കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ബി.ജെ.പിയുടെയും ആര്‍എസിഎസിന്റെയും സംഘടനാ സംവിധാനത്തിന് ഒപ്പം നില്‍ക്കുന്നതല്ലെന്ന് പി.ചിദംബരം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാനോടൊപ്പം ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. വോട്ടുകള്‍ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമാണ് ബിജെപിക്കുള്ളത്. ഇതിനൊപ്പം നില്‍ക്കുന്ന സംവിധാനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ല. പക്ഷേ, ബിജെപിയുടെ ഈ സംഘടനാ സംവിധാനം കൊണ്ട് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്‌ക്കോ വെല്ലുവെളിയുയര്‍ത്താനാകില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവായ ചിദംബരം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം ചിദംബരം തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയം നോട്ട് നിരോധനത്തിന് എതിരാണെന്ന് പറയേണ്ടി വരുമല്ലോ എന്നായിരുന്നു മുന്‍ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരത്തിന്റെ ചോദ്യം. ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിവിധ തരത്തിലുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ലെന്നു പറഞ്ഞ ചിദംബരം, എതിര്‍ക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുവരികയാണെന്നും ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരെല്ലാം ഭീഷണി നേരിടുകയണെന്നും പറഞ്ഞു.