ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോം എമി കൊടുങ്കാറ്റ് അയർലൻഡിലും ബ്രിട്ടനിലും ദുരിതം വിതച്ചു . വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടുങ്കാറ്റിൽ അയർലൻഡിലെ ഡോണഗാളിലെ ലെറ്റർകെനിയിൽ ഒരാൾ മരിക്കുകയും ലക്ഷക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. അയർലൻഡിൽ ഏകദേശം 1.84 ലക്ഷം വീടുകളും വടക്കൻ അയർലൻഡിൽ 50,000-ലധികം വീടുകളും വൈദ്യുതി ഇല്ലാത്ത അവസ്ഥ ആണെന്ന് അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊടുങ്കാറ്റിനെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടുകയും, വിമാന സർവീസുകൾ, ട്രെയിൻ സർവീസുകൾ, ഫെറി സർവീസുകൾ എന്നിവ വ്യാപകമായി റദ്ദാക്കുകയും ചെയ്തു. സ്കോട്ട് ലൻഡിലെ ഗ്ലാസ്‌ഗോയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. ഹൈലാൻഡ്സിലും വെസ്റ്റേൺ ഐൽസിലും വൈദ്യുതി തടസ്സപ്പെട്ടു. മെറ്റ് ഓഫീസ് 92 മൈൽ വേഗതയിൽ കാറ്റ് വീശിയതായി രേഖപ്പെടുത്തി. ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട് .

ബ്രിട്ടനിലെ സ്കോട്ട് ലൻഡ്, വടക്കൻ ഇംഗ്ലണ്ട്, പടിഞ്ഞാറൻ വെയിൽസ് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദേശിച്ചു. റോഡ്, പാലം, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ അപകട സാധ്യത ഉയർന്നതിനാൽ പൊതുജനങ്ങൾക്ക് കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട് . കൊടുംകാറ്റിനെ തുടർന്ന് നിരവധി പരിപാടികൾ റദ്ദാക്കേണ്ടി വന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .