ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൻ മുതൽ മുടക്കുള്ള ഓപ്പൺ എഐയുടെ ഡേറ്റാ സെന്റർ പദ്ധതിയായ “സ്റ്റാർഗേറ്റ് യുകെ” താൽക്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഉയർന്ന വൈദ്യുതി ചെലവും കർശനമായ നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ വൻ ഡേറ്റാ സെന്റർ സ്ഥാപിക്കുകയും ആയിരക്കണക്കിന് ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വികസനത്തിനായി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

ഈ പദ്ധതിയിൽ എൻവിഡിയയും എൻസ്കെയിലും പങ്കാളികളായിരുന്നു. യുകെയെ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർപവർ” ആക്കാനുള്ള ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 31 ബില്യൺ പൗണ്ടിന്റെ സാങ്കേതിക നിക്ഷേപ പാക്കേജിന്റെ ഭാഗമായിരുന്നു സ്റ്റാർഗേറ്റ് യുകെ. എന്നാൽ “ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടുപോകൂ” എന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി.

യുകെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ പദ്ധതികൾക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് കമ്പനി വീണ്ടും ആവർത്തിച്ചു. ലണ്ടനിലാണ് ഓപ്പൺഎഐയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര കംപ്യൂട്ടിംഗ് ശേഷി ശക്തിപ്പെടുത്തുകയും ആഭ്യന്തര കൃത്രിമ ബുദ്ധി വികസനത്തിന് വേഗം കൂട്ടുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഊർജച്ചെലവും നിയന്ത്രണങ്ങളും അനുകൂലമായ സാഹചര്യത്തിലായാൽ മാത്രമേ പദ്ധതി വീണ്ടും പരിഗണിക്കയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി.











Leave a Reply