പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെ സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം.
ശ്രീകാര്യം സ്വദേശി അയാൻ (19) ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചത്. രണ്ടുപേരായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവരേയും കാർ ഓടിച്ചിരുന്നയാളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയ ആളാണ് തീപ്പിടിത്തത്തിൽ മരിച്ചത്.
ഒരേ ദിശയിൽനിന്ന് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചു. ഓട്ടോ സ്കൂട്ടറിൽ ഇടിച്ചു. ശേഷം വീണ്ടും കാർ ബൈക്കിൽ ചെന്നിടിച്ചുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ നൽകുന്ന വിവരം.
‘ഓട്ടോയിൽ നിന്ന് ഒരാളെ വലിച്ച് പുറത്തെടുത്തു. ഡ്രൈവറെ പുറത്തെടുക്കാൻ പറ്റിയില്ല. സ്കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നല്ല പരിക്കുണ്ട്. കാറിൽ ഒരാളാണ് ഉണ്ടായിരുന്നത്.
Leave a Reply