കഴി 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 നിരീക്ഷണ സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. മൂന്നാർ ഉൾപ്പെടെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി മേഖലകളിൽ യുവി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി ഇൻഡക്സ് 8 മുതൽ 10 വരെ എത്തിയ സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിർദേശം.
കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ രേഖപ്പെടുത്തിയതിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ അനുഭവപ്പെടുന്നത്. തുടർച്ചയായി സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ-നേത്ര രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം. പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണെന്ന് നിർദേശം. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ യുവി പ്രതിഫലനം കൂടുതലായിരിക്കാമെന്നും മേഘങ്ങളില്ലാത്ത ആകാശം പോലും ഉയർന്ന യുവി സൂചികയ്ക്ക് ഇടയാക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടി.











Leave a Reply