മലയാളത്തിന്റെ മഹാകവി ഒഎന്‍വിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അനുശോചിച്ചു
15 February, 2016, 6:50 pm by News Desk 1

ശശി ചെറായിലണ്ടന്‍: മലയാളത്തിന്റെ മഹാകവി ഒ.എന്‍.വിയുടെ നിര്യാണത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അനുശോചിച്ചു. സെക്രട്ടറി ശശി ചെറായിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഈസ്റ്റഹാമിലെ മെതോടിസ്റ്റ് ഹാളില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ കവിയും സാഹിത്യകാരനുമായ കാരൂര്‍ സോമന്‍ ഒ.എന്‍.വിയെ അനുസ്മരിച്ചു.

കാരൂര്‍ സോമന്റെ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്:

വയലാറിനു ശേഷം ഒ.എന്‍.വി കാവ്യവര്‍ണ്ണ മനോഹരങ്ങളായ കവിതാഗാനങ്ങള്‍കൊണ്ട ് മലയാള കവിതയില്‍ പുതുചലനങ്ങളാണ് സൃഷ്ടിച്ചത്. സാഹിത്യലോകത്ത് അദ്ദേഹം രാവണനായിരുന്നില്ല. മറിച്ച് രാമനായിരുന്നു. അദ്ദേഹം സിനിമപോലെ സാഹിത്യത്തെ വില്‍പനചരക്കായി ഉപയോഗിച്ചില്ല. ഒരു അഭിനവ നടന്റെ, നടിയുടെ അംഗലാവണ്യവിളയാട്ടം കണ്ടിരുന്നു രസിക്കുന്നവരെക്കാള്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ, ദുഃഖിതന്റെ കണ്ണീരിനൊപ്പമാണ് ജീവിച്ചത്. ജാതിമത വര്‍ഗ്ഗീയതയ്‌ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു സോഷ്യലിസ്റ്റ് ദാര്‍ശനികതയുടെ അടിത്തറയിലൂടെയാണ് സഞ്ചരിച്ചത്. അതുകൊണ്ടായിരിക്കാം അദ്ദേഹം അമ്പലത്തില്‍ ഈശ്വരനെ വണങ്ങാന്‍ പോകാത്തത്. എന്നാല്‍ എല്ലാ പ്രപഞ്ചസൃഷ്ടിയിലും ഈശ്വരനുണ്ടെന്നുള്ളത് അദ്ദേഹം വിശ്വസിച്ചിരുന്നു.

1952ല്‍ തോപ്പില്‍ ഭാസിയെഴുതിയ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ഗാനങ്ങളിലൂടെയാണ് ഒ.എന്‍.വി ജനകീയനായത്. അദ്ദേഹം മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയതുകൊണ്ടാണ് ഭാവോജ്ജ്വലമായി കവിതകള്‍, വിപ്ലവഗാനങ്ങള്‍ എഴുതാന്‍ സാധിച്ചത്. അത് മനുഷ്യനെ പുരോഗതിയിലേക്കാണ് നയിച്ചത്. ആ കാവ്യലോകത്തിന്റെ വാതായനങ്ങളിലേക്ക് കടന്നുവരാന്‍ ഇന്നുള്ളവര്‍ക്ക് കഴിയുന്നില്ല. ആറേഴു പതിറ്റാണ്ട ുകളായി ആരുടെയും തടവറയില്‍ കഴിയാതെ ഭാഷയെയും പുരോഗമനപ്രസ്ഥാനങ്ങളെയും പാലൂട്ടി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു.

അത് ഇന്നുള്ള ചിലരെപോലെ കാശുകൊടുത്തു പുസñകമിറക്കി മുഖ്യമന്ത്രിയെക്കൊണ്ടു പ്രകാശനം ചെയ്വിച്ച് സാഹിത്യത്തിന്റെ പേരില്‍ മേനി പറഞ്ഞ് നടക്കുന്നവരെപ്പോലെയല്ലായിരുന്നു. ഒരിക്കല്‍ കമ്യൂണിസ്റ്റുകാരോട് അദ്ദേഹം പറഞ്ഞത് വ്യക്തിതാല്പര്യങ്ങള്‍ക്കായി രാഷ്ട്രീയം, അധികാരം ദുര്‍വിനിയോഗം ചെയ്യരുത്. അങ്ങനെയുള്ളവരെ പുറത്താക്കണമെന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കായി സെക്രട്ടേറിയറ്റില്‍ സത്യാഗ്രഹമിരുന്നത് മലയാളഭാഷയെ പെറ്റമ്മയെപ്പോലെ സ്‌നേഹിച്ചതു കൊണ്ടാണ്.

ഇങ്ങനെ സമൂഹത്തിന്റെ സമസñമേഖലകളിലും ഒരു പടയാളിയുടെ പടച്ചട്ടയണിഞ്ഞാണ് മരണംവരെ ജീവിച്ചത്. എനിക്ക് ഒ.എന്‍.വിയും തോപ്പില്‍ ഭാസിയും ഗുരുതുല്യരാണ്. രണ്ടുപേരും എന്റെ കവിതയ്ക്കും നാടകത്തിനും അവതാരിക എഴുതിയിട്ടുണ്ട്.ജ്ഞാനപീഠം കിട്ടി ഇംഗ്ലണ്ടില്‍ മകളുടെ ഭവനത്തില്‍ വന്നതിനുശേഷം ഞാനടക്കമുള്ള ലണ്ടന്‍ മലയാളികള്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

 

karoor

ഏതു ഭാഷയിലായാലും അതുല്യരായ എഴുത്തുകാര്‍ മരിച്ചാലും ജീവിക്കുന്നവരെന്ന് കാരൂര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എഴുത്തുകാരിയായ സിസിലി ജോര്‍ജ്ജ് ഒ.എന്‍.വി. സ്ത്രീകള്‍ക്കായി എഴുതിയ സ്വയംവരം ഉജ്ജയിനിയെപ്പറ്റി വിശദീകരിച്ചു. മനുഷ്യന്‍ പ്രകൃതിയോടു കാട്ടുന്ന ക്രൂരത ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെപ്പറ്റിയാണ് അച്ചന്‍കുഞ്ഞ് കുരുവിള സംസാരിച്ചത്. രാജീവ് താമരക്കുളം, റ്റി. ശാമുവല്‍, ഓമനതീയാട്ടുകുന്നേല്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS
Copyright © . All rights reserved