ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചരിത്രത്തിലെ ഏറ്റവും വലിയ നേഴ്സിങ് സമരമാണ് ഇന്ന് എൻഎച്ച്എസിൽ അരങ്ങേറുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ നേഴ്സുമാർ ഇന്ന് രാവിലെ 8 മണി മുതൽ സമരത്തിൽ പങ്കെടുക്കും. ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഇന്നത്തെ സമരം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കാണ് നേഴ്സുമാർ സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സിങ് യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങളോട് തികച്ചും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് സ്വീകരിച്ചിരിക്കുന്നത്. ശമ്പള വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാൻ മന്ത്രിമാർ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരുടെ മുന്നിൽ സമരമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. എന്നാൽ 19 % ശമ്പള വർദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യം താങ്ങാനാവുന്നതല്ലെന്നാണ് ഗവൺമെന്റിന്റെ വാദം.

യുകെയിലേക്ക് കുടിയേറിയ മലയാളികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് . അതുകൊണ്ടുതന്നെ സമരത്തിൻറെ മുന്നണി പോരാളികളായി ഒട്ടേറെ യു കെ മലയാളികളും രംഗത്തുണ്ട്. ഇന്നത്തെ സമരത്തിന് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 20-ാം തീയതി രണ്ടാംഘട്ട സമരവുമായി മുന്നോട്ടു പോകുമെന്ന് നേഴ്സിങ് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്