നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.

ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ. മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഉമ്മന്‍ചാണ്ടി തയാറല്ല. പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നുണ്ട്. കെ.മുരളീധരന് ജയസാധ്യത കൂടുതല്‍ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.