കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’ – ശ്രീധരന്‍ പറഞ്ഞു.
ചെയ്യുന്ന കര്‍മം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങള്‍ എടുത്തില്ലെങ്കില്‍ അത് കഴിയാന്‍ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Leave a Reply