ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക ഘട്ടത്തില്‍ സഹായത്തിനെത്തിയത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണെന്ന് മുന്‍ പാക് താരം സഖ്ലയിന്‍ മുഷ്താഖ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിനകത്തും പുറത്തും ശത്രുക്കളായി ഏറ്റുമുട്ടുന്ന കാലത്ത് പോലും തന്നെ സഹായിച്ച കുംബ്ലെയെ കുറിച്ചാണ് സഖ്ലയിന്‍ വാചാലനായത്. 2004ലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായാരുന്നു സഖ്ലയ്ന്‍.

കുംബ്ലെ തന്നെ സഹായിച്ചതിനെ കുറിച്ച് സഖ്ലയിന്‍ പറയുന്നു.- അന്ന് തങ്ങള്‍ ഇംഗ്ലണ്ടിലായിരുന്നു. മത്സരശേഷം കുംബ്ലെയുമായി സംസാരിക്കുന്നതിനിടയില്‍ കാഴ്ചയുടെ കാര്യവും താന്‍ പറയുകയുണ്ടായി. പാക്കിസ്ഥാനിലെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കുംബ്ലെയാണ് ലണ്ടനിലെ ഡോക്ടറായ ഭരത് റുഗാനിയെ നിര്‍ദ്ദേശിച്ചത്. സൗരവ് ഗാംഗുലിയും കുംബ്ലെയും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. കുംബ്ലെ അദ്ദേഹത്തിന്റെ നമ്പര്‍ തരികയും താന്‍ ഡോക്ടറെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് സഖ്ലയിന്‍ പറഞ്ഞു. ഡോക്ടര്‍ തന്നെ പരിശോധിക്കുകയും കണ്ണട തരികയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം തനിക്ക് കാഴ്ച തിരികെ കിട്ടിയെന്നും സഖ്ലയിന്‍ വെളിപ്പെടുത്തി. അനില്‍ കുംബ്ലെ തന്റെ രക്ഷയ്ക്കെത്തിയിരുന്നില്ലെങ്കില്‍ കരിയര്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും മുന്‍ സ്പിന്നര്‍ പറയുന്നുണ്ട്. ടീമുകള്‍ പരസ്പരം പോരടിക്കുമ്പോഴും കളിക്കാര്‍ തമ്മില്‍ കളത്തിന് പുറത്ത് സുഹൃത്തുക്കളായിരുന്നെന്നാണ് താരം പറയുന്നത്. ചികിത്സയ്ക്കുമുന്‍പ് ഫീല്‍ഡ് ചെയ്യാന്‍ അത്യധികം ബുദ്ധിമുട്ടിയിരുന്നു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പിച്ചില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ചികിത്സയ്ക്കുശേഷം കാഴ്ച തിരിച്ചുകിട്ടി. തനിക്ക് മൂത്ത സഹോദരനെപോലെയാണ് കുംബ്ലെയെന്ന് സഖ്ലയ്ന്‍ പറഞ്ഞു.