സംസ്ഥാനത്ത് ഇന്നും വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
തുടർച്ചയായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള-കർണാടക തീരത്തിന് സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. അതുപോലെ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രവചനം.
ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കണമെന്നും, ഇടിമിന്നൽ സമയത്ത് കെട്ടിടങ്ങൾക്കുള്ളിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാനും ഉടൻ വൈദ്യസഹായം ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനാൽ, അണക്കെട്ടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയും പരമാവധി ജാഗ്രത പാലിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Leave a Reply