കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.

പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.