ഉമ്മന്‍ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ എന്നും ജനകൂട്ടമുണ്ടായിരുന്നു. പരാതികൾക്ക് പരിഹാരം തേടിയാണ് സാധാരണക്കാർ പുതുപ്പള്ളി ഹൗസിലേക്ക് കൂട്ടമായി എത്തിയിരുന്നെങ്കില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനാണ് ഇന്ന് ജനം ഒഴുകിയെത്തിയത്. തിരുവനന്തപുരത്തൊരു പുതുപ്പള്ളി! കോട്ടയത്തെ പുതുപ്പള്ളിയുമായുള്ള ബന്ധം നിലനിർത്താനാണ് തലസ്ഥാനത്തെ വീടിന് ഉമ്മൻ ചാണ്ടി ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരു നൽകിയത്. ആദ്യം മുഖ്യമന്ത്രിയായപ്പോൾ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതി. രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്.

ജനകീയ നേതാവിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും രാവിലെ തന്നെ പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം രണ്ടര മണിയോടെ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്ത് എത്തി. മകൾ അച്ചു ഉമ്മനും ബന്ധുക്കളും വിമാനത്താവളത്തിൽനിന്ന് പുതുപ്പള്ളി ഹൗസിലേക്ക് പോയി. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും മകൾ മറിയം ഉമ്മനും മൃതദേഹത്തെ അനുഗമിച്ചു. മൂന്നു മണിയോടെ പുതുപ്പള്ളി ഹൗസിലെത്തിയ അച്ചു ഉമ്മന്‍, പിതാവിന്റെ ഓർമകളിൽ വിതുമ്പി. സുഹൃത്തുക്കളും നേതാക്കളും കുടുംബത്തെ ആശ്വസിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനകൂട്ടത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന നേതാവിനെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയതോടെ പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന ജഗതി ജനക്കൂട്ടത്തിന്റെ പിടിയിലമർന്നു. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആംബുലൻസ് 8 കിലോമീറ്റർ പിന്നിട്ട് ജഗതിയിലെത്തിയത് 4.45ന്. ‘കേരളത്തിന്റെ നായകനേ, നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞേ’– പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ജഗതിയിൽനിന്നും വീട്ടിലേക്കുള്ള ചെറിയവഴി ജനസമുദ്രമായതോടെ ആംബുലൻസ് കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഉച്ചയോടെ കുടുംബസമേതം പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. വി.എം.സുധീരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, ശബരീനാഥൻ, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി. തിരക്കുകാരണം പല നേതാക്കൾക്കും വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. അഞ്ചു മണിക്കുശേഷം മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് കയറ്റി. പൊതുദർശനത്തിനുശേഷം മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോകും.