യുകെയില്‍ അവയവ മാറ്റങ്ങള്‍ക്കായി തയ്യാറാക്കിയ ഓര്‍ഗന്‍ ഡോണര്‍ ബില്‍ നിയമമാകുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ക്കു വേണ്ടി തയ്യാറാക്കിയ ബില്‍ കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ നിയമമായി മാറുമെന്ന് ക്യാംപെയിനര്‍മാര്‍ അറിയിച്ചു. ബില്‍ രാജ്ഞിയുടെ അനുമതി ലഭിക്കുന്നതിനു മുമ്പായുള്ള അവസാന ഘട്ടത്തിലാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടി കൂടി കഴിഞ്ഞാല്‍ അവസാന കടമ്പയും പൂര്‍ത്തിയാകും. മിറര്‍ ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാംപെയിനാണ് ബില്‍ നിയമമാകുന്നതിനു പിന്നില്‍. ഈ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച ക്യാംപെയിനര്‍മാര്‍ എന്നാല്‍ ഏറ്റവും അധ്വാനം വേണ്ടിവരുന്ന ജോലി ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും അറിയിക്കുന്നു. അവയവദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 18 മില്യന്‍ പൗണ്ടിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ക്യാംപെയിനും ഇതിന്റെ ഭാഗമായി നടക്കും.

11 കാരനായ ഹൃദയ സ്വീകര്‍ത്താവ് മാക്‌സ് ജോണ്‍സണ്‍, ഹൃദയം ദാനം ചെയ്ത 9 വയസുകാരിയായ കെയ്‌റ ബോള്‍ എന്നിവരുടെ പേരിലാണ് നിയമം നിലവില്‍ വരിക. മാക്‌സ് ആന്‍ഡ് കെയ്‌റാസ് ലോ എന്നാണ് ഇതിന്റെ പേര്. അവയവ ദാനത്തിലൂടെ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ജൂലൈയിലുണ്ടായ കാറപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കെയ്‌റയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അവയവദാനത്തിനായുള്ള നിയമത്തെ അതിശയകരം എന്നായിരുന്ന കെയ്‌റയുടെ പിതാവ് ജോ വിശേഷിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിലുള്ള മഹത്തായ ഒരു ദൗത്യത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് മാക്‌സിന്റെ പിതാവ് വിന്‍സ്‌ഫോര്‍ഡ് പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ 280ഓളം പേരെ അധികമായി അവയവ ദാതാക്കളായി ലഭിക്കുകയും 700ഓളം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.