രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. നിലവില്‍ ഉമ്മന്‍ചാണ്ടിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഹൈക്കമാന്‍ഡിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. എന്നാല്‍, 50 വര്‍ഷമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. മറ്റുള്ളതെല്ലാം മാധ്യമ വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല. ഇതോടെ, നേമത്തിന്റെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.
നേമത്ത് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആദ്യമേ തന്നെ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ അനുകൂല തരംഗം സൃഷ്ടിക്കാന്‍ നേതാക്കളുടെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അതിനിടെ, നേതൃത്വം സമ്മതിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരനും അറിയിച്ചു.
എന്നാല്‍, എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പേര് വീണ്ടും പരിഗണിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി നേമത്തും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മത്സരിക്കട്ടെയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി ഇതുവരെ എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ഏക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ വി ശിവന്‍കുട്ടിയെ അട്ടിമറിച്ചാണ് ബിജെപിയുടെ ഒ. രാജഗോപാല്‍ നിയമസഭയിലെത്തിയത്. കേരളത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാംഗം എന്ന പദവിയും രാജഗോപാല്‍ സ്വന്തമാക്കി. എന്നാല്‍ ഇക്കുറി രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല.
വിജയപ്രതീക്ഷയുള്ള സീറ്റില്‍ കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. ഇടതുമുന്നണിയില്‍നിന്ന് വി ശിവന്‍കുട്ടി തന്നെയാണ് സ്ഥാനാര്‍ഥി. മുന്‍ മേയര്‍, എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ശിവന്‍കുട്ടിയെ വീണ്ടും പരിഗണിക്കാന്‍ കാരണം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പക്ഷം സീറ്റ് വീണ്ടും പിടിച്ചെടുക്കാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടല്‍.
തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലത്തില്‍ ആര്‍ക്കും മേല്‍ക്കൈ അവകാശപ്പെടാനാവില്ല. എന്നാല്‍, 2016ലാണ് നേമത്തെ രാഷ്ട്രീയ കാറ്റ് മാറിവീശിയത്. സിറ്റിംഗ് എംഎല്‍എ ശിവന്‍കുട്ടിയെ 8671 വോട്ടിന് തോല്‍പ്പിച്ചാണ് രാജഗോപാല്‍ കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്‍എ ആയത്. പാര്‍ട്ടി വിജയത്തേക്കാള്‍, രാജഗോപാല്‍ എന്ന വ്യക്തിയോടുള്ള താല്‍പര്യമായിരുന്നു വോട്ടെടുപ്പില്‍ പ്രകടമായത്. ജനകീയ സ്ഥാനാര്‍ഥിയായി പലപ്പോഴും മത്സരിച്ചിട്ടും തോറ്റ ചരിത്രമുള്ള രാജഗോപാല്‍ അവസാന അവസരത്തില്‍ ജയിച്ചുകയറുകയായിരുന്നു.
Leave a Reply