കാരൂർ സോമൻ

അൻപത് വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചു വരിക, മന്ദഹാസം പൊഴിച്ചുകൊണ്ട് സ്‌നേഹാർദ്രമായ മിഴികളോടെ ജനങ്ങളുടെയിടയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി ഇന്ത്യയിലൊരു അപൂർവ്വകാഴ്ചയാണ്. ജനാധിപത്യം എന്തെന്ന് ബ്രിട്ടനെ കണ്ടോ, ഇ.എം.എസ്, ആർ.ശങ്കർ, സി.അച്യുതമേനോൻ, സി.എച്ചു്.മുഹമ്മദ് കോയ, എ.കെ.ആന്റണി, വി.എസ്, അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെ കണ്ടോ കുറച്ചെങ്കിലും പഠിക്കുന്നത് നല്ലതാണ്. സുവർണ്ണ ജൂബിലി കൊണ്ടാടുന്ന ഉമ്മൻ ചാണ്ടി ഇന്നും ജനത്തിനൊപ്പം സഞ്ചരിക്കുന്നു. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ഡൽഹി കേരള ഹൗസിൽ വെച്ചാണ്. 2020 ൽ എത്തിനിൽക്കുമ്പോൾ അധികാരം കിട്ടിയാൽ അഹന്ത, അഹംകാരത്തിനൊപ്പം ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം എന്നത് ദുരാഗ്രഹികൾ ഉപേക്ഷിക്കുന്നില്ല. ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ ബ്രിട്ടനിലെ മുൻ സഹമന്ത്രിയും, എം.പിയുമായ സ്റ്റീഫൻ റ്റി൦സ് മനസ്സിലേക്ക് വരുന്നു. ഏഷ്യാക്കാർ കൂടുതലായി പാർക്കുന്ന ഈസ്റ്റ് ലണ്ടനിൽ നിന്ന് ഒരു ബ്രിട്ടീഷ്‌കാരൻ തുടർച്ചയായി എം.പി. യാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ ജനങ്ങൾ കാണുന്നത് വേഷങ്ങൾ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാർക്കൊപ്പം ക്യുവിൽ നിൽക്കുന്നു, മറ്റുള്ളവർക്കൊപ്പം കടയിൽ ചായ കുടിക്കുന്നു, ട്രെയിനിൽ സഞ്ചരിക്കുന്നു. ഒരിക്കൽ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു. പരാതി കിട്ടിയയുടൻ അദ്ദേഹം എന്റെ വീട്ടിൽ വരുന്നു. ഇദ്ദേഹം എന്റെ ഇംഗ്ലീഷ് നോവൽ മലബാർ എ ഫ്ളയിം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ച് പ്രകാശനവും നടത്തിത്തിയിട്ടുണ്ട്. മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളിൽ സഞ്ചരിക്കുന്നു. ഒരു ജനാധിപത്യത്തിന്റ മഹത്വ൦ ഇവിടെ കാണുമ്പൊൾ ഇന്ത്യയിലെ സമ്പന്നർ അടക്കി വാഴുന്ന ജനാധിപത്യത്തിന്റ കണക്കെടുപ്പ് കാലുപിടിച്ചു് തോളിലും ഒടുവിൽ തലയിലും കയറുന്നതായി കാണാറുണ്ട്.

മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേൽ, ഡോ. അബേദ്ക്കർ, വി.കെ.കൃഷ്ണമേനോൻ, മൻമോഹൻ സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ലണ്ടിൽ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മൻ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടുമില്ല. അദ്ദേഹത്തിൽ കാണുന്നത് സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവർഷങ്ങളാണ്. മനുഷ്വത്വമുള്ളവർക്ക് പാവങ്ങളുടെ നൊമ്പരങ്ങൾ കണ്ടിട്ടും കാണാതിരിക്കാൻ സാധിക്കില്ല. അതെപ്പോഴും അവരുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും. അവർക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാൻ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നൽകാതിരിക്കാൻ സാധിക്കില്ല. അതിനെക്കാൾ പുണ്യം മനുഷ്യജീവിതത്തിൽ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവർത്തിക്കുന്ന ആർക്കും ആരാധകരും അനുയായികളുമുണ്ട്. അത് കെട്ടിപ്പൊക്കുന്ന ഫാൻസ്‌ അസ്സോസിയേഷനല്ല. കേരളത്തിലെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക സാഹിത്യ രംഗത്ത് പാപഭാരവുമായി ധാരാളം ചുമടുതാങ്ങികൾ ഉള്ളപ്പോൾ കുറെ പാവങ്ങൾ ആ ഭാരം ഇറക്കിവെക്കുന്നത് ഉമ്മൻ ചാണ്ടിയിലാണ്. അതുകൊണ്ടുതന്നയാണ് ഐക്യ രാഷ്ട്രസഭയുടെ ജനസമ്പർക്ക പുരസ്‌ക്കാരത്തിന് അദ്ദേഹം അർഹനായത്. അതിനെ പാടിപുകഴ്ത്താൻ ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമ്മൻ ചാണ്ടി ഒരു സാഹിത്യകാരനോ കവിയോ അല്ലാതിരിന്നിട്ട് കുടി അദ്ദേഹം അന്തസ്സാർന്ന സേവനമാണ് കാഴ്ചവെക്കുന്നത്. ഗുരുദേവൻ പറഞ്ഞതുപോലെ മനുഷ്യൻ ഒരു ജാതി മാത്രമെന്ന ചിന്ത സങ്കടപെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കാരണമാകുന്നു. പാവങ്ങളുടെ കണ്ണുകളിൽ നിറയുന്ന മിഴിനീർ കലവറയില്ലാത്ത സ്‌നേഹത്തെ കാണിക്കുന്നു. വാൽമീകി മഹർഷിയുടെ കവിത “മാനിഷാദ” അനീതിക്കെതിരെയുള്ള ഒരു പോരാട്ടമായിരിന്നു. രാഷ്ട്രീയക്കാരനും സർഗ്ഗ പ്രതിഭകളും പോരാളികളാണ്. ഒരു കാട്ടാളൻ ഇണക്കിളികളിൽ ഒന്നിനെ കൊല്ലുമ്പോൾ ചോദിച്ചത് “എരണംകെട്ട കാട്ടാള” എന്നാണ്. ഇന്ന് “എരണം കേട്ട ഭരണകൂടങ്ങളെ, മത -വർഗ്ഗിയ വാദികളെ ” എന്ന് വിളിക്കാൻ ആരുമില്ല. അങ്ങനെ സംഭവിച്ചാൽ വിശപ്പിൽ നിന്നുള്ള ദുരം കുറയും, അധർമ്മം ധർമ്മമായി മാറും. ചൂഷണവും കുറയും. നമ്മുടെ നാടിന്റ ശാപമാണ് രാഷ്ട്രീയക്കാരുടെ മനസ്സിലൊന്ന് പുറത്തൊന്ന് എന്ന പ്രമാണം. ഉമ്മൻ ചാണ്ടിയിൽ അത് കാണാറില്ല. കള്ളവും കാട്ടുതീയും വേഗം പടരുന്നതുപോലെ ചതിയും വഞ്ചനയും നടത്തുന്നവരെ പാടിപുകഴ്ത്താൻ മാഫിയ ഗ്രൂപ്പുകളും കച്ചവടക്കണ്ണുള്ള സാമുഹ്യ മാധ്യമങ്ങളുമുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മകൾ ഒരിക്കൽ പറയുന്നത് കേട്ടു. പിതാവിന്റ പേരിൽ രാഷ്ട്രീയ രംഗത്ത് വരാൻ ശ്രമിക്കരുത്. സ്വന്തം കഴിവിലുടെ ഏത് രംഗത്തും കടന്നു വരിക. ഇന്നത്തെ രാഷ്ട്രീയ വ്യാപാരക്കാർക്ക് കരുത്തനായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ഒരു ഗുണപാഠമാണ്. കാപട്ട്യമുള്ളവരാണ് അധികാരത്തിലിരുന്ന് സ്വജനപക്ഷവാതവും നീതിനിഷേധങ്ങളും നടത്തുന്നത്. ഇവരെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്ന കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യർ ഇന്നും ജീവിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുലീനത്വമുള്ള, പുഞ്ചിരിക്കുന്ന, മനസ്സ് തുറന്ന് സംസാരിക്കുന്നതൊക്കെ എതിരാളികൾക്കുപോലും തള്ളിക്കളയാൻ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതിൽ മുന്നിട്ട് നിൽക്കുന്നതാണ് ഇറാക്കിൽ ഭീകരുടെ തടവറയിൽ കഴിഞ്ഞ നഴ്‌സസിനെ കേന്ദ്ര സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇന്ത്യയിലെ പാവങ്ങളെ തട്ടിക്കളിക്കുന്നതുപോലെ പാവപ്പെട്ട പ്രവാസികളെ തട്ടിക്കളിക്കുന്ന രാഷ്ട്രീയ നാടകം കേരളത്തിൽ അവസാനിപ്പിക്കണം. നമ്മുടെ സാമുഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എം.എ.ബേബി, രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ് വിശ്വം, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, രമേശ് ചെന്നിത്തല, ജി.സുധാകരൻ തുടങ്ങി കുറാച്ചുപേർ സമൂഹത്തോട് കരുണയും കരുതലുമുള്ളവരാണ്. ഉമ്മൻ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്കാരം തന്നതും ഈ അവസരം ഓർക്കുന്നു. കേരളത്തിലെ 19 -മത് മുഖ്യമന്ത്രിയായി മാറിയ ഉമ്മൻ ചാണ്ടി അഖിലകേരള ബാലജനസഖ്യ൦, കെ.എസ്.യു. യുത്തു് കോൺഗ്രസ്, ഐ,എൻ.ടി.യൂ.സി, കേന്ദ്ര കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളിൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രീയ നിറം നോക്കി സാഹിത്യത്തെ കാണുന്നതുപോലെ നോക്കാതെ പലതും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്. യേശുക്രിസ്തു പാപികളെ പാപങ്ങങ്ങളിൽ നിന്ന് രക്ഷിച്ചതുപോലെ എതിർപാർട്ടികളിലുള്ളർ തന്നെ തല്ലിയപ്പോഴും കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുക മാത്രമല്ല അവരൊക്കെ കോൺഗ്രസ് ആയി മാറുകയും ചെയ്തത് വിസ്മയത്തോടെ കണ്ടു. ആരിലും ആനന്ദാശ്രുക്കൾ നിറയുന്ന പ്രവർത്തിയാണത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന് ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.