ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമേരിക്കയിലും യുകെയിലും തൊണ്ടയിലെ ക്യാൻസർ വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ഇതിന് പ്രധാന കാരണമായി മെഡിക്കൽ വിദഗ്ധർ ഓറൽ സെക്സിനെയാണ് ചൂണ്ടികാണിക്കുന്നത്. തൊണ്ടയിലെ കാൻസർ കേസുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) കാരണമാകുന്നു എന്നും, ഒന്നിലധികം ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് തൊണ്ടയിലെ ക്യാൻസർ വരാനുള്ള സാധ്യത ഒമ്പത് മടങ്ങ് കൂടുതലാണെന്നും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഡോ. ഹിഷാം മെഹന്ന പറയുന്നു.

രോഗത്തെ പ്രതിരോധിക്കാൻ ആധുനിക സജ്ജീകരണങ്ങൾ എല്ലാം രാജ്യത്ത് ലഭ്യമാണ്. എന്നാൽ പ്രധാനമായും ഒരു വാക്‌സിൻ HPV ക്ക് എതിരെ ഉണ്ട്. എന്നാൽ 54 ശതമാനം അമേരിക്കക്കാർക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളൂ എന്നുള്ളതാണ് വസ്തുത. അതായത് ജനസംഖ്യയുടെ 80 ശതമാനത്തിൽ താഴെ മാത്രം.1999 മുതൽ യുഎസിൽ തൊണ്ടയിലെ ക്യാൻസർ കേസുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളിൽ ഇത് പ്രതിവർഷം ഒരു ശതമാനവും പുരുഷന്മാരിൽ മൂന്ന് ശതമാനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതലാണ് ഓറോഫറിൻജിയൽ ക്യാൻസർ വരാനുള്ള സാധ്യതയെന്നും പഠനം പറയുന്നു.

‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പടിഞ്ഞാറൻ രാജ്യങ്ങളിൽ തൊണ്ടയിലെ ക്യാൻസർ അതിവേഗം വർദ്ധിക്കുന്നു. ചിലർ അതിനെ പകർച്ചവ്യാധി എന്നാണ് ഇപ്പോൾ തന്നെ വിളിക്കുന്നത്. ‘ഓറോഫറിൻജിയൽ ക്യാൻസർ എന്നറിയപ്പെടുന്ന രോഗത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത് എന്ന് ഇത് വ്യക്തമാക്കുന്നത്. ഇത് ടോൺസിലുകളിലും തൊണ്ടയുടെ പിൻഭാഗത്തുമാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം വ്യാപിക്കുന്നതിനുള്ള ഏറ്റവും വലിയ അപകട ഘടകമായി ഡോക്ടർമാർ HPV അണുബാധയെ കണക്കാക്കുന്നു’ – ഡോ മെഹന്നാ വ്യക്തമാക്കി. ഡോ ഹിഷാം മെഹന്ന യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ സർജനാണ്. 10,000 ത്തിലധികം ജീവനുകൾ ഓറോഫറിംഗിയൽ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.