ഡോ. ഐഷ വി

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ പറഞ്ഞ വാക്കാണ് “ചിറ്റമ്മനയം ” . ഭയങ്കരിയായ രണ്ടാനമ്മയെ കുറിച്ചൊരു സങ്കല്പമാണ് എനിയ്ക്കാ വാക്കിലൂടെ ലഭിച്ചത്. രണ്ടാനമ്മമാരിൽ ദുഷ്ടകളും , നല്ലവരും ഉണ്ടാകാം എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി. ഏത് പ്രശ്നങ്ങളേയും നമ്മൾ മുൻ വിധിയോടെ സമീപിക്കുമ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യത. തുറന്ന സമീപനമാണെങ്കിൽ അതിനുള്ള സാധ്യത കുറയും.

“ചിറ്റമ്മ നയം ” എന്ന വാക്കു ലഭിച്ച വൈകുന്നേരം ഞാൻ വീട്ടിലെത്തി എന്റെ അമ്മയോട് അതങ്ങ് പ്രയോഗിച്ചു. അമ്മ എന്നോട് ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് . അമ്മയ്ക്ക് പുത്ര വാത്സല്യം ഇത്തിരി കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. അന്ന് ചായ കുടി കഴിഞ്ഞ് അയലത്തെ ദേവയാനി ചേച്ചിയുമായുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഞങ്ങൾ മൂവരും അടുത്തു നിൽക്കത്തന്നെ അമ്മ ഞാനങ്ങനെ പറഞ്ഞതിനെ കുറിച്ച് ചേച്ചിയോട് പറഞ്ഞു. അങ്ങനെ ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ എന്റെ അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നെന്നും കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ആയിരുന്നു വീടെന്നും മരിച്ചു പോയെന്നും മനസ്സിലായി. അമ്മയുടെ അച്ഛനമ്മമാരെയും അച്ഛന്റെ അമ്മാവന്മാരേയും മറ്റും ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അച്ഛന്റെ അച്ഛനമ്മമാരെ കുറിച്ച് അതുവരെ ഒന്നും അറിയില്ലായിരുന്നു. കാസർഗോഡ് ആയിരുന്നു ഞങ്ങളുടെ താമസം എന്നതിനാൽ അച്ഛനമ്മമാർ അതേ കുറിച്ച് പറഞ്ഞു തരാതിരുന്നതിനാൽ അച്ഛന് അച്ഛനമ്മമാർ ഉണ്ടെന്നു പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അന്നു സന്ധ്യയ്ക്ക് അച്ഛനെത്തിയപ്പോൾ ഞാൻ അച്ഛനോട് അച്ഛന്റെ അമ്മ രണ്ടാനമ്മയായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് അച്ഛൻ അച്ഛന്റെ മാതാപിതാക്കളെ കുറിച്ച് ഞങ്ങളോട് പറഞ്ഞു തുടങ്ങിയത്. അച്ഛന് അച്ഛന്റെ അമ്മയെ ഒൻപതാം വയസ്സിൽ നഷ്ടപ്പെട്ടെന്നും കുതിരകൾ വലിയ്ക്കുന്ന വില്ലുവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വില്ലുവണ്ടി മറിഞ്ഞ് ക്ഷതമേറ്റായിരുന്നു മരണമെന്ന് അച്ഛൻ പറഞ്ഞു തന്നു. അച്ഛന്റെ അമ്മയുടെ സ്ഥലം കൊല്ലം ജില്ലയിലെ ചിറക്കര താഴത്തും അച്ഛന്റെ അച്ഛന്റെ സ്ഥലം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലും . അച്ഛന്റെ അച്ഛൻ ശ്രീ കറുമ്പന്റെ ആദ്യ ഭാര്യ കൊച്ചു കുഞ്ചേക്കിയായിരുന്നു. കൊച്ചു കുഞ്ചേക്കിക്ക് നീലാംബരൻ , ദാമോദരൻ, ഗംഗാധരൻ എന്നീ ആൺ മക്കളും തങ്കമ്മ , ലക്ഷ്മി , കാർത്യായനി, ഗൗരി എന്നീ പെൺമക്കളും ആയിരുന്നു. ഇതിൽ കാർത്യായനിയും ഗാരിയും ഇരട്ട കുട്ടികളായിരുന്നു. ഇരട്ട കുട്ടികളെ പ്രസവിച്ച ഉടനേ തന്നെ കൊച്ചു കുഞ്ചക്കി അമ്മൂമ്മ മരിച്ചു. പിന്നെയാണ് അച്ഛാച്ചൻ എന്റെ അച്ഛാമ്മയായ “നീലമ്മ അമ്മു കുഞ്ഞിനെ” വിവാഹം ചെയ്യുന്നത്. കല്ലട “തോപ്പു വിള” തറവാട്ടിലെ കാരണവരായിരുന്ന “കറുമ്പൻ” എന്ന എന്റെ അച്ഛാച്ചന് ചിറക്കര ത്താഴത്ത് നാട്ടുവാഴിത്തറവാടിന്റെ കാരണവർ കൂടിയായിരുന്ന ആലുവിള “കൊച്ചു പത്മനാഭനെ” പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അനന്തരവളായ “അമ്മു കുഞ്ഞിനെ” കാരണവർ തോപ്പു വിളയിലെ കാരണവർക്ക് വിവാഹം കഴിച്ചു കൊടുത്തത്.

അമ്മുക്കുഞ്ഞ് കൊച്ചു കുഞ്ചേക്കിയുടെ മക്കൾക്ക് സ്നേഹമയിയായ കുഞ്ഞമ്മയായിരുന്നു. അച്ഛാച്ചന് അമ്മു കുഞ്ഞിൽ രണ്ടാൺമക്കൾ കൂടി ജനിച്ചു. വിദ്യാധരൻ എന്ന എന്റെ അച്ഛനും വിശ്വംഭരനും. അങ്ങനെ മഹാഭാരതത്തിലെ കുന്തിയ്ക്കും മാദ്രിയ്ക്കും കൂടി അഞ്ചാൺ മക്കൾ എന്ന് പറഞ്ഞതു പോലെ കുഞ്ചേക്കിയ്ക്കും അമ്മു കുഞ്ഞിനുമായി അഞ്ചാൺ മക്കൾ. അവരെ പഞ്ച പാണ്ഡവന്മാരെന്ന് കിഴക്കേ കല്ലടയിലെ ആളുകൾ പറഞ്ഞു പോന്നു.

എന്റെ അച്ഛാമ്മ സ്വാത്വികയും സ്നേഹമയിയുമായിരുന്നെന്ന് അച്ഛൻ പറഞ്ഞു തന്നു. രണ്ടാനമ്മ നല്ലവളുമാകാമെന്ന് എനിയ്ക്ക് മനസ്സിലായി. പിന്നീട് അച്ഛന്റെ അർദ്ധ സഹോദന്മാരേയും സഹോദരിമാരേയും പരിചയപ്പെട്ടപ്പോൾ അത് കൂടുതൽ വ്യക്തമായി . അവരുടേയും അനന്തര തലമുറകളുടേയും സ്നേഹം ഇന്നും നിലനിൽക്കുന്നു. പിന്നെയുള്ള ഓരോ ദിവസങ്ങളിലും അച്ഛന്റെ ബന്ധുക്കളെ കുറിച്ച് ഞാൻ അച്ഛനോട് ചോദിക്കുമായിരുന്നു. അച്ഛൻ അതെല്ലാം പറഞ്ഞു തരും. അച്ഛാമ്മ വെളുത്ത് മെലിഞ്ഞ് ബോബ് ചെയ്ത മുടിയുള്ള സാമാന്യം നല്ല സൗന്ദര്യമുള്ള സ്ത്രീയായിരുന്നെന്നാണ് അച്ചന്റെ വർണ്ണനയിൽ നിന്നും എനിയ്ക്ക് മനസ്സിലായത്. അന്നുമുതൽ ഒരു ഫോട്ടോ പോലുമില്ലാതെ എന്റെ അച്ഛാമ്മയെ ഞാൻ മനസ്സിൽ കണ്ടു. അവരോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഞാൻ ജനിക്കുന്നതിനും 23 വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ അവരുടെ ഏകദേശ ചിത്രം എന്റെ മനസ്സിൽ പൂർത്തിയാക്കാൻ സാധിച്ചത് ശ്രീമതി അമ്മു കുഞ്ഞിന്റെ ചേച്ചി കുഴുപ്പിൽ കാർത്ത്യായനി അച്ചാമ്മയേയും അനുജത്തി കീഴതിൽ ലക്ഷ്മി അച്ഛാമ്മയേയും പിന്നീട് കണ്ടപ്പോഴാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്