കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന് തകരാറുകൾ; യുഎസ് ന്യൂറോളജി പ്രൊഫസറുടെ പുതിയ പഠന റിപ്പോർട്ട്

കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന് തകരാറുകൾ; യുഎസ് ന്യൂറോളജി പ്രൊഫസറുടെ പുതിയ പഠന റിപ്പോർട്ട്
October 30 14:33 2020 Print This Article

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പഠനങ്ങൾ ശൈശവ ദശയിൽ നിൽക്കവെ രോഗം തലച്ചോറിനേയും ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്. കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാവുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. കൊവിഡ് നാഡീസംബന്ധമായ തകരാറുകൾക്ക് കാരണമാകുന്നെന്ന സംശയങ്ങൾ ദുരീകരിക്കുന്നതാണ് ഈ പഠനം.

കൊവിഡ് ബാധിതരിൽ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവർ, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർ, മയക്കത്തിൽ നിന്നെഴുന്നേൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർ എന്നിവർക്ക് ഇഇജി പരിശോധന നടത്തണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

ഈ വിഷയത്തിൽ 80ഓളം പഠനങ്ങളാണ് യൂറോപ്യൻ ജോണൽ ഓഫ് എപിലെപ്‌സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600ഓളം രോഗികൾക്ക് ഈ രീതിയിൽ തലച്ചോറിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയെന്ന് യുഎസിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ സുൽഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്ന് സ്ത്രീകളും മൂന്നിൽ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ.ഹനീഫ് പറഞ്ഞു.

തലച്ചോറിന്റെ മുൻഭാഗങ്ങളിൽ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് രോഗികളിൽ എഠുത്ത ഇഇജിയിൽ പൊതുവിൽ കാണാൻ കഴിയുന്നത്. തലച്ചോറിന്റെ മുൻഭാഗം വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാകാം വൈറസ് തലച്ചോറിനെ ഇത്തരത്തിൽ ബാധിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

കൊവിഡ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്‌സിജൻ തോതിലുണ്ടാവുന്ന മാറ്റങ്ങൾ, കൊവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും കൊവിഡ് പാർശ്വഫലങ്ങൾ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles