂടി. പിന്നീട് അന്വേഷണം പൂർത്തിയാക്കി. നയന ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് പ്രതികളിലൊരാൾ. കേസിൽ വിശദമായി വാദംകേട്ട പുണെയിലെ പ്രത്യേകകോടതി, അറസ്റ്റിലായ മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
Leave a Reply